നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇത്തവണ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത് നമ്മുടെ സംശയാലു.. !
രാത്രി...
അന്നത്തെ രാത്രി സ്നേഹിതര്‍ക്കൊപ്പം കടപ്പുറത്ത് ധൂര്‍ത്തടിച്ച് മടങ്ങുകയായിരുന്നു മെഹബൂബ്. ഒഴിഞ്ഞ തെരുവ്.. പഴയ ഓര്‍മ്മകള്‍... ഭായ് ഒന്നും കാണുന്നില്ല.. അപ്പോള്‍ മുന്നിലൊരാള്... പിന്നാലെ വേറെയും ആള്ക്കാര്...
"ഭായ്.. ഞങ്ങള്‍ ഭായിയെ എവിടെയൊക്കെ തിരക്കിയെന്നറിയോ?"
"ങ്ങും..എന്തിന്?"
"നാളെ എന്റെ മോള്‍ടെ നിക്കാഹാ ഭായ്.. ഈ മൈലാഞ്ചി രാവില്‍ ഭായ് പാടണം..."
മൈലാഞ്ചി രാവ് നിക്കാഹിനെക്കാള് കേമമാണ് കൊച്ചിയിലെ മുസ്ലിം വീടുകളില്‍.. ഒഴിച്ചു കൂടാനാവാത്തതുമാണ് ആ സംസ്കാരം.. പാട്ടും ഒപ്പനയുമൊക്കെയായി രാവങ്ങനെ കൊഴുക്കും.. കല്യാണവീടിന്റെ മുന്നില്‍ മരത്തില്‍ കോളാമ്പി കെട്ടി പാതിരാ വരെ ഈ പാട്ടൊക്കെ മാളോരെ കേള്പ്പിക്കേം ചെയ്യും.. ഇത്തരം മെഹ്ഫിലുകളില്‍ മെഹബൂബ് ഗാനഗന്ധര്‍വ്വനായി അവതരിക്കുകയും ചെയ്യും.. എവിടെ നിക്കാഹുണ്ടോ അവിടെ മെഹബൂബ് ക്ഷണിക്കപ്പെട്ടിരിക്കും.. എങ്ങാനും ക്ഷണിക്കാന്‍ മറന്നു പോയാല്‍ കേട്ടറിഞ്ഞു മെഹബൂബ് അവിടെ ചെന്നിരിക്കും..
പരിഭവമൊന്നുമില്ലാതെ. സൈഗാളിന്റെയും റാഫിയുടെയും ആത്മയുടെയും പ്രശസ്തമായ പാട്ടുകള്‍. ഒപ്പം സ്വയമുണ്ടാക്കി പാടുന്ന പാട്ടുകള്‍. ഓരോ പാട്ടും പെയ്തൊഴിയുമ്പോള്‍ ഭായിയെ കെട്ടിപ്പുണരുന്ന ആരാധകര്‍...
ഇവിടെ നിക്കാഹ് ക്ഷണിക്കാന്‍ മറന്ന ഗൃഹനാഥന് ഭായിയോട് ക്ഷമാപണത്തോടെ പറയുകയാണ്.. "ഭായ് വന്നു പാടണം.. ഞങ്ങളുടെ ഒരാഗ്രഹമാണ്.."
"പാടിയാ ഭായിക്കെന്തു തരും..?" മെഹബൂബിന്റെ ചോദ്യം..
ആവശ്യക്കാര്‍ ഒന്നു പകച്ചു.. പ്രതിഫലത്തെ കുറിച്ച് ചിന്തയില്ലാത്ത ആളാണ് ഭായ്.. കിട്ടിയാല്‍ വാങ്ങും.. കിട്ടിയില്ലേലും രസക്കേടില്ല...
തന്റെ ഗാനം ആസ്വാദകന് നല്കുന്ന ആനന്ദമായിരുന്നു ഭായിയുടെ പ്രതിഫലം... അങ്ങനെയുള്ള ആളാണ് ചോദിക്കുന്നത്... പാടിയാല്‍ തനിക്കെന്തു തരുമെന്ന്...
അവര്‍ മറിച്ചു ചോദിച്ചു.. "ഭായിക്കെന്തു വേണം...?"
അത് മെഹബൂബിനു പെരുത്ത് ഇഷ്ടായി...
"നിങ്ങളെന്തു തരും... അത് പറയ്..."
അവര്‍ പരസ്പരം കുശുകുശുത്തു.. ഒരെത്തും പിടിയും കിട്ടാതായപ്പോള്‍ അടിയറവു പറഞ്ഞു...
"ഭായ് തീരുമാനിച്ചാ മതി.. പറയണ കായ് ഞമ്മള് തരും.."
മെഹബൂബിനു ചിരിയടക്കാന്‍ കഴിഞ്ഞില്ല... "കായോ? ആര്‍ക്ക്? എനിക്ക് കായല്ലാ, മുപ്പതു കല്യാണക്കുറികളാ വേണ്ടത്... അത് തരാന്‍ പറ്റ്വോ?അത് പറയിന്‍.."
"ഭായ് ചോദിച്ചാ മുപ്പതല്ല മുന്നൂറെണ്ണം തരാം.."
"വേണ്ടാ .മുപ്പതു മതി..."
ഭായ് കല്യാണ വീട്ടിലേക്ക് കടന്നതും പന്തലില്‍ ആരവമുയര്‍ന്നു..
ഭായ് പാടി...
മരിക്കും മുമ്പ് തമ്പുരാനെ കഹബ ഷരീഫ് കാണാന്‍ അനുഗ്രഹം നീയ് ചൊരിഞ്ഞീടണേ..
മുല്ലപ്പൂവിന്റെ മണം.. മൊഞ്ചത്തികളുടെ ചിരി.. മൈലാഞ്ചി ചുവപ്പുള്ള വിരലുകള്‍ താളം കൊട്ടി, ഉറങ്ങാതെ ഒരു രാവ് പുലരുന്നു..
പിറ്റേന്ന് കയ്യില്‍ മുപ്പതു കല്യാണക്കുറികളുമായി കടപ്പുറത്തെ ചങ്ങാതിമാര്ക്കിടയില് ഭായ് പ്രത്യക്ഷപ്പെട്ടു...
"വേഗമൊരുങ്ങണ്ണ്ടോ കല്യാണത്തിനു പോണം.."
ഒരു ചങ്ങാതി ചോദിച്ചു ആരുടെ കല്യാണം..?"
ഭായ് കല്യാണക്കുറികള്‍ വിതരണം ചെയ്തു... "ഇതാരുടെ നിക്കാഹാ ഭായ്.. വീടുകാരല്ലേ ക്ഷണിക്കേണ്ടത്..?"
"എടാ എന്റെ പെങ്ങടെ നിക്കാഹാ.. ഞാന്‍ ക്ഷണിച്ചാ എന്റെ പെങ്ങടെ നിക്കാഹിനു നിങ്ങളാരും വരില്ലേ..?" ഭായ് ഗൌരവത്തോടെ ചോദിച്ചു..
ഇതു പോലെ എത്ര എത്ര സ്നേഹ മുഹൂര്‍ത്തങ്ങള്‍..
ഒറ്റ മൈക്രോഫോണില്‍ ചുരുങ്ങിയ ഉപകരണങ്ങള്‍ കൊണ്ട് മദിരാശിയിലെ വാഹിനി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത നീലക്കുയിലിലെ പാട്ടുകള്‍ അന്നുവരെയുള്ള മലയാള ഗാന സംഗീതത്തെയാണ് തിരുത്തിയെഴുതിയത്. 54-ല്‍ തീയറ്ററുകളില്‍ നീലക്കുയില്‍ കളിക്കുമ്പോള്‍, പാട്ട് വരുമ്പോള്‍ പ്രേക്ഷകരൊന്നാകെ ആവേശത്തോടെ ഒപ്പം പാടി.. മെഴുകുതിരി കത്തിച്ചു പിടിച്ചു ചിരട്ട കൊണ്ട് മറച്ചു പാട്ടുപുസ്തകം നോക്കിയാണ് അവര്‍ ഏറ്റുപാടിയത്.. അച്ഛനേയും കൂട്ടി നീലക്കുയില്‍ കാണാന്‍ പോയപ്പോള്‍ ഉണ്ടായ ഈ അസാധാരണ അനുഭവം ഓര്‍ക്കുമ്പോള്‍ രാഘവന് മാഷുടെ കണ്ണുകള്‍ നിറയും.
സത്യന്റെ യൂണിറ്റിലെ മേക്കപ്പ്മാന് പാണ്ട്യന് വൃക്കരോഗം വന്നു. രണ്ടു വൃക്കകളും തകരാറിലായി ക്രിട്ടിക്കല്‍ ആയ അവസ്ഥ. പണം കൊടുത്താല്‍ കിഡ്നി വില്ക്കാന് തയ്യാറായി നില്ക്കുന്നവരില് നിന്നും കിഡ്നി വാങ്ങാന്‍ പാണ്ട്യന്റെ കയ്യില്‍ പണമില്ലായിരുന്നു. അങ്ങനെ ഒരു സങ്കടാവസ്ഥയില് സത്യന് ഒടുവിലിനെ വിളിക്കുന്നു.. ഞാനൊരു ഇരുപതിനായിരം തരാം.. ഒടുവില്‍ പറഞ്ഞു.. ഒടുവിലിനു നല്കാനാവുന്ന വലിയൊരു തുക. സത്യന് അപ്പോള്‍ തന്നെ ലാലിനേയും ശ്രീനിവാസനേയും വിളിച്ചു.. പാണ്ട്യന്റെ രോഗവിവരം വിശദീകരിച്ചതിനു ശേഷം ഉണ്ണിയേട്ടന് ഇരുപതിനായിരം തരാമെന്നു പറഞ്ഞിട്ടുണ്ടെന്ന വിവരവും പറഞ്ഞു. ഒടുവില്‍ കൊടുക്കുന്നതിനേക്കാള്‍ കുറഞ്ഞൊരു തുക അവര്‍ക്കൊന്നും ആലോചിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ പലരേയും വിളിച്ചു സത്യന് ആദ്യമേ ഒടുവില്‍ തരുന്ന തുക സൂചിപ്പിക്കും. എല്ലാവരും സംഭാവന നല്കി. പാണ്ട്യന്റെ കിഡ്നി മാറ്റി വച്ചു.
നടന്മാരില് ദരിദ്രനായിരുന്നു ഒടുവില്‍.
സമ്പാദിച്ചത് ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഖിച്ചു കഴിയാന്‍ വേണ്ടി അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി അദ്ദേഹം അഭിനയിച്ചു... സത്യന് ഓര്‍ക്കുന്നു.
എം ടി ഓര്‍ക്കുന്നു..
ഭാസ്കരന് മാഷ് പത്തു മിനിറ്റ് കൊണ്ട് പാട്ടെഴുതും.. മഞ്ഞണിപ്പൂനിലാവ് തൊട്ടടുത്ത മുറിയില്‍ പോയി ഒറ്റ ഇരുപ്പില്‍ എഴുതി ഞങ്ങളെ വന്നു കാണിച്ചു. അതിലെ താന്നിയൂരമ്പലത്തില്‍ കഴകക്കാരനെ പോലെ എന്ന വരി വായിച്ച് എന്നോട് ചോദിച്ചു.. "വാസൂന് തോന്നുന്നില്ലേ നാട്ടിലടുത്തെവിടെയോ ആണ് ഈ അമ്പലമെന്ന്.."അങ്ങനെയൊരു അമ്പലമോ കഴകക്കാരനോ ഇല്ല... പക്ഷേ അത്തരമൊരനുഭൂതി സൃഷ്ടിക്കുന്നതിലാണ് അദ്ദേഹത്തിന്റെ മിടുക്ക്...
മെഹ്ബൂബിന്റെ കഥകളെല്ലാം