എവിടെ തുടങ്ങണമെന്നറിയില്ല. മേസ്ട്രോ ഡയറക്ടര്‍ ജോഷി, സൂപ്പര്‍ സ്റ്റാര്‍ അമലാ പോള്‍ , പിന്നെ വേണു (ഏത് വേണുവെന്നോ? റോയിറ്റേഴ്സിലെ വേണുസാര്‍ ) എന്നിവര്‍ റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ മൂവീയാണ് ലൈലാ ഓ ലൈല. വേണുസാറിന്റെ ഈ സിനിമയിലെ പേരു ജയ് എന്നാണ്. അതു കാര്യാക്കണ്ട. ആളൊന്ന് തന്നെ.
അച്ഛന്റെ എതിര്‍പ്പിനെ അവഗണിച്ച് അമലാ പോള് റോയിറ്റേഴ്സിലെ വേണുസാറിനെ കല്യാണം കഴിക്കുന്ന രംഗത്തില്‍ കഥ തുടങ്ങുന്നു. റോയിറ്റേഴ്സിലെ വേണു സാറിനു സത്യത്തില്‍ ജോലി ഡെക്കാന്‍ എക്സ്പോര്‍ട്ട് എന്ന കയറ്റിറക്ക് കമ്പനിയിലാണ്. പക്ഷെ ഈ വിവരം അമലാപോളില്‍ നിന്നും മറച്ച് വെച്ച് താനൊരു സീക്രട് ഏജന്റാണെന്ന് കളവു പറഞ്ഞാണ് അമലയെ വേണുസാര്‍ കല്യാണം കഴിക്കുന്നത്. പാവം അമല ഇത് വിശ്വസിക്കുന്നു. അമലയും വേണുവും കണ്ടുമുട്ടിയതും ഒരു ലോങ് സ്റ്റോറിയാണ്. അതായത് വേണുസാര്‍ ചൊവ്വാഴ്ച ഒരു അനാഥാലയത്തില്‍ ബിരിയാണി വെയ്ക്കാന്‍ പോകും. അതേ അനാഥാലയത്തില്‍ ബാക്കി ആറു ദിവസവും അമലാപോളാണ് ബിരിയാണി വെയ്ക്കുന്നത്. അങ്ങിനെ കണ്ടുമുട്ടിയാണ് അവര്‍ പ്രേമിക്കുന്നത്.
ആയിടയ്ക്ക് ഇന്ത്യയില്‍ തീവ്രവാദം ചെയ്യാനെത്തിയ ഒരു തീവ്രവാദിയെ വേണുസാര്‍ പിടിക്കുന്നൊക്കെയുണ്ട്. തീവ്രവാദി താമസിച്ച ഹോട്ടല്‍ റൂമില്‍, മൊബൈലില്ല നെറ്റില്ല വൈഫൈ ഇല്ല. അപ്പോള്‍ പിന്നെ തീവ്രവാദി എങ്ങനെ പാക്കിസ്ഥാനിലോട്ട് ഈമെയിലയച്ചു എന്ന് വേണുസാറിന്റെ ബോസ് സത്യരാജ് ചോദിക്കുന്നു. ആര്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. റ്റീമില്‍ എല്ലാവരും പുകഞ്ഞു ചിന്തിക്കുന്നു. ഒരു രക്ഷയും ഇല്ല. വേണുസാര്‍ രക്ഷയ്കെത്തുന്നു. തീവ്രവാദി ഹോട്ടലിനടുത്തുള്ള ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേയില്‍ നിന്നായിരിക്കണം ഈമേയില്‍ അയച്ചത് എന്ന് വേണുസാര്‍ സജസ്റ്റ് ചെയ്യുന്നു. സത്യരാജ് അന്തം വിടുന്നു. അടൈങ്കപ്പാ! കേരളാവിലെ എല്ലാവരും പെരിയ പുത്തിസാലികള്‍ താന്‍. അതിനാലെ താനെ സേലത്തെയും കോയമ്പത്തൂരിലെയും തഞ്ചാവൂരിലെയും എഞ്ചിനീയറിങ്ങ് മെഡിക്കല്‍ കോളേജുകളില്‍ കൂട ഫുള്ളാ മലയാളികള്‍ പടിച്ചിട്ടിരിക്കും. എല്ലാമേ മൂകാമ്പികാ ദേവി കടാച്ചം. മലയാളിസ് താന്‍ നമ്പര്‍ വണ്‍. നമ്പൂര്‍ പുള്ളകളെല്ലാം കെട്ടുപോച്ച്.
ഇന്റര്നെറ്റ് കഫേ കണ്ടെത്തി തീവ്രവാദി അയച്ച ഈമെയില്‍ ഐടി വിദഗ്ധന്‍ കണ്ടെത്തുന്നു. പക്ഷെ പാസ്വേര്ഡ് അറിയില്ല. കുറേക്കാലം മെയിന്ഫ്രേം ഡാറ്റാബേയ്സ് അഡ്മിന്‍ ആയിരുന്ന വേണുസാര്‍ വിജാരിച്ചാലേ ഇനി രക്ഷയുള്ളൂ എന്ന് ഐടി വിദഗ്ധന്‍ തീര്‍ത്തുപറയുന്നു. വേണുസാര്‍ രണ്ട് പാസ്വേഡ് അടിക്കുന്നു തെറ്റുന്നു. മൂന്നാമതായി ഡിഫൊള്ട്123 എന്നടിക്കുന്നു. അത്ഭുതം! മെയിലു തുറന്നു!! അടൈങ്കപ്പാ!
ശേഷം പതിനാറ് ഡിജിറ്റ് പബ്ലിക് കീ വെച്ച് പൂട്ടിയ ഹൈലി സെക്യൂര്ഡ് ഈമെയില്‍ അറ്റാച്മെന്റ് ഐടി വിദഗ്ധന്‍ പുല്ലുപോലെ തുറന്നെങ്കിലും കിട്ടിയ മെസ്സേജ് വായിക്കാന്‍ പറ്റുന്നില്ല. വേണുസാര്‍ വിജാരിച്ചാലേ ഇനി രക്ഷയുള്ളൂ എന്ന് ഐടി വിദഗ്ധന്‍ പിന്നെയും തീര്‍ത്തുപറയുന്നു. വേണുസാര്‍ ഇടപെടുന്നു. ശിമ്പിള്‍. മെസ്സേജ് തലതിരിച്ച് വായിച്ചാ മതി. സത്യരാജ് ഇന്നൊരു വാട്ടി അടൈങ്കപ്പാ!
ജോലിയുടെ ഭാഗമായി ലൈല എന്ന ബാര്‍ ഡാന്‍സറുമായി ഇടപഴകുന്ന വേണുസാറിനെ കണ്ട് അമല വേണുസാറിനെ വെറുക്കുന്നു. വേണു സീക്രട് ഏജന്റല്ല, റോയിറ്റേഴ്സിലെ വല്ല പത്രത്തൊഴിലാളിയോ മറ്റോ ആണോ എന്ന് അമല സംശയിക്കുന്നു. ഒടുവില്‍ വേണുസാര്‍ ആ സത്യം അമലയോട് പറയുന്നു. താന്‍ സീക്രട് ഏജയ്ന്റല്ല. ഡെക്കാന്‍ ഡ്രൈവിങ് സ്കൂളിലെ ഇന്സ്ട്രക്റ്ററാണ്. കൊന്നാലും ഇത് താന്‍ വിശ്വസിക്കൂല എന്ന് അമലാ പോളും. വേണുസാര്‍ അമലാപോളിനെയും കൂട്ടി മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ബിയെംഡ്ബ്ലൂ കാറുമായി ചെല്ലുന്നു. എട്ടിട്ട് കാണിക്കുന്നു. അമല വിശ്വസിക്കുന്നില്ല. എച്ചിട്ട് കാണിക്കുന്നു. അമല വിശ്വസിക്കുന്നില്ല. പാരലല്‍ പാര്‍ക് ചെയ്തു കാണിക്കുന്നു. അമല ഫ്ലാറ്റ്!
അങ്ങനെ അമലാപോളിനെയും റ്റീമിലേക്ക് എടുത്ത് വേണുസാറും സത്യരാജും കൂടെ തീവ്രവാദികളുടെ പ്ലാനെല്ലാം കണ്ടുപിടിക്കുന്നു. ബാംഗ്ലൂര്‍ എയര്‍പോര്ട്ടില്‍ വരുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഫ്ലൈറ്റ് വെടിവെച്ചിടാന്‍ ആണ് തീവ്രവാദികളുടെ പ്ലാന്‍. ദ്രോഹികള്‍. വെറും പ്രസിഡന്റാണ് വരുന്നതെങ്കില്‍ ക്ഷമിക്കാമായിരുന്നു. ഇതതല്ല. ഫോര്‍മര്‍ പ്രസിഡന്റാണ് വരുന്നത്, ഫോര്‍മര്‍ പ്രസിഡന്റ്. വേണുസാറിനു കോപം വരുന്നു.
വേണുസാര്‍ ഉടന്‍ തന്നെ ഡയറക്റ്റര്‍ ജോഷിയോട് പറയുന്നു. ഒരു ഡ്റോണിങ്ങ് തരിക. റണ്‍വേ സിനിമയില്‍ ദിലീപ് ഉപയോഗിച്ച സാധനത്തിനു പ്രൊപ്പല്ലര്‍ വെച്ച് തന്നാലും മതി. ഡ്റോണും ഒരു പിസ്റ്റളും ഉപയോഗിച്ച് വേണുസാര്‍ ഇറങ്ങുകയായി, തീവ്രവാദികളെ നേരിടാന്‍.
സസ്പെന്സ് കളയുന്നില്ല. ശേഷം ഡിവിഡിയില്‍...