KPAC Lalitha - Malayalam Actress
1946 ഫെബ്രുവരി 25ന് കായംകുളത്താണ് മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവ്: കെ അനന്തന് നായര്‍, മാതാവ്: ഭാര്‍ഗവി അമ്മ. കുട്ടിക്കാലത്തുതന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. 'ഗീത' എന്ന നാടകട്രൂപ്പുമായിട്ടായിരുന്നു ആദ്യം സഹകരിച്ചിരുന്നത്. പ്രസ്തുത ട്രൂപ്പിന്റ്റെ 'ബലി' ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ 'കൂട്ടുകുടുംബം' എന്ന ചിത്രത്തിലൂടെ വെള്ളിതിരയിലെത്തിയപ്പോള് പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു.
പ്രശസ്ത സംവിധായകന് ഭരതന് 1978ല്‍ കെ പി എ സി ലളിതയെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.
കെ പി എ സി ലളിതയുടെ പ്രകടനം സ്വാഭാവികാഭിനയത്തിന്റ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്. ഏതു വേഷവും ഈ അഭിനേത്രിയുടെ കൈകളില്‍ ഭദ്രമാണ്. ഹാസ്യം, വൈകാരികത, നാട്ടിന്‍പുറത്തുകാരിയുടെ പയ്യാരങ്ങള്‍, അങ്ങിനെ എത്രയെത്ര വേഷങ്ങളാണ് കഴിവുറ്റ ഈ നടി നമുക്കായി തന്നിരിക്കുന്നത്.
അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു.
സ്വയംവരം, കൊടിയേറ്റം, സന്മനസുള്ളവര്‍ക്കു സമാധാനം, വെങ്കലം, അമരം, ശാന്തം തുടങ്ങിയവ ഇവര്‍ അഭിനയപാടവം കാണിച്ച ചില ചിത്രങ്ങള്‍ മാത്രമാണ്. പേരെടുത്തു പറയാത്ത സിനിമകള്‍ ഇനിയുമേറെ.
അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.