എനിക്ക് കെ ആർ വിജയയെ വിവാഹം കഴിക്കണം

Submitted by Achinthya on Sun, 01/23/2011 - 14:38

വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു നുറുങ്ങുകളായി ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുകയാണ്.പത്മരാജൻ അനുസ്മരണത്തോടനുബന്ധിച്ച ഇത്തവണത്തെ നുറുങ്ങുകൾക്ക് കടപ്പെട്ടിരിക്കുന്നത് ശ്രീ.രാജേഷ് മേനോൻ സംവിധാനം ചെയ്ത “കടൽക്കാറ്റിലൊരു ദൂത്“ എന്ന ഹ്രസ്വചിത്രത്തിനാണ്. ഇത് തയ്യാറാക്കിയ അചിന്ത്യാമ്മക്കും.

 





ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ ബാക്കി വെയ്ക്കുന്ന അടയാളങ്ങളിലൂടെയാണ് ഒരാൾ മരണത്തെ തോല്പ്പിക്കുന്നത്. കൂട്ടായവരുടെ ഓർമ്മകളിൽ പത്മരാജൻ



(രാധാലക്ഷ്മി- പത്മരാജന്റെ ഭാര്യ)

ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞങ്ങൾ മൂന്ന് അനൌൺസർമാരാണ്‌ പ്രധാനമായി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഞങ്ങൾ പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന സമയങ്ങൾ ധാരാളമായിരുന്നു. അദ്ദേഹം അധികം സംസാരിക്കുമായിരുന്നില്ല. ആ കർമ്മം പ്രധാനമായും ഞാനാണ്‌ നിർവ്വഹിച്ചിരുന്നത്. ഞാൻ പറയുന്നതെല്ലാം ക്ഷമയോടെ, ശ്രദ്ധയോടെ കേൾക്കും. ഇടയ്ക്ക് ഓരോ ചോദ്യങ്ങളിങ്ങനെ ഇട്ടു തരും. എന്റെ ഓരോ വാക്കും ഒരു ബ്ലോട്ടിംഗ് പേപ്പർ പോലെ അദ്ദേഹം ഒപ്പിയെടുക്കുകയായിരുന്നു എന്ന് ഞാനന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ഞാൻ ആകാശവാണിയിൽ നിന്നും രാജി വെച്ച് എന്റെ വീട്ടിലേയ്ക്ക് പോയതിനു ശേഷമാണ്‌ പത്മരാജന്റെ കഥകൾ ആനുകാലികങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പലതും ഞങ്ങളുടെ ആകാശവാണിക്കാലത്തെ സംഭാഷണങ്ങളുടെ കഥാരൂപങ്ങളായിരുന്നു. ആ കഥകൾ കണ്ടപ്പോൾ സ്വാഭാവികമായും എനിക്ക് അത്ഭുതവും എന്റെ വീട്ടിൽ പ്രശ്നങ്ങളും ഏറെയുണ്ടായി. അറിയാതെയെങ്കിലും ഞാൻ അദ്ദേഹത്തിന്റെ കഥകൾക്ക് പ്രചോദനമായത് ഇങ്ങനെയാണ്‌.



(ഉണ്ണി മേനോൻ- പത്മരാജന്റെ സുഹൃത്ത്- തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടിയിലെ ജയകഷ്ണൻ)

 അന്നൊക്കെ ആകാശവാണിയിലെ ഏറ്റവും ജനപ്രിയപരിപാടികളിലൊന്നായിരുന്നു “നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ”. അതിലൊക്കെ പേർ അനൗൺസ് ചെയ്യപ്പെടുക എന്നൊക്കെ പറഞ്ഞാൽ വല്യേ ഗമയായിരുന്നു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന പത്മരാജൻ ചില അറുബോറൻ പാട്ടുകൾ വെയ്ക്കും എന്നിട്ട് ഈ ഗാനം ആവശ്യപ്പെട്ടത് ഉണ്ണി മേനോൻ എന്ന് അനൗൺസ് ചെയ്യും. നമുക്കതൊക്കെ വല്ലാത്ത കുറച്ചിലാണ്‌. ഇതിനു പകരം എന്തെങ്കിലും കൊടുക്കണ്ടേ? ഞാൻ ഉടനെ അന്നത്തെ മാസികകളിലേയ്ക്കോ പത്രങ്ങളിലേയ്ക്കോ പത്മരാജന്റെ പേരിൽ കത്തയയ്ക്കും- “എനിക്ക്  കെ ആർ വിജയയെ വിവാഹം കഴിക്കണം എന്നുണ്ട്. ഞാനെന്തു ചെയ്യണം പത്രാധിപരേ? - പി പത്മരാജൻ” എന്ന്.



(എൻ എൽ ബാലകൃഷ്ണൻ)

എന്റെ മകളുടെ കല്യാണത്തിന്റെ സമയം. നായാപ്പൈസ കയ്യിലില്ല. ബാലചന്ദ്രൻ ചുള്ളിക്കാടാണ്‌ പറഞ്ഞത് നമ്മുടെ കൂട്ടുകാരോട് ചോദിക്കാം എന്ന്. നമ്പൂതിരി ഡിസൈൻ ചെയ്തു തന്ന കല്യാണക്കുറിയുമായി ഞാൻ പത്മരാജനെ കാണാൻ പോകുമ്പോൾ അദ്ദേഹം ലൊക്കേഷനിലായിരുന്നു. കല്യാണക്കുറിയിലേയ്ക്കൊന്ന് കണ്ണോടിച്ച് അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു- “എങ്ങനെ നടത്തും കല്യാണം?” “എങ്ങനെയെങ്കിലുമൊക്കെ നടക്കും”- ഞാൻ പറഞ്ഞു. കുറി മടക്കി പോക്കറ്റിലിട്ട് അദ്ദേഹം ഉടൻ തന്നെ ഒരു ചെക്ക്ലീഫെടുത്ത് അതിലൊപ്പിട്ട് എന്റെ കയ്യിൽ തന്ന് പറഞ്ഞു- “മഷി മാറണ്ട”. അതൊരു ബ്ലാങ്ക് ചെക്കായിരുന്നു.



(ഉണ്ണി മേനൊൻ- പത്മരാജന്റെ സുഹൃത്ത്- തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടിയിലെ ജയകഷ്ണൻ)

ഒരിക്കൽ പത്മരാജൻ തനിക്കൊരു പ്രണയമുള്ളതായി
എന്നൊട് പറഞ്ഞു. ഞാനാണെങ്കി ഒരു കുട്ടിയുമായി സ്കൂൾ  മുതൽ പ്രണയത്തിലാണ്‌. അതുകൊണ്ട് പ്രണയകാര്യങ്ങളിൽ സീനിയറായ എന്നോട് പത്മരാജൻ പലപ്പോഴും തന്റെ പ്രശ്നങ്ങൾ പറയാറും ഉപദേശങ്ങൾ ചോദിക്കാറുമുണ്ടായിരുന്നു. പത്മരാജന്റെ പ്രണയം വീട്ടിൽ അറിഞ്ഞ്, പെൺകുട്ടിയുടെ വീട്ടുകാർ ആ കുട്ടിയെക്കൊണ്ട് ജോലി രാജി വെപ്പിച്ച് നാട്ടിലേയ്ക്ക് കൊണ്ടുപോയതൊക്കെ പത്മരാജന്‌ ഏറെ വിഷമമുണ്ടാക്കി. ഈ സമയത്ത് ഞാൻ ധാരാളം ഉപദേശങ്ങൾ- പലപ്പോഴും അന്നത്തെ എന്റെ അറിവില്ലായ്മ കൊണ്ട് തെറ്റായവ അദ്ദേഹത്തിന്‌ കൊടുത്തിരുന്നു. മദ്യപിച്ച് റൌഡി മട്ടിലൊക്കെ നമ്മൾ നടന്നാൽ ഈ എതിർക്കുന്നവരെയൊക്കെ ഒരളവു വരെ നമുക്ക് തടുക്കാൻ പറ്റും എന്നൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. ഇക്കാര്യത്തിൽ പത്മരാജൻ സംശയം പ്രകടിപ്പിക്കാതിരുന്നില്ല. എങ്കിലും പിന്നീട് ഞാൻ പറഞ്ഞ പ്രകാരം അദ്ദേഹം ഒരു വില്ലൻ മട്ടിലൊക്കെയാണ്‌ നടന്നിരുന്നത്. അതിനാൽ ആകാശവാണിയിലൊക്കെ അദ്ദേഹത്തിനൊരു വില്ലൻ ഇമേജായിരുന്നു കുറേക്കാലം. സത്യത്തിൽ തികച്ചും ശുദ്ധനായിരുന്നു പത്മരാജൻ.

 

(ആർട്ടിസ്റ്റ് നമ്പൂതിരി)

ഒരു ദിവസം പത്മരാജൻന്റെ ഒരു ഫോൺകോൾ വന്നു. ഒന്നു കാണണമല്ലോ. കണ്ടപ്പോൾ അദ്ദേഹം തന്റെ ആവശ്യം പറഞ്ഞു- തന്റെ പുതിയ പടത്തിനായി ഗന്ധർവ്വന്‌ ഒരു രൂപവും ആഹാര്യവും വേണം. ഇത്രയും കാലം മലയാള സിനിമകളിൽ കണ്ട ഗന്ധർവ്വനല്ല. അതിൽ നിന്നും വ്യത്യസ്തനായവൻ- ഭൂമിയിൽ കാലുകുത്താത്തവൻ- ആകാശചാരിയായ ഗായകൻ. ഉറപ്പു പറയാമെങ്കിലും ശ്രമിക്കാമെന്ന് ഞാൻ പറഞ്ഞു. ഗന്ധർവ്വൻ എന്ന സങ്കല്പം എനിക്കും വ്യക്തമായിരുന്നില്ല. എങ്കിലും കോഴിക്കോട് തിരിച്ചെത്തി ഞാൻ എന്റെ സങ്കല്പ്പത്തിൽ നിന്നും ചില ചിത്രങ്ങൾ വരച്ചു. സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കിരീടത്തിന്റെ ഒരു സജഷൻ മാത്രം അണിയുന്ന, ആകാശചാരിയെന്ന് കാണിക്കാൻ പാറിപ്പറക്കുന്ന വസ്ത്രത്തലപ്പുകളുമായി ഒരു ഗന്ധർവ്വൻ. പത്മരാജന്‌ ഇത് ഒരുപാടിഷ്ടപ്പെട്ടു. ആ ചിത്രത്തിനു വേണ്ടിത്തന്നെ ഗന്ധർവ്വന്റെ ഒരു ശില്പം ചന്ദനത്തിൽ തീർത്തുകൊടുത്തു ഞാൻ. ആ ചിത്രത്തിൽ ഗന്ധർവ്വന്റെ സാന്നിദ്ധ്യം തുടങ്ങുന്നത് ആ ശില്പ്പത്തിൽ നിന്നാണ്‌.



(എം ടി വാസുദേവൻ നായർ)


തന്റെ കുടുംബത്തിലെ പുരുഷന്മാർ അല്പ്പായുസ്സുകളാണെന്ന് പത്മരാജൻ ഉറച്ച് വിശ്വസിച്ചിരുന്നു. ഈ ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഒരിക്കൽ എനിക്കിതേക്കുറിച്ച് എഴുതിയപ്പോൾ ഇത്തരം കഥകൾ എല്ലാ പഴയ തറവാടുകളിലും ഉണ്ടെന്നും അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്നും ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.



Article Tags
Contributors