മലയാള സിനിമയുടെ 'തന്തയുടെയും തള്ളയുടെയും' കഥയാണ് കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന് നിസംശയം പറയാം. മലയാള മണ്ണിൽ നിന്നുള്ള ആദ്യചിത്രമായ വിഗതകുമാരന്റെയും അതിലെ നായികാനായകന്റെയും കഥയാണ് സിനിമ. ആദ്യ സിനിമക്കും സിനിമക്കാർക്കും കിട്ടിയ നീണ്ടകാലത്തെ പലതരം അവഗണനയുടെ നീറുന്ന കഥയായ സെല്ലുലോയ്ഡ് എല്ലാമലയാളികളും കണ്ടിരിക്കേണ്ടത് തന്നെ.
തന്ത- ജെ.സി.ഡാനിയേൽ
ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ (ജെ.സി.ഡാനിയേൽ) 1900ൽ നെയ്യാറ്റിൻകരയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ചു. ആയോധന കലകളിലും കളരിപ്പയറ്റിലും കേമത്തം കാണിച്ചു. സിനിമയിൽ കമ്പം കയറി മദ്രാസിലേക്കും മുംബൈയിലേക്കും വണ്ടികയറി. പലരിൽ നിന്നായി കേട്ടുംകണ്ടും സിനിമ പഠിച്ചു. പുരാണകഥകൾ മാത്രം അരങ്ങേറിയിരുന്ന ഫിലിം റീലിൽ 'സോഷ്യൽ ഡ്രാമ' മാത്രമെ താൻ പകർത്തൂ എന്ന് നിശ്ചയിച്ചു.
ഒരു കുട്ടിയെ തട്ടികൊണ്ടു പോകുന്നതും വർഷങ്ങൾക്കു ശേഷം തിരിച്ചുകിട്ടുന്നതുമായ കഥയൊരുക്കി. the lost child (നഷ്ടപ്പെട്ട കുഞ്ഞ്- വിഗതകുമാരൻ) എന്ന് പേരിട്ടു. തെങ്ങുപറമ്പും സ്വത്തുവകകളും വിറ്റും കടംവാങ്ങിയും പണം സ്വരൂപിച്ചു. 'ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്' സ്റ്റുഡിയോ തുടങ്ങി. മലയാളത്തിന്റെ ആദ്യസിനിമയുടെ സംവിധാനം, നിർമ്മാണം, കഥ, എഡിറ്റിംഗ്, നായകനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ ഒരുമിച്ചാടിയ ജെ.സി.ഡാനിയേൽ അല്ലാതെ ആരാണ് മലയാളസിനിമയുടെ പിതാവ്? 1928 നവംബര്‍ 7ന് ക്യാപ്പിറ്റോള്‍ തിയേറ്ററിൽ അഭിഭാഷകൻ മള്ളൂര്‍ എസ്.ഗോവിന്ദപ്പിള്ള വിഗതകുമാരന്റെ ആദ്യപ്രദര്ശനനം ഉദ്ഘാടനം ചെയ്തു.
തള്ള- പി.കെ.റോസി
പെണ്ണുങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് വേശ്യാവൃത്തിയേക്കാൾ ഹീനമായി കാണുന്ന കാലം. തന്റെ സിനിമയിലെ നായികയായി ബോംബെക്കാരി ലാനയെ ഡാനിയേൽ കൊണ്ടുവന്നു. പക്ഷെ അവരുടെ രീതികളോട് ഒത്തുപോകുക പാടായിരുന്നു. അങ്ങനെയാണ് മലയാളിയായ നടിയെ തേടാൻ തുടങ്ങിയത്. കൂലിപ്പണിക്കാരിയും പുല്ലുകച്ചവടക്കാരിയും പുലയ സമുദായക്കാരിയും ആയ റോസമ്മ കാക്കാരിശി നാടകങ്ങളും കളിച്ചിരുന്നു. കാക്കാരിശി നാടകങ്ങളിലെ ആദ്യ സ്ത്രീനടിയാണ് റോസമ്മ. റോസമ്മയെ ജെ.സി.ഡാനിയേല്‍ പി.കെ.റോസി എന്നാക്കി വിഗതകുമാരനിലെ നായികയാക്കി.
ആദ്യനായികക്ക് അഞ്ചുരൂപയായിരുന്നു ദിവസക്കൂലി.ആദ്യപ്രദർശനത്തിൽ (നായർ) സരോജിനിയുടെ വേഷത്തില്‍ റോസിയെ കണ്ടതോടെ കൂക്കുവിളിയും ബഹളവും കല്ലേറുമുണ്ടായി. കീഴ്ജാതിക്കാരി ആയതിനാൽ ആദ്യപ്രദർശനത്തിന് തിയേറ്ററിൽ കയറ്റാതെ പുറത്ത് നിർത്തിയിരുന്ന റോസിയെ കാണികൾ കല്ലെറിഞ്ഞോടിച്ചു. വെള്ളിത്തിരയിലെ തന്റെ മുഖം പോലും കാണാനാവാതെ റോസി നാടുവിട്ടു. റോസിയെ കുറിച്ച് കമൽ പിന്നെയൊന്നും പറയുന്നില്ല. രാജമ്മാള്‍ എന്ന പേര് സ്വീകരിച്ച് ലോറിഡ്രൈവർ കേശവന്പിോള്ളയോടൊപ്പം നാഗര്കോ്വിലിനു സമീപം വർഷങ്ങളോളം റോസി ജീവിച്ചു, മലയാളത്തിലെ ആദ്യനായികയാണെന്ന് ആരെയും അറിയിക്കാതെ..
കമലിന്റെ സെല്ലുലോയ്ഡ്
പലർക്കും അറിയാവുന്ന മേൽപറഞ്ഞ തന്തയുടെയും തള്ളയുടെയും കഥ കമൽ അസലായി സ്ക്രീനിലെത്തിച്ചു. യാതൊരു മുഖവുരകളും ഇല്ലാതെ നേരിട്ട് ഡാനിയേലിന്റെ ജീവിതത്തിലേക്കാണ് കമൽ ക്യാമറ വയ്ക്കുന്നത്. ബുദ്ധിജീവി നാട്യങ്ങളില്ലാതെ, ചരിത്രകഥക്കയ്പ്പുറം നാടകീയതയില്ലാതെ, ഹൃദയസ്പർശിയായി ഡാനിയേലിനെയും വിഗതകുമാരനെയും റോസിയെയും ജാനറ്റിനെയും... കമൽ സ്ക്രീനിൽ കോറിയിടുന്നു.
'ബയോപിക്' മൂവി ആയതിനാലാവാം യാഥാർത്ഥ്യങ്ങളെ ഭാവനയുമായി കമൽ അത്രയധികം കൂട്ടിക്കുഴക്കുന്നില്ല. എല്ലാംകൊണ്ടും മലയാളത്തിലെ ദുരന്തനായകനായ ജെ.സി.ഡാനിയേലിനെയും ദുരന്തനായിക പി.കെ.റോസിയെയും അവർ നേരിട്ട ജാതീയ വേർതിരിവുകളെയും സത്യസന്ധമായി സംവിധായകൻ ആവഷ്കരിക്കുന്നു. ആദ്യകാലത്ത് ഡാനിയേലും റോസിയും നേരിട്ട അതേ വിഷജാതീയത വേഷംമാറി പിന്നെയും പിന്നെയും അവരെ പിന്തുടരുന്നുമുണ്ട്. ഒറ്റസിനിമ കൊണ്ട് പിന്നണിയിലേക്ക് മറഞ്ഞ, എല്ലാവരും മറന്ന ഡാനിയേലിനെ കണ്ടെത്തുന്നത് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന സിനിമജേർണലിസ്റ്റാണ്.
അവശനായ ഡാനിയേലിന് പെൻഷൻ അനുവദിച്ച് കിട്ടുന്നതിന് ചേലങ്ങാട്ട് കൾച്ചറൽ സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും സമീപിക്കുന്നു. പക്ഷെ ആദ്യമലയാള സിനിമ 'ബാലൻ' ആണെന്നും ഡാനിയേലിനെ അറിയില്ലെന്നും മറുപടി കിട്ടുന്നു. ജാതീയതയാണ് ഡാനിയേലിനെതിരെ കളിക്കുന്നതെന്ന് ചേലങ്ങാട് അനുമാനിക്കുന്നു. (സിനിമയിൽ മന്ത്രി, മുഖ്യമന്ത്രി എന്ന് പരാമർശിക്കുന്നതേ ഉള്ളൂ, ആരാണെന്ന് വ്യക്തമാക്കുന്ന സൂചനപോലും കമൽ തരുന്നില്ല. എങ്കിലും കാലഘട്ടത്തിന്റെ കണക്കിൽ സെക്രട്ടറി മലയാറ്റൂർ രാമകൃഷ്ണനും മന്ത്രി കെ.കരുണാകരനും ആണെന്ന് അനുമാനിക്കാം- ചേലങ്ങാട്ട് ഇക്കാര്യം പറയുന്നുമുണ്ട്. മലയാറ്റൂർ IAS ആണെങ്കിലും ഇങ്ങനൊരു പദവിയിൽ ഇരുന്നതായി പക്ഷെ അറിവില്ല !).
അഭിനേതാക്കളായ പൃഥ്വീരാജ്, ചാന്ദ്നി, ശ്രീനിവാസൻ, മംമ്ത, ശ്രീജിത് രവി, സിദ്ദിഖ്, രമേഷ് പിഷാരടി... തുടങ്ങി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം കേമമാണ്. മൂന്നുകഥാപാത്രമായി മാറുന്ന പൃഥ്വീരാജ് ശരീരശബ്ദ വ്യതിയാനങ്ങളിൽ കാണിച്ചിട്ടുള്ള മികവ് ഗംഭീരം. റഫീക്കിന്റെയും ഏങ്ങണ്ടിയൂരിന്റെയും വരികൾക്ക് എം.ജയചന്ദ്രന്റെ സംഗീതത്തിൽ സിത്താര പാടിയ 'ഏനുണ്ടേടി', വിജയലക്ഷ്മിയും ശ്രീറാമും പാടിയ 'കാറ്റേ കാറ്റേ' പാട്ടുകൾ സിനിമക്ക് ഊർജമാകുന്നുണ്ട്. വേണുവിന്റെ ഛായാഗ്രഹണം, സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും എസ്.ബി സതീഷിന്റെ വസ്ത്രാലങ്കാരവും സിനിമക്ക് ചേർന്നത് തന്നെ.
സെല്ലുലോയ്ഡിലെ പ്രോബ്ളങ്ങൾ
ജീവ-ചരിത്രമാണ് അടിസ്ഥാനമെങ്കിലും ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെ കൂടി പറയുന്നതാണ് ഈ സിനിമ. പക്ഷെ കേട്ടുകേൾവിയുടെ വായിച്ചറിവിന്റെ തലത്തിൽ നിന്നും കൂടുതൽ ക്രിയേറ്റീവ് ആയ സിനിമാറ്റിക് തലത്തിലേക്ക് കടക്കാൻ സിനിമക്കായില്ല. കഥയുടെ ആദിമധ്യാന്തം അറിയാവുന്ന കാണികളെ വിസ്മയിപ്പിക്കാൻ കഴിഞ്ഞില്ല. ചരിത്രത്തിൽ ഇല്ലാത്തതെങ്ങനെ സിനിമയിലെടുക്കും എന്നാണെങ്കിൽ Martin Scorsese സംവിധാനം ചെയ്ത, കഴിഞ്ഞവർഷം നിരവധി ഓസ്ക്കാറുകൾ നേടിയ Hugo സിനിമ കാണുന്നത് നന്നായിരിക്കും.
ജെ.സി.ഡാനിയേലിനെ മരണം വരെ പിന്തുടരുന്ന സിനിമ പക്ഷെ റോസമ്മയുടെ നാടുകടത്തലിനെ പറ്റി ഒരക്ഷരം ഉരിയാടുന്നില്ല. റോസിക്കല്ല ഡാനിയേലിനാണ് പ്രധാന്യമെന്ന് ഞായം പറയാമെങ്കിലും ആദ്യനായികക്ക് എന്തുപറ്റിയെന്ന് പറയാൻ മെനക്കെടാതിരുന്നത് നെറികേടാണ്. റോസിയുടെ മരണം വരെയുള്ള ചരിത്രവും ലഭ്യമായ സ്ഥിതിക്ക് അതുകൂടി പറയേണ്ടതായിരുന്നു.
പണിക്കൂറ തീർന്ന സിനിമ ഉരുപ്പടിയൊന്നുമല്ല സെല്ലുലോയ്ഡ്. എങ്കിലും മലയാള സിനിമക്ക് തന്തയും തള്ളയുമുണ്ടെന്ന്, അവർ ജാതീയരായി പിന്നാക്കക്കാരാണെന്ന്, അവരനുഭവിച്ച വിഷജാതീയത വേഷംമാറി 'സവാരി ഗിരിഗിരി' ചമഞ്ഞ് സജീവമാണെന്ന് സെല്ലുലോയ്ഡ് വിളംബരം ചെയ്യുന്നു.
എഴുതിയത്: പി.സനിൽകുമാർ
nalla review. like to see the