നന്മയുടെ സുധി വാത്മീകം

2009 മേയ് 09തിന് ഒരു ശനിയാഴ്ച ദിവസം പാല മഹാറാണി തീയേറ്ററിലാണ് ഞാൻ പാസഞ്ചർ എന്ന സിനിമ കണ്ടത്. മലയാള സിനിമക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന ആഖ്യാന രീതിയിലാണ് ആ ചിത്രം അന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. രഞ്ജിത് ശങ്കർ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് നടന്നു കയറിയ ചിത്രം. വളരെയധികം ആസ്വദിച്ച് കണ്ട, ത്രില്ലടിപ്പിച്ച ആ ചിത്രമാണ് ന്യൂ ജനറേഷൻ ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ഗണത്തിലെ ആദ്യ ചിത്രം എന്ന് ഞാൻ കരുതുന്നത്. അതിനു ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ചിലതിനെ ഇഷ്ടപ്പെട്ടപ്പോൾ, ചിലത് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാതെയും പോയി. അദ്ദേഹം അടുത്തിടെ സംവിധാനം ചെയ്ത് നമുക്ക് മുന്നിലെത്തിയ ചിത്രമാണ് സു...സു...സുധി വാത്മീകം. മറ്റൊരു ശനിയാഴ്ച ദിവസമാണ് സുധി വാത്മീകം കാണുവാൻ ഞാൻ തിരഞ്ഞെടുത്തത്. ഈ സിനിമ ചിത്രീകരണം തുടങ്ങുന്നതിനു മുന്നേ തന്നെ സംവിധായകൻ രഞ്ജിത് ഒരു മാധ്യമത്തിൽ ഈ സിനിമയിലേക്ക് എത്തിപ്പെട്ട നാൾ വഴികളെക്കുറിച്ച് എഴുതിയത് വായിച്ചിരുന്നു. അത് കൊണ്ടു തന്നെ ഇത് കാണണമെന്ന തീരുമാനം  മുന്നേ തന്നെ എടുത്തിരുന്നു. സിനിമ നല്ലതോ മോശമോ എന്ന് റിവ്യൂകളിലേക്ക് നോക്കാതെ തന്നെ കാണണം എന്നൊരു മനോഭാവം ആ ലേഖനം വായിച്ചതിനു ശേഷം ഉടലെടുത്തിരുന്നു എന്ന് വേണം പറയാൻ.

മനുഷ്യർക്കുണ്ടാകുന്ന ചെറിയ കുറവുകൾ ജീവിതത്തിൽ ഒരു പ്രതിബന്ധമായി മാറുന്ന ഒരു അവസ്ഥ, അതിൽ നിന്നുള്ള ഒരു സാധാരണാക്കാരന്റെ അതിജീവനം, അതിന്റെ നാൾവഴികൾ നമുക്ക് മുന്നിലെത്തിക്കുകയാണീ ചിത്രം. സു സു പറയാൻ ശ്രമിക്കുന്നതെന്ത് എന്നൊരു ധാരണയുണ്ടായിരുന്നിട്ടു കൂടി അതെങ്ങനെയാവും നമുക്ക് മുന്നിലെത്തുക എന്നറിയുവാനുള്ള ഒരു ആകാംഷയോടെയാണ് ഈ ചിത്രം കണ്ടു തുടങ്ങിയത്. പതിവ് രീതികൾ പിന്തുടർന്ന് ഉപദേശങ്ങളുടെ ഘോഷയാത്ര തന്നെയാകുമോ എന്ന് അല്പമെങ്കിലും ഞാൻ ശങ്കിച്ചിരുന്നു.  ജന്മനാ വിക്കുള്ള സുധി എന്ന വ്യക്തിയുടെ കഥ. ചെറുപ്പത്തിൽ തന്റേതല്ലാത്ത കാരണത്താൽ തനിക്കുള്ള വിക്ക് സുധിയെ പരിഹാസ്യ പാത്രമാക്കുകയാണ്. സ്വന്തം അമ്മയെ അമ്മ എന്ന് വിളിക്കാൻ അയാൾക്ക് കഴിയുന്നില്ല. വിക്ക് സുധിയുടെ ജീവിതത്തിൽ വില്ലന്മാരെ സൃഷ്ടിക്കുകയാണ്. സ്കൂളിലെ സഹപാഠികൾ, പച്ചക്കറിക്കടക്കാരൻ, ഹോട്ടലിലെ വെയിറ്റർ, ബസ് കണ്ടക്ടർ എന്തിന് വീട്ടിലെ ലാൻഡ് ഫോണ്‍ വരെ. വിക്കിനെ മറച്ചു വച്ച് അതിനെ നേരിടാനും, ആളുകളെ കാണാതെ ഒളിച്ചോടാനുമെല്ലാം സുധി ശ്രമിക്കുന്നുണ്ട്. വിക്ക് കാരണം കല്യാണം മുടങ്ങുന്നതും വിക്ക് ഒരിക്കലും ഭേദമാക്കാനാവാത്ത ഒരവസ്ഥയാണെന്ന് അറിയുന്ന അയാൾ തളരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കല്യാണി കടന്നു വരുന്നതും വിക്കിനെ സുധി accept ചെയ്യുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം മാറുകയാണ്. വിക്ക് എന്നത് ഒരു പ്രതീകമായി എടുത്താൽ ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ, ചിലപ്പോൾ വളരെ നിസ്സാരമായ കാര്യങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചിലപ്പോഴത് ചില വൈകല്യങ്ങളാവാം, ചിലപ്പോൾ അത് ജീവിത സാഹചര്യങ്ങളാവാം. ഭൂരിഭാഗം ആളുകളും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്യും. നമുക്ക് ജീവിതത്തിൽ പരിചിതമായ പല മുഖങ്ങളെയും, ഒന്നാഴത്തിൽ ചിന്തിച്ചാൽ ചിലപ്പോൾ നമ്മേ തന്നെയും സുധിയിൽ നമുക്ക് കാണാം. രഞ്ജിത് ശങ്കർ നമുക്ക് മുന്നിലെത്തിക്കുന്ന സുധി, ജീവിതത്തിന്റെ ഇത്തരം പല പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നയാളാണ്. ജീവിതത്തിലെ അത്തരം ഓരോ ചെറു ചെറു പരീക്ഷണങ്ങളോടും പട പൊരുതി നേടുന്ന കൊച്ചു കൊച്ചു വിജയങ്ങളിലൂടെ സുധി നടന്നു കയറുന്നത് ജീവിതമെന്ന വലിയ വിജയത്തിലേക്കാണ്. ആ ജീവിത വിജയത്തിന്റെ കഥയാണ് സു...സു...സുധി വാത്മീകം.

സുധീന്ദ്രൻ അവിട്ടത്തൂറിന്റെ ജീവിതത്തെ ആധാരമാക്കി, രഞ്ജിത്ത് ശങ്കറും അഭയകുമാറും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കിയിരിക്കുന്നത്. അനാവശ്യമായ സീനുകളും സംഭാഷണങ്ങളും ഒന്നും തന്നെ ചിത്രത്തിലില്ല, എന്ന് മാത്രമല്ല നമുക്ക് മുന്നിലെത്തുന്ന കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ ദൗത്യം ഈ തിരക്കഥയിലുണ്ട്. അത് കൊണ്ടു തന്നെ ഒരു തരിമ്പു പോലും ബോറടിപ്പിക്കാതെ ഈ ചിത്രം പുരോഗമിക്കുന്നു. സംവിധായകനെന്ന നിലയിൽ രഞ്ജിത് ശങ്കർ പുലർത്തിയിരിക്കുന്ന കൈയ്യടക്കവും അഭിനന്ദനം അർഹിക്കുന്നു. തന്റെ മുൻകാല ചിത്രങ്ങളിൽ അദ്ദേഹത്തിനു നഷ്ടമായി എന്ന് ഞാൻ കരുതിയ ആ കൈയ്യടക്കം സുസുവിൽ അദ്ദേഹം തിരികെ പിടിച്ചിരിക്കുന്നു. വിവിധ കഥാപാത്രങ്ങൾക്ക് വിവിധ ഭാവങ്ങളേകി ജയസൂര്യയെ നാം തിരശ്ശീലയിൽ കണ്ടിട്ടുണ്ട്. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിൽ നിന്നും സുധി വാത്മീകത്തിലെത്തുമ്പോൾ ആ മികിമ്രിക്കാരനായ മരട് ജയനിൽ നിന്നും ജയസൂര്യ എന്ന നടനിലേക്ക് അദ്ദേഹം നടത്തിയ യാത്ര നമുക്ക് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റേയും അർപ്പണ ബോധത്തിന്റെയും മറ്റൊരു തെളിവായി മാറുകയാണ് സു...സു...സുധി വാത്മീകം. മൂന്നു രൂപഭാവങ്ങളിൽ സുധിയെ തന്മയത്വത്തോടെ ജയൻ നമുക്കായി അവതരിപ്പിച്ചിരിക്കുന്നു. വിക്ക് പ്രതിബന്ധമായി മാറുന്ന നിമിഷങ്ങളിൽ ആ കഥാപാത്രം അനുഭവിക്കുന്ന മനോവിഷമങ്ങളെ പ്രേക്ഷകരിക്ക് പകർന്നു നൽകി, ആ കഥാപാത്രത്തിനൊപ്പം കൂട്ടിക്കൊണ്ടു പോകുവാൻ ജയസൂര്യക്ക് സാധിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ശിവദ നായരുടേതാണ്. താരതമ്യേന പുതുമുഖ നടിയായിട്ടു കൂടി വളരെ പക്വതയാർന്ന അഭിനയമാണ് ഈ ചിത്രത്തിൽ ശിവദയുടേത്. നല്ല നിരവധി കഥാപാത്രങ്ങൾ അവരെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു. ടി ജി രവി, കെ പി എ സി ലളിത, സുനിൽ സുഖദ, അജു വർഗ്ഗീസ്‌, മുത്തുമണി, താരാ രഞ്ജിത് ശങ്കർ എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു.

ചിത്രത്തിന്റെ സംഗീതത്തെ കുറിച്ചു കൂടി പറയാതെ ഇത് അവസാനിപ്പിക്കാൻ കഴിയില്ല. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്. ചിത്രം കാണുന്നതിനു മുന്നേ എനിക്ക് ഇഷ്ടപ്പെട്ട രണ്ടു ഗാനങ്ങൾ എന്റെ ജനലരികിലിന്ന്, കായാമ്പൂ നിറമായി എന്നീ ഗാനങ്ങളായിരുന്നു. ഈ രണ്ടു ഗാനങ്ങളും മനോഹരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, സിനിമ കണ്ട ശേഷം എന്റെ മനസ്സിലേക്ക് തുടർച്ചയായി കടന്നു വരുന്നത് ഗണേഷ് സുന്ദരം ആലപിച്ച രാവിന്റെ വാത്മീകത്തിൽ എന്ന ഗാനമാണ്. ഈ ചിത്രത്തിന്റെ ആത്മാവായി തുടക്കം മുതൽ ഒടുക്കം വരെ ഈ ഗാനമുണ്ട്. ബിജിബാൽ സമർത്ഥമായി ഈ ഗാനത്തെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നു. ഈ ഗാനത്തിലെ സംഗീതശകലങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ  ഭാഗമായി കടന്നു വരുമ്പോൾ അത് പ്രേക്ഷകനിൽ ഉണർത്തുന്ന അനുഭൂതി അവാച്യമാണ്. മലയാളത്തിൽ ഇപ്പോൾ മികച്ചതായി പശ്ചാത്തല സംഗീതമൊരുക്കുന്നതാര് എന്നത് ഒരു പക്ഷേ debatable ആയ ഒരു ചോദ്യമാകും, പക്ഷേ എന്റെ അഭിപ്രായത്തിൽ അത് ബിജിബാലാണ്. താൻ പകർന്നു നൽകുന്ന പശ്ചാത്തല സംഗീതം സിനിമയുടെ പൂർണ്ണതയെ സഹായിക്കുന്ന ബിജിബാൽ മാജിക്ക് നാം ഇതിനു മുന്നേയും കണ്ടിട്ടുണ്ട്. സുധി വാത്മീകത്തിന്റെ പശ്ചാത്തല സംഗീതം ആ മാജിക്കിന് മറ്റൊരു മികച്ച ഉദാഹരമാണെന്ന് നിസ്സംശയം പറയാം.

ഒരു വ്യക്തിയുടെ ജീവിതത്തെ ആധാരമാക്കിയെടുത്തിരിക്കുന്ന ഈ ചിത്രം, വളരെ ലളിതമായാണ് അദ്ദേഹത്തിന്റെ ജീവിതയാത്രയെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ടു തന്നെ സുധിയുടെ വിഷമങ്ങൾ പ്രേക്ഷകന്റേതു കൂടിയാകുന്നു, അത് പോലെ അദ്ദേഹത്തിന്റെ വിജയവും. ചിത്രം കണ്ടിറങ്ങിയപ്പോൾ കണ്ണിൽ ഒരു ചെറു നനവ് അനുഭവപ്പെട്ടത് ഒരു പക്ഷേ സുധിയുടെ ജീവിതത്തെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുവാൻ കഴിഞ്ഞു എന്നുള്ളത് കൊണ്ടാണെന്നു തോന്നുന്നു. വലിയ വീരഗാഥകൾ പറയാതെ, വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളുടെ കഥകൾ പറയാതെ, ഒരു സാധാരക്കാരന്റെ ജീവിത വിജയത്തിന്റെ കഥ പറയുന്ന സു...സു...സുധി വാത്മീകം, മലയാളത്തിലെ എറ്റവും മികച്ച ഒരു inspirational സിനിമയായി  മാറുന്നു എന്നത് സംശയമില്ലാത്ത വസ്തുതയാണ്. കച്ചവട സിനിമകളുടെ, ബോക്സ് ഓഫീസ് വിജയങ്ങൾ ആധാരമാക്കി സിനിമയെ അളക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള, സാധാരണക്കാരനെ ആഴത്തിൽ സ്പർശിക്കുന്ന ഇത്തരമൊരു പ്രമേയം സിനിമയാക്കി നമുക്ക് മുന്നിലെത്തിക്കുവാൻ ആർജ്ജവം കാണിച്ച രഞ്ജിത് ശങ്കറും ജയസൂര്യയും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിക്കാൻ, ചെറിയ ചെറിയ പ്രതിസന്ധികളെ തരണം ചെയ്യാൻ ഈ ചിത്രം സാധാരണക്കാർക്ക് ഒരു പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. നന്മ നിറഞ്ഞ ഒരു ചിത്രം നമുക്കായി സമ്മാനിച്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി അഭിനനന്ദനങ്ങൾ...