കമ്മട്ടിപ്പാടം - ഒരു ആസ്വാദന കുറിപ്പ്

Submitted by maymon on Sun, 06/05/2016 - 21:20

കമ്മട്ടിപാടത്തെ കുറിച്ചുള്ള ആസ്വാദനകുറിപ്പുകളും വിമര്‍ശനങ്ങളും നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍, ഫേസ് ബുക്ക് അടക്കമുള്ള പ്രിന്റ്‌ സോഷ്യല്‍ മീഡിയകള്‍. സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വളരെയേറെ ചര്‍ച്ച ചെയ്യപെടുന്നുണ്ട് എന്നുള്ളതിനാലാണ് അത്. ആ രീതിയില്‍ സിനിമ വിജയം കണ്ടു കഴിഞ്ഞു എന്നുള്ളതില്‍ ആത്മാര്‍ഥമായ സന്തോഷം പങ്കു വെയ്ക്കുന്നു.

ഇന്ന് ഏറ്റവും സാമൂഹിക പ്രതിബദ്ധതയോടെ സിനിമ എടുക്കുന്ന സംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ നിസംശയം ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഒരാളുണ്ടായിരിക്കുന്നു, രാജീവ് രവി. സിനിമക്ക് പുറത്തും മനുഷ്യാവകാശ-സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുകയും, സ്വന്തം രാഷ്ട്രീയം സംസാരിക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് അദ്ദേഹം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരുന്നത് .

കമ്മട്ടിപ്പാടം അതിജീവനത്തിന്റെ കഥയാണ്. വികസനത്തിന്റെ പുറമ്പോക്കില്‍ പുറന്തള്ളപ്പെട്ടു പോകുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ. നായക കഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്ന കൃഷ്ണന്റെക്കാള്‍ ഗംഗയുടെയും ബാലന്റെയും അനിതയുടെയും കഥ.
പൊള്ളയായ വികസനത്തെ കുറിച്ച് പറയുന്ന ആദ്യത്തെ സിനിമയല്ല ഇത്. ആ രീതിയില്‍ ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നവ പറയാം. മുംബൈ ഹമാര ഷഹര്‍ എന്ന ഷോര്‍ട്ട് ഫില്മില്‍ ആനന്ദ്‌ പട്വര്ഥന്‍ ചേരി നിവാസികളുടെ കഥ പറയുന്നുണ്ട്. ഒരു നഗരം നിര്‍മിക്കാന്‍ അത്യാവശ്യമായ, എന്നാല്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിഷ്കാസിതരാവുന്ന ജനതയുടെ കഥ. 
സ്വതന്ത്ര ഇന്ത്യയുടെ വ്യാവസായിക വിപ്ലവത്തിന്റെ പ്രതീകമായ കല്‍ക്കരി ഖനികളുടെ കഥ മൂന്നു തലമുറകളിലൂടെ പറഞ്ഞ Gangs of Wasseypur ആണ് ശ്രദ്ധേയമായ വേറൊന്നു. (അതിന്റെ ക്യാമറ രാജീവ്‌ രവി ആയിരുന്നു എന്നുള്ളത് തീര്‍ത്തും യാദൃചികം അല്ലെന്നു വേണം പറയാന, ഹിന്ദി സിനിമയില്‍ നില നില്‍ക്കുന്ന നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയതായിരുന്നു അതിലെ നവാസുദ്ധീന്‍ സിദ്ധിക്കി എന്ന പുത്തന്‍ താരോദയം. കമ്മട്ടിപാടതിലും സമാന്തരമായ നായികാ സങ്കല്‍പ്പ പൊളിച്ചെഴുത്തിനു ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍). വലതുപക്ഷരാഷ്ട്രീയ-കോര്‍പ്പറേറ്റ് ബാന്ധവത്തിന്റെയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയും കഥ പറഞ്ഞ, ഷാന്ഗ് ഹായി ഇതേ രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. എന്തിനു ഹോളിവൂഡിലെ തന്നെ ഏറ്റവും വമ്പന്‍ ഹിറ്റുകളിലോന്നായ ജെയിംസ്‌ കാമെറോണിന്റെ ‘അവതാര്‍’ പോലും പറഞ്ഞത് indigenous ജനതയുടെ ചെറുത്തു നില്‍പ്പിന്റെ കഥയായിരുന്നു. ലോകത്തെവിടെയും വികസനത്തിന്റെ വേലിയേറ്റത്തില്‍ collateral damage ആയി പുറന്തള്ളപ്പെട്ടു പോകുന്നാ ഒരു ജനതയുണ്ട്. എവിടെയും അവര്‍ക്ക് ഒരേ വികാരമാണ് , ഒരേ നിറമാണ്.

കറുത്തവരുടെ കഥ പറഞ്ഞിട്ടുള്ള ഏതു സിനിമയോടും കമ്മട്ടിപ്പാടത്തിനു സാമ്യം തോന്നുന്നത് സ്വാഭാവികം മാത്രമായിരിക്കാം.സിറ്റി ഓഫ് ഗോഡ് മുതല്‍ സുബ്രഹ്മന്യപുരം വരെ, ഗാങ്ങ്സ് ഓഫ് വാസ്സിപുര്‍ മുതല്‍ ചാപ്പ കുരിശ വേറെ ആ ലിസ്റ്റ് നീളുകയാണ്. ഭരതനും ലോഹിക്കും ശേഷം താഴേക്കിടയിലുള്ളവരുടെ ജീവിതം പ്രമേയമാകിയിട്ടുള്ള മുഖ്യധാരാ ചിത്രങ്ങള്‍ നമ്മള്‍ അധികം കണ്ടിട്ടില്ല. സഹതാപത്തിനും അവഹേളനത്തിനും വേണ്ടി മാത്രമാണ് മലയാള സിനിമയില്‍ കീഴാള/ദളിത്‌ കഥാപാത്രങ്ങള്‍ ജനിചിട്ടുള്ളത്. അതില്‍ നിന്ന് വിഭിന്നമായി ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ തലയുയര്ത്തിപ്പിടിച്ചു നില്‍ക്കുകയാണ് കമ്മട്ടിപ്പാടത്തെ ബാലനും ചങ്ങാതിമാരും. ആരാധന തോന്നുന്ന വിധത്തില്‍. തിയേറ്ററില്‍ ഉയരുന്ന കയ്യടികല്‍ വെളുത്ത കഥാപാത്രമെന്നു വ്യാഖ്യാനിക്കപ്പെട്ട ദുല്ഖരിനു വേണ്ടിയല്ല, മറിച്ചു ബാലനും കൂട്ടര്‍ക്കുമാണ്. ഒരു പ്രോഡക്റ്റ് നൂറു ശതമാനം സംശുധമായാലെ നാം സ്വീകരിക്കൂ എന്നാ യുക്തിയില്‍ ദുല്‍ക്കരിന്റെ കാസ്റിംഗ് നെ വിമര്‍ശിക്കുന്ന വാദത്തോട് അനുഭാവമില്ല.സംവിധായകന്‍ മനസ്സ് കൊണ്ട് എവിടെ നില്‍ക്കുന്നു എന്നാണ് നോക്കേണ്ടത് എന്നതാണ് എന്റെ അഭിപ്രായം. സിനിമ പുരോഗമിക്കുമ്പോള്‍ ഗംഗക്കും ബാലനും മനസ്സിലാവുന്നുണ്ട് തങ്ങള്‍ ഉപയോഗിക്കപെടുകയായിരുന്നു എന്ന സത്യം. ബ്രഹ്മനിക് യുക്തി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു കലാരൂപം വിജയിപ്പിചെടുക്കാന്‍ നമ്മുടെ നാട്ടില്‍ പ്രയാസകരമായ കാര്യമാണ്. ലളിതവും ശക്തവുമായ കഥ പറച്ചിലിലൂടെ അതിനു കഴിയുന്നു എന്നതാണ് കമ്മട്ടിപ്പാടത്തിന്റെ വിജയം. “ആ കാണുന്ന മൂന്നു സെന്റ്‌ ഉണ്ടല്ലോ, രാമു മൂപ്പന്റെയാ… കുടികിടപ്പ്…” എന്ന് പറഞ്ഞു ഗംഗ പശ്ചാത്തപിക്കുമ്പോള്‍, ആരാണ് യഥാര്‍ത്ഥ വില്ലന്‍ എന്ന് ചൂണ്ടിക്കാണിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.

“അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഈ കായൽക്കയവും കരയും
ആരുടേം... അല്ലെൻ മകനേ”

മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈ നാടന്‍ ശീലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു ഈ സിനിമയുടെ സന്ദേശം. 
ഗംഗയുടെ മൃതദേഹം കൊണ്ടുവരുന്ന വിലാപയാത്ര വരുന്നത് രണ്ടു പേര്‍ക്ക് കഷ്ടിച്ച് കടന്നു പോകാന്‍ പറ്റുന്ന ഒരു കുടുസ്സു വഴിയിലൂടെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മരം കയറിയും, സൈക്കിള്‍ ഓടിച്ചും കളിച്ചു വളര്‍ന്ന വിശാലമായ ആ പാടത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വളര്‍ച്ച(മാറ്റം) ആണ് സിനിമയുടെ കാതല്‍. ഇതുപോലെ ഓരോ ദൃശ്യവും നമ്മോടു സംസാരിക്കുന്നുണ്ട്.

:

എത്ര മലയാള സിനിമയില്‍ മെലിഞ്ഞു കറുത്ത ശരീരങ്ങള്‍ നായികാ കഥാപാത്രമായിട്ടുണ്ട്? ദ്രാവിഡ ബോധം സാംസ്കാരിക മണ്ഡലത്തില്‍ അലിഞ്ഞു ചേര്‍ന്ന തമിഴ് സിനിമാ രംഗത്ത് പോലും കറുത്ത നായകന്മാര്‍ക്ക് വെളുത്ത നായികമാര്‍ നിര്‍ബന്ധമാണ് എന്നതാണ്  പൊതുബോധം. വിജയകാന്തും രജനികാന്തും പ്രണയിചിട്ടുള്ളത് എക്കാലത്തും മീനമാരെയും ഐശ്യര്യമാരെയുമാണ്. അപ്പോഴാണ്‌ നിറത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്ന മലയാളി സമൂഹത്തിലേക്കു ഷോണ്‍ റോമി എന്ന നായികയെ രാജീവ്‌ അവതരിപ്പിക്കുന്നത്‌.

കുത്തേറ്റു പിടഞ്ഞു വീണ മനുഷ്യന്റെ ചിതറിത്തെറിച്ച വിചാരങ്ങള്‍ എന്ന ആഖ്യാനശൈലിയിലൂടെയാണ്‌ സിനിമ മുന്നോട്ടു പോകുന്നത്. അന്നയും രസൂലിലും ആഷ്ലിയിലൂടെയും, ഞാന്‍ സ്റ്റീവ് ലോപസില്‍ സ്ടീവിലൂടെയും കഥ പറയുന്ന narrative ശൈലിയോട് സാമ്യം. അധോലോകം അഥവാ കൊട്ടഷന്‍ സംഘങ്ങലോടുള്ള ആഭിമുഖ്യം രാജീവ്‌ രവി ഈ ചിത്രത്തിലും തുടരുന്നുണ്ട്. ആവര്‍ത്തന വിരസമായ ഈ ശൈലി ഒന്ന് മാറ്റിപിടിക്കവുന്നതാണ് അടുത്ത സിനിമയിലെങ്കിലും.

നഗരത്തിലെ മള്‍ട്ടിപ്ലെക്സില്‍ നിന്നും കമ്മട്ടിപാടം കണ്ടു തിയേറ്ററിലെ സുഖകരമായ ഇരുട്ടില്‍ നിന്നും പുറത്തിറങ്ങുന്ന പ്രേക്ഷകന് കോണ്‍ക്രീറ്റ് പാടത്തിലെ ചൂട് നല്‍കുന്നത് അസുഖകരമായ കുറ്റബോധമായിരിക്കും. . അതുപോലെ അനേകം പേരെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് രാജീവ് രവി എന്ന സംവിധായകന്റെ വിജയമാണ്.