മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും.നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.ഇത്തവണ ഇവർക്കൊരു കൂട്ടാളി കൂടെയുണ്ട് .സ്വപ്നാടകൻ എന്ന രാഗേഷ്..!
സംശയാലു
എറണാകുളം മഹാരാജാസ് കോളേജിന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് വിശന്നു കൊണ്ട് ഒരാള്‍ പ്രവേശിക്കുന്നു.. റമ്മി കളിച്ചു കൊണ്ടിരുന്ന കുട്ടികൾ അനുതാപത്തോടെ തങ്ങളുടെ ചോറ് പങ്ക് വച്ചു. ആകെ ഉലഞ്ഞ ആ മനുഷ്യനോട് അവര്‍ കൌതുകത്തോടെ ചോദിച്ചു.. എന്തൊക്കെ ജോലി അറിയാം ?. 'ഞാന്‍ പാടും..' ഉത്സാഹത്തോടെ അയാള്‍ പറഞ്ഞു.. എന്നാലതൊന്നു കേള്‍ക്കണമെന്നായി കുട്ടികള്‍.. പഴയ പാട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്.. അനുപമമായ സ്വരമാധുരി.. പിന്നെയും പിന്നെയും പാടാനുള്ള ആവശ്യം അയാള്‍ നിരാകരിച്ചില്ല.. ഉണ്ട ചോറിനുള്ള നന്ദി ആയിരുന്നില്ല.. സ്വയം മറന്നുള്ള ആലാപനമായിരുന്നു.. പാടുന്ന പാട്ടെല്ലാം മെഹബൂബിന്റേത്.. അതു തിരിച്ചറിഞ്ഞ ഒരുവന്‍ ചോദിച്ചു.. മെഹബൂബിന്റെ പാട്ട് മാത്രം പാടുന്നതെന്താ ? യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകൾ പാടിക്കൂടെ...? അയാൾ ചിരിച്ചു.. എന്റെ പാട്ടുകളെ ഞാൻ പാടാറുള്ളൂ... എങ്കിലേ പാട്ടിന് ആത്മാവുണ്ടാകൂ.. കുട്ടികളുടെ മുഖത്തൽപ്പം പുച്ഛം പടർന്നിരിക്കണം.. സ്വന്തം പാട്ടുകളേ പാടൂ എന്നു പറഞ്ഞൊരാൾ മെഹബൂബിന്റെ പാട്ടുകൾ പാടുന്നു.... മെഹബൂബിന്റെ പാട്ടുകളെങ്ങനെ നിങ്ങളുടേതാകും? ചോദ്യത്തിനു മുമ്പിൽ കുഴങ്ങാതെ ഒട്ടൊരു അഭിമാനത്തോടെ അയാൾ പറഞ്ഞു... ഞാനാണു മക്കളേ മെഹബൂബ്.. എന്റെ സ്വന്തം പാട്ടുകാളാണു ഞാൻ പാടിയത്...!!
എല്‍.പി.ആര്‍ വര്‍മ്മ കെ.പി.എ.സി.-ക്ക് വേണ്ടി സംഗീതം ചെയ്യുന്ന ആദ്യത്തെ നാടകം "ശരശയ്യ" ആയിരുന്നു.. വയലാറിന്റെ വരികള്‍..1964 നവംബര്‍ 5 ന് ഉത്ഘാടനം ചെയ്യപ്പെട്ട ആ നാടകത്തിലെ പാട്ടുകള്‍ എല്ലാം തന്നെ പ്രസിദ്ധങ്ങളായി...കുരുക്ഷേത്രഭൂമി, പമ്പയുടെ തീരത്ത്, തനിച്ചിരുന്നു തക്കിളി നൂല്ക്കും, പൂക്കളെനിക്കിഷ്ടം പൂക്കള്‍, എന്നിവയൊക്കെ മലയാളികള്‍ ഏറ്റു പാടി...!
നാടകവും പത്രപ്രവര്‍ത്തനവും എം.എല്‍.എ. ജോലിയും രാഷ്ട്രീയപ്രവര്‍ത്തനവുമായി വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതിനാല്‍ കാമ്പിശ്ശേരി കരുണാകരന്റെ ആരോഗ്യസ്ഥിതി വഷളായി.. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നാടകരംഗം കുറച്ച് കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു.. കാമ്പിശ്ശേരി അഭിനയിച്ചിരുന്ന "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിലെ പരമു പിള്ളയെ അവതരിപ്പിക്കാന്‍ സാക്ഷാല്‍ പി.ജെ ആന്റണി കെ.പി.എ.സി.-യില്‍ എത്തി.. ആരോടും തന്റെ അഭിപ്രായം തുറന്നുപറയാന്‍ മടിക്കാത്ത പ്രത്യേക സ്വഭാവവിശേഷത്തിനുടമ..നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ റിഹേഴ്സല്‍ ആന്റണിക്ക് വേണ്ടി നടന്നു കൊണ്ടിരിക്കുമ്പോള്‍ ആന്റണിയുടെ അഭിനയം കണ്ടിട്ട് ആരോ ഒരാള്‍ കാമ്പിശ്ശേരി ഇങ്ങനെയല്ല ആ ഭാഗം അഭിനയിച്ചതെന്ന് അഭിപ്രായപ്പെട്ടു.. ഉടനെ വന്നു ആന്റണിയുടെ ഉത്തരം.. ഞാന്‍ കാമ്പിശ്ശേരിയാകണോ പരമുപിള്ളയാകണോ ??
---------------------------------------------
ജയമോഹൻ
പല ചിത്രങ്ങളും തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന താരനിര ആവില്ല തീരുമ്പോള്‍. ഇങ്ങനെ പലരും ഒഴിഞ്ഞ വേഷങ്ങള്‍ കൊണ്ട് രക്ഷപെട്ടവര്‍ ഏറെയാണ്.
ഇരുപതാം നൂറ്റാണ്ടില്‍ വില്ലന്‍ ശേഖരന്‍ കുട്ടിക്ക് ലാലു അലക്സിനെ ആയിരുന്നു തീരുമാനിച്ചത് , എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന്റെ അസൗകര്യം മൂലം സുരേഷ് ഗോപിക്ക് നറുക്ക് വീണു. അത് സുരേഷ് ഗോപിയുടെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് പറയാം.മോഹന്‍ലാല്‍ ഒഴിഞ്ഞിട്ട ചക്രം പ്രിഥ്വിരാജ് ചെയ്തു. സുരേഷ് ഗോപി വേണ്ടെന്നു വച്ച പഴശ്ശിരാജയിലെ വേഷം ശരത് കുമാറിന്റെ ആദ്യ മലയാള ചിത്രം ആയി. ഇനി വേദനിപ്പിക്കുന്ന ഒരു ഓര്‍മ കൂടി,ശിക്കാരിയില്‍ ശ്രീനാഥിനെ വേണ്ട എന്ന് തീരുമാനിച്ചത് ആരായാലും ശരി അതൊരു നീറുന്ന ഓര്‍മ ആയി കിടക്കുന്നു.റാംജിറാവിൽ സായികുമാറവതരിപ്പിച്ച ബാലകൃഷ്ണന്‍ ആയി ആദ്യം നറുക്ക് വീണത് ജയറാമിന് ആയിരുന്നു.ആ വേഷം വേണ്ടാന്ന് വച്ചത് ജയറാമിന്റെ ഏറ്റവും വല്ല്യ മണ്ടത്തരങ്ങളില്‍ പെടുത്താം .
ഗസ്സല്‍ എന്ന ചിത്രത്തിൽ വിനീതും മോഹിനിയും തമ്മില്‍ ഉള്ള ഒരു പ്രേമരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകൻ കമല്‍. അവര്‍ കെട്ടിപിടിച്ചു നില്‍ക്കുന്ന സീന്‍ കണ്ടിട്ട് ഒരു അസിസ്റ്റന്റ് പറഞ്ഞു ഞാന്‍ എന്നാണ് ഇങ്ങനെ കെട്ടി പിടിച്ചു നില്‍ക്കുക, എല്ലാവരും ചിരിച്ചു.കാര്യം അറിഞ്ഞ മോഹിനി കോപിഷ്ഠയായി.അസ്സിസ്റ്റന്റിനോട് കയര്‍ത്തു.കാലം പിന്നെയും നീങ്ങിയപ്പോൾ ആ അസ്സിസ്റ്റന്റിന്റെ നായിക ആയി മോഹിനി കെട്ടിപ്പിടിച്ചു തന്നെ അഭിനയിച്ചു.ഒന്നല്ല പല ചിത്രങ്ങള്‍.കമലിന്റെ ആ അസ്സിസ്റ്റന്റിനെ നിങ്ങള്‍ അറിയും.നമ്മുടെ അയല്‍വക്കത്തെ പയ്യന്‍ ദിലീപ് !!
ജഗതി എന്‍ കെ ആചാരി ഒരു ദിവസം “എന്റെ മകനാണ് ശരി“ എന്ന നാടകനോട്ടീസും ആയി വീട്ടില്‍ ചെന്നു. അച്ഛന്‍ ചോദിച്ചു എന്താടാ അത്.വലിയ ജഗതി പറഞ്ഞു നാടകത്തിന്റെ നോട്ടീസ് ആണ്.അച്ഛന്‍ നോട്ടീസ് വാങ്ങി നോക്കി ഇങ്ങനെ വായിച്ചു "എന്റെ മകന്‍ നാണു ആശാരി " (വലിയ ജഗതിയുടെ പണ്ട് നാനയില്‍ വന്ന ഓര്‍മ കുറിപ്പുകളില്‍ നിന്ന് )
സ്വപ്നാടകൻ
ഒരിക്കല്‍ വയലാര്‍ കോഴിക്കോട്ട്,ബാബുക്കയുടേയും(ബാബുരാജ്) സംഘത്തിന്റേയും ആതിഥ്യം സ്വീകരിക്കാനെത്തി. ബാക്കി മാമുക്കോയയുടെ വാക്കുകളില്‍
“വയലാറിനെ വരവേല്‍ക്കാന്‍ ഒരു ഉത്സാഹക്കമ്മറ്റി രൂപീകരിച്ചു,അതില് ഞാനുംണ്ടായിര്ന്ന്.കോഴിക്കോടിന്റെ കടവു കടന്നാല്‍ കൊളത്തറാന്ന് പറഞ്ഞ ഒര് സ്ഥലണ്ട്.അവിട്യായിരുന്നു പരിപാടി.നിലമ്പൂര്‍ ബാലനൊക്കെ കൂട്ടത്തിലുണ്ട്.കൂടാണ്ട് ഒരുപാട് പേര്.ബാബുക്ക പറഞ്ഞ നല്ല നാടന്‍ ചാരായം സംഘടിപ്പിച്ചിരുന്ന്‍,പിന്നെ കപ്പ പുഴുങ്ങ്യേതും മത്തിക്കറീം.വല്യ വാഴയില കീറി അതില്‍ കപ്പയും മത്തിക്കറിയും കമഴ്ത്തി.വയലാറും ബാബുക്കയും ചാരായത്തില് പിടിച്ചങ്ങ് കേറി.മത്തിക്കറീന്റെ തൊട്ടുബീത്തലും.ആകെപ്പാടെ തലേല് നിലാവുദിച്ചമാര്യായി.പതുക്കെ ബാബൂക്ക ഹാര്‍മ്മോണ്യത്തില് കൈവച്ചു.അപ്പം വന്ന വഹീന് ഒരു രാഗം വായിക്കാന്‍ തൊടങ്ങി.വയലാറിനു അതങ്ങ് പെരുത്ത് പിടിച്ചു.വയലാര്‍ മെല്ലെ ചില വരികള് മൂളിത്തൊടങ്ങി.പിന്നെ വാക്കുകള് വരിവരിയായി വരാന്‍ തൊടങ്ങി
"വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്..
വള്ളുവനാടന്‍ പെണ്ണ്......"
പിന്നീട് കാട്ടുതുളസി എന്ന സിനിമയിലുപയോഗിച്ച വളരെ പ്രശസ്തമായ ഒരു ഗാനം പിറക്കുകയായിരുന്നു അന്ന്..!
കടപ്പാട് :മാമുക്കോയ/താഹ മാടായി
ഹൃദയത്തിൽ നിന്നു വന്ന ശബ്ദം.
NURUNGUKAL. GAMBHEERAM
VERY GOOD