മായാമാളവ ഗൗള

Submitted by soyasunil on Tue, 02/17/2009 - 10:43

രാഗമാലിക -1
               
മായാമാളവ ഗൗള

72 മേളകർത്താരാഗങ്ങളിൽ 15-ആമത്തെ മേളകർത്താരാഗമാണ്  മായാമാളവ ഗൗള.
 കർണ്ണാടക സംഗീതവിദ്യാർത്ഥികൾ ഒരുപാട്കാലമായി പ്രാഥമിക സംഗീതപഠനം നടത്തുന്നത്‌ മായാമാളവഗൗള എന്ന രാഗത്തിലൂടെയാണ്. പുരന്ദരദാസരുടെ കാലത്താണ് ഈ രാഗം പ്രാഥമിക സംഗീതപഠനത്തിന് അടിസ്ഥാനരാഗമായി അംഗീകരിക്കപ്പെട്ടത്. ശുദ്ധസ്വരങ്ങൾ മാത്രമുള്ള ഒരു രാഗമായതിനാലും, പുരന്ദര ദാസരുടെ കാലത്ത് പ്രാമുഖ്യം ഉണ്ടായിരുന്ന കൃതികളിൽ ഈ രാഗവും, അതിന്റെ ജന്യ രാഗങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതും എല്ലാം ഇതിനു കാരണമായിരിക്കാം. ഈ രാഗത്തിൽ അചലസ്വരങ്ങളും, ഗമകസ്വരങ്ങളും, ജണ്ടധാട്ടു പ്രയോഗങ്ങളും നിഷ്പ്രയാസം പ്രകടിപ്പിക്കാൻ കഴിയുമെന്നുള്ളതു കൊണ്ടുമാണ് ഇത് അടിസ്ഥാനരാഗമായി ഉപയോഗിച്ചു വരുന്നതെന്നു ദക്ഷിണേന്ത്യൻ സംഗീതമെന്ന പുസ്തകത്തിൽ എ.കെ രവീന്ദ്രനാഥ് സൂചിപ്പിക്കുന്നു. മേള കർത്താപദ്ധതി നിലവിൽ വരുന്നതിന്നു മുൻപ് ഈ രാഗം  'മാളവ ഗൗള' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നെ കടപയാദി സൂത്രമനുസരിച്ച് ക്രമസംഖ്യാ നിർണ്ണയത്തിനു വേണ്ടി 'മാ', 'യാ' എന്ന രണ്ടക്ഷരങ്ങൾ കൂട്ടിചേർത്തതോടെ ഈ രാഗം "മായാ മാളവ ഗൗള" എന്നറിയപ്പെടാൻ തുടങ്ങി.

സമ്പൂർണ്ണമായ ആരോഹണാവരോഹണങ്ങൾ.
 

ആരോഹണം: സ രി ഗ മ പ ധ നി സ
അവരോഹണം:സ നി ധ പ മ ഗ രി സ

സ്വരസ്ഥാനങ്ങൾ:
 

ഷഡ്ജം, ശുദ്ധരിഷഭം, അന്തരഗാന്ധാരം,ശുദ്ധമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം,കാകലിനിഷാദം.

ഈ രാഗത്തിന്റെ ജീവസ്വരങ്ങൾ എന്നു പറയുന്നത് ഗാന്ധാരവും, നിഷാദവുമാണ്..ശാന്തരസം ഉളവാക്കുന്ന ഒരു രാഗമാണ് ഇത്.ഈ രാഗം ഏതു സമയത്തും പാടാവുന്നതാണെങ്കിലും ദിവസത്തിന്റെ ആദ്യയാമത്തിൽ പാടുമ്പോഴാണ് കൂടുതൽ ശോഭിക്കുന്നതെന്ന് സംഗീത വിദുഷികൾ അവകാശപ്പെടുന്നു. ഷഡ്ജത്തിൽ നിന്നാണ്ഈ രാഗത്തിലുള്ള ഒട്ടുമിക്ക കൃതികളും ആരംഭിക്കുന്നത്.ഹിന്ദുസ്ഥാനീ സംഗീതത്തിലെ ' ഭൈരവ്' ഈ രാഗത്തിനു സമാനമായ രാഗമാണ്.പൗരാണിക രാഗങ്ങളിൽപ്പെട്ട ഒരു രാഗം കൂടിയാണിത്. കഥകളിയിൽ ഈ രാഗത്തിനോട് ഏകദേശം സമാനമായി വരുന്ന രാഗമാണ് നാഥനാമക്രിയ.  ഗൗള, മലഹരി, രേവഗുപ്തി, സവേരി എന്നീ രാഗങ്ങൾ മായാമാളവഗൗളയുടെ ചില ജന്യരാഗങ്ങളാണ്.
 
ഈ രാഗത്തിലെ പ്രധാനപ്പെട്ട ചില കൃതികൾ:

1: രവികോടിതേജ ---- ലക്ഷണ ഗീതം ---- വെങ്കിടമഖി
2: സരസിജനാഭ മുരാരേ ------- ആദിതാള വർണ്ണം --- സ്വാതിതിരുന്നാൾ
3: മേരുസമാന ---ആദി ---ത്യാഗരാജസ്വാമി
4: ദേവ ദേവ  --- രൂപകം ---സ്വാതി തിരുന്നാൾ
5: മായാതീതസ്വരൂപിണീ -- രൂപകം -- പൊന്നയ്യ പിള്ള
6: ശ്രീ നാഥാദി ഗുരുഗുഹോ -- ആദി ---  മുത്തുസ്വാമി ദീക്ഷിതർ
7: ഉൻപാദമേ -- ആദി ---- പാപനാശം ശിവൻ
8: തുളസീദള മുലചേ ----- രൂപകം ---- ത്യാഗരാജസ്വാമി

ഈ രാഗത്തിൽ വരുന്ന ചില കഥകളിപ്പദങ്ങൾ:

കാരുണ്യാനിധേ കാന്താ ----- കുചേലവൃത്തം
സ്വൽപ പുണ്യയായേൻ ---- നളചരിതം  നാലാം ദിവസം
സഖിമാരേ നമുക്കു ----- നളചരിതം ഒന്നാം ദിവസം
മാനവേന്ദ്ര കുമാര പാലയ ----- ഉത്തരാ സ്വയംവരം

സിനിമാ ഗാനങ്ങൾ

രാജമാതംഗി പാർവ്വതി  (ഭരതം)
പവനരച്ചെഴുതുന്നു കോലങ്ങളെന്നും  (വിയറ്റ്നാം കോളനി)
കുയില പുടിച്ച്കൂട്ടിലടച്ച്  (ചിന്നതമ്പി)
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി  (പൊന്മുടിപുഴയോരത്ത്)

ഈ രാഗത്തിലെ എല്ലാവരും ധാരാളം കേട്ടിട്ടുള്ള ഒരു കീർത്തനവും,

അതിന്റെ എകദേശ അർത്ഥവും കൂടി താഴെ ചേർക്കുന്നു.

ദേവ ദേവ കലയാമിതേ  ---- രൂപക താളം --- സ്വാതി തിരുന്നാൾ കൃതി

 

പല്ലവി

ദേവ ദേവ കലയാമിതേ
ചരണാംബുജ സേവ നം

അനുപല്ലവി

ഭുവനത്രയ നായകാ
ഭൂരികരുണയാമമ
ഭവതാപമാഖിലം
വാരായ രമാകാന്ത

ചരണം 1

പരമഹംസാളിഗേയ പവിത്ര തര ഘോര ദുരത ചരിതദിന മനു ശ്രവണനിരത-
പര ജനനികര കാമിതാർത്ഥ പരിപൂരണ ലോലുപ ഭൂരി മനോഞ്ജപാംഗ

ചരണം 2

വാരണ ദുസ്സഹാരി വാരണ ബഹു നിപുണ പുരുഹു താമര പൂജിത ഭവ്യ ചരണയുഗ-
വിരചയ ശുഭമയി വിഷദനാഭിജാത ഭാരതീശകൃതനുതി പരമ തുഷ്ട ഭഗവാൻ

ചരണം 3

ജാതരൂപ നിഭചേല
ജന്മാർജ്ജിത മമാഖില
പാതകസഞ്ജയാമിഹ
വാരായാ കരുണയാ
ദിതി ജാളിവിദളനാ
ദീനബന്ധോ മാമവ
ശ്രിതവിബുധ ജാലശ്രീ
പദ്മനാഭ ശൗരേ

അല്ലയോ ദേവന്മാർക്കും ദേവനായുള്ളവനേ,ഞാൻ അങ്ങയുടെ താമരപൂ പോലുള്ള ചരണങ്ങളെ സേവിക്കുന്നു.(പൂജിക്കുന്നു).മൂന്നുലോകങ്ങളേയും നയിക്കുന്നവനേ,ഏറ്റവും കരുണയോടെ  എന്റെ സം്സാര ദു:ഖം മുഴുവനും ഇല്ലാതാക്കണേ ലക്ഷ്മീ വല്ലഭ. ശരീരം സ്വീകരിച്ചവനേ , ഏറ്റവും ശോഭയുള്ളവനേ,ജന്മങ്ങളിലൂടെ സമ്പാദിച്ച എന്റെ എല്ലാ പാപ സമൂഹങ്ങളേയും ഇവിടെ കരുണയോടു കൂടി ഇല്ലാതാക്കണമേ.അസുരവംശത്തെ നശിപ്പിച്ചവനേ,വലയുന്ന വാക്ക്ആശ്രയമായുള്ളവനേ,ദേവ സമൂഹത്താൽ ആശ്രയിക്കപ്പെട്ടവനേ,ശ്രീ പദ്മനാഭ, ശൗരേ എന്നെ രക്ഷിക്കേണമേ. ( എകദേശ അർത്ഥമാണ്. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ )