ഫെയ്സ് 2 ഫെയ്സ് - സിനിമാ റിവ്യൂ

Submitted by nanz on Sat, 12/01/2012 - 12:20
Face 2 Face poster

തോൽവിയുടെ തിരക്കഥകൾ എഴുതുന്ന താരം” എന്നായിരുന്നു മമ്മൂട്ടിയുടെ 2011-12 ലെ സിനിമകളെ വിശകലനം ചെയ്ത് ഈയടുത്ത് ‘സമകാലിക മലയാളം‘ വാരികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട്. മമ്മൂട്ടിയുടേ സമീപകാല സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാകുകയും ചെയ്യും. കച്ചവട വിജയത്തെ മാത്രം മുന്നിൽ കണ്ട് മമ്മൂട്ടി ചെയ്ത കഴിഞ്ഞ പത്തിലേറെ സിനിമകൾ ബോക്സോഫീസിൽ ദയനീയ ദുരന്തം ഏറ്റുവാങ്ങിയതും ഓർമ്മയിൽ വെക്കാൻ ഒരു കഥാപാത്രമോ സിനിമയോ പുരസ്കാരമോ ഇല്ലാത്തതും മമ്മൂട്ടി എന്ന താരത്തിനു സംഭവിച്ച വലിയ പരാജയമാണ്. ഒന്നിലേറെ ദേശീയ അവാർഡ് വാങ്ങിയ നടനാണിതെന്നോർക്കണം. സാമ്പത്തിക വിജയത്തിന്റെ കണക്കുകൂട്ടലുകളിൽ തന്റെ കഥാപാത്രത്തേയും താനഭിനയിക്കുന്ന സിനിമകളേയും തിരഞ്ഞെടുക്കുന്നതിലോ തിരഞ്ഞെടുത്തവയിൽ തന്റേതായ രൂപ പരിണാമങ്ങൾ വരുത്തിയതുകൊണ്ടോ സംഭവിക്കുന്നതാവാം. ആവർത്തിക്കുന്ന പരാജയങ്ങൾ സിനിമാ രംഗത്ത് മൂന്നു ദശാംബ്ദമായി നിൽക്കുന്ന താരത്തെ പുനർ ചിന്തനം നടത്താൻ പ്രേരിതമാക്കി എന്നു വിദൂര പ്രതീക്ഷ പോലുമില്ലാതെയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയും പുറത്ത് വന്നത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജനുസ്സിലാണ് ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം പതിവു മലയാള സിനിമയിലെപ്പോലെ ഇത്തിരി മെലോഡ്രാമ, യൂത്തിന്റെ ആഘോഷം, മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കൌമാരങ്ങൾ, നായകന്റെ മദ്യപാനവും ഉരുളക്കുപ്പേരികണക്കേയുള്ള ഡയലോഗും, പിന്നെ നായകൻ മമ്മൂട്ടിയായതുകൊണ്ട് കൂളിങ്ങ് ഗ്ലാസിനും കളർഫുൾ വസ്ത്രങ്ങൾക്കും കുറവില്ല.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തുന്നതുമാണ് പ്രധാന പ്രമേയം.

കഥാസാരത്തിനും മറ്റു വിശദാംശങ്ങൾക്കും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക

കൊലപാതകവും അതിനെച്ചുറ്റിപ്പറ്റിയുള്ള കേസന്വേഷണവും വഴിത്തിരിവുമൊക്കെ സിനിമയുടേ ആദ്യപകുതിയിൽ അല്പം രസകരമാക്കാൻ തിരക്കഥാകൃത്ത് മനോജിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസന്വേഷണത്തിന്റെ ആദ്യഭാഗങ്ങൾ താല്പര്യമുണർത്തുന്നതാണ്. പക്ഷെ പിന്നീട് സൂപ്പർ താരത്തിന്റെ ഇമേജ് സംരക്ഷണവും കുടുംബ പ്രേക്ഷകരുടെ സഹതാപം കിട്ടാനുള്ള പൊടികൈകളും, പ്രേക്ഷകരോടുള്ള സാരോപദേശവുമൊക്കെ ചേരുവകളായി ചേർത്തപ്പോൾ സിനിമ അസഹനീയമായി. അതിദുർബലവും അവിശ്വസനീയവുമായ ക്ലൈമാക്സും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി. നായകനടക്കമുള്ള കഥാപാത്രങ്ങൾ യാതൊരു വ്യക്തിത്വമോ പശ്ചാത്തലമോ ഇല്ലാത്തവരാണ്. അതിക്രൂരമായി കൊല്ലപ്പെട്ട വില്ലന്റെ ചെയ്തികൾക്കും വിശ്വസനീയതയോ സാധൂകരണമോ ഇല്ല. ഇൻ വെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ചിത്രം പ്രേക്ഷകനു യാതൊരു ത്രില്ലിങ്ങും നൽകാതെ  നായകന്റെ ഫാഷൻ പരേഡിലും വാചക കസർത്തിലും അതിമാനുഷികതയിലുമായി തകർന്നു പോകുന്നു. ബാലേട്ടനും ബസ്സ് കണ്ടക്ടറും പെൺപട്ടണവുമൊക്കെ ചെയ്ത വി എം വിനു എന്ന സംവിധായകന്റെ ആദ്യ ഇൻ വെസ്റ്റിഗേഷൻ ത്രില്ലറാണ്. പക്ഷെ അത്തരത്തിലുള്ള മൂഡ് പകർന്നു തരുവാൻ ചിത്രത്തിനു കഴിയാത്തത് വി എം വിനുവിന്റെ പരിമിതിയാണ്. (കൊമേസ്യലി) ഭേദപ്പെട്ടൊരു ഇൻ വെസ്റ്റിഗേഷൻ ത്രില്ലറാക്കാമായിരുന്ന ചിത്രത്തെ സൂപ്പർ താരപരിവേഷവും മെലോഡ്രാമയും എല്ലാം കൂട്ടിക്കുഴച്ച്  അവിയൽ പരുവത്തിലാക്കിയതിന്റെ ഉത്തരവാദിത്വം വി എം വിനുവിനു മാത്രമായിരിക്കും. അജയൻ വിൻസെന്റിന്റെ ഛായാഗ്രഹണം നിരാശപ്പെടൂത്തി. ഭ്രമരമടക്കം എത്രയോ ചിത്രങ്ങളിൽ തന്റെ സിദ്ധി വെളിപ്പെടൂത്തിയ അജയൻ വിൻസെന്റിന്റെ പ്രതിഭാ വിലാസം ഈ ചിത്രത്തിൽ കാണാനേയില്ല. സംജിതിന്റെ എഡിറ്റിങ്ങും ഗിരീഷ് മേനോന്റെ കലാസംവിധാനവും ചിത്രത്തിനു ചേരുന്നു. ശരത് വയലാറിന്റെയും അനിൽ പനച്ചൂരാന്റേയും വരികൾക്ക് അൽഫോൺസ് ഈണം പകർന്ന ഗാനങ്ങൾക്കുമില്ല ഇമ്പം.

നായകൻ ബാലചന്ദ്രനായി മമ്മൂട്ടീ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. ‘താപ്പന‘യിൽ  മമ്മൂട്ടി ഇതിലും ഭേദപ്പെട്ട രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ തമാശക്ക് വേണ്ടി പറയുന്ന സംഭാ‍ഷണങ്ങളും മദ്യപാനിയായും പോലീസ് ഓഫീസറുമായൊക്കെ നടത്തുന്ന പ്രകടനം ശരാശരിയിലും താഴെയാണെന്ന് പറയേണ്ടീവരും. പരാജയങ്ങളുടെ ആഴങ്ങളിൽ നിൽക്കുമ്പോളും കഥാപാത്രങ്ങളുടെ പ്രകടനത്തിൽ ഈ നടൻ ചെയ്യുന്ന ഉത്തരവാദിത്വമില്ലായ്മയെ ഇനിയും എന്ത് പറയാനാണ്?  ഇതിനൊക്കെ പുറമേയാണ് കോളേജ് വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ നൃത്ത പ്രകടനം. മമ്മൂട്ടി മികച്ച നടനാണെന്നും ഒരുപാട് കഴിവുള്ള പ്രതിഭയാണെന്നും ഏവർക്കും അറിയാം. പക്ഷെ, നൃത്തം അതിലൊരു കഴിവല്ല എന്ന് മമ്മൂട്ടി മനസ്സിലാക്കുന്നില്ലെങ്കിലും അത് ചെയ്യിക്കുന്ന സംവിധായകനെങ്കിലും മനസ്സിലാക്കേണ്ടതാണ്.  മൂന്നു സീനുകളിൽ വന്നു പോകുന്ന നായിക രാഗിണി ദ്വിവേദിയുടെ കഥാപാത്രത്തെക്കുറിച്ച് എന്ത് പറയാൻ!. അഭിനയത്തിൽ സിദ്ദിക്കും, കലാഭവൻ മണിയും, മാമുക്കോയയും ഭേദപ്പെട്ടതായി. പുതുമുഖങ്ങളായെത്തിയ കോളേജ് വിദ്യാർത്ഥികളൊന്നും പ്രതീക്ഷക്ക് വക നൽകുന്നില്ല.

പ്രമേയത്തിലോ മേക്കിങ്ങിലോ മുഖ അഭിനേതാക്കളുടെ പ്രകടനത്തിലോ സിനിമ താല്പര്യമുണർത്തുന്നില്ല. സിനിമയുടെ മൊത്തത്തിലുള്ള ഒരു സ്വഭാവം കാണുമ്പോൾ വലിയ മുടക്കുമുതലില്ലാതെ വളരെപെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു ചിത്രത്തിന്റെ പ്രതീതിയാണ് തോന്നിക്കുന്നത്. അഭിനേതാക്കളും  സാങ്കേതിക വിദഗ്ദരും തങ്ങളുടെ ചിത്രങ്ങളുടെ എണ്ണത്തിൽ ഒന്നുകൂടി എന്നാണ് കണക്കുകൂട്ടൂന്നതെങ്കിൽ,  പ്രേക്ഷകൻ കണക്കുകൂട്ടുന്നത് മറ്റൊന്നായിരിക്കും; തള്ളികളയുന്ന മറ്റൊരു ചിത്രം കൂടി എന്ന്.

Contributors