പത്രങ്ങളിലെ പദപ്രശ്നം പൂരിപ്പിക്കലാണ് നായകന്‍ ജയ് മോഹന്റെ (മോഹന്‍ ലാല്‍) പ്രധാന പണി. പദ പ്രശ്നം ഇല്ലാത്ത ദിവസങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്റലിജന്‍സ് വിംഗിലെ അണ്ടര്‍ കവര്‍ ഏജന്റായി പണിയെടുക്കും. ഇതാരും അറിയരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതിനാല്‍ 'ഡെക്കാണ്‍ എക്സ്പോര്‍ട്സ്' എന്ന കമ്പനിയുടെ മറവിലാണ് പ്രവര്‍ത്തനങ്ങളെല്ലാം...
സിനിമ തുടങ്ങുന്നത് ഒരു വിവാഹ വേദിയില്‍ നിന്നാണ്...മുഹൂര്‍ത്തമടുത്തിട്ടും വരന്‍ ജയ് മോഹനെ (നായകനെ) കാണാനില്ല... "Where the hell is he?" എന്നൊരാള്‍ ചോദിക്കുമ്പോള്‍ ക്യാമറ ഒരു ഹോട്ടല്‍ ഇടനാഴിയിലൂടെ നായകന്റെ അടുത്തേക്ക്...തുടര്‍ന്ന് ആ ഹോട്ടലില്‍ ഒളിച്ച് താമസിക്കുന്ന "റാണ" എന്ന ഭീകരപ്രവര്‍ത്തകനെ നായകന്‍ മലര്‍ത്തിയടിക്കുന്ന രംഗങ്ങള്‍... അതേ സമയം കല്യാണ മണ്ഡപത്തില്‍ വരനെ കാണാതെ എല്ലാവര്‍ക്കും ടെന്‍ഷന്‍... അവിടെ കല്യാണം...ഇവിടെ വില്ലനിട്ട് ഹീറോയുടെ വച്ചു കാച്ചല്‍...കല്യാണം...വച്ചുകാച്ചല്‍...ഇങ്ങനെ അവിടെയും ഇവിടെയും മാറ്റി മാറ്റി കാണിച്ച് നമ്മളെ കോള്‍മയിര്‍ക്കൊള്ളിച്ച ശേഷം റാണയെ കീഴ്പ്പെടുത്തി ജയ് കൃത്യ സമയത്ത് തന്നെ വിവാഹ വേദിയില്‍ എത്തുന്നതോടെ ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു ഡ്യൂയറ്റ്.. അനാഥാലയത്തിലെ കുട്ടികളോടൊപ്പം സമയം ചെലവിടുന്ന നായകന്‍, നായികയുടെ ഹാന്‍ഡ് ബാഗ് തട്ടിപ്പറിച്ചു കൊണ്ടോടുന്ന ബാലനെ തടഞ്ഞ് നിര്‍ത്തി ബാഗ് നായികക്ക് എത്തിച്ചു കൊടുക്കുന്ന നായകന്‍, പിന്നെ നായകന്‍ പകുതിയില്‍ നിര്‍ത്തി വച്ച പദപ്രശ്നം പൂര്‍ത്തിയാക്കുന്ന നായിക...അങ്ങനെങ്ങനെ ഒാരോ നിമിഷവും പുതുമ വഴിഞ്ഞൊഴുകുന്ന ഒരു ഗാനരംഗം..
പിന്നെ നമ്മള്‍ കാണുന്നത് മോഹന്‍ലാലിന്റെയും അമലാ പോളിന്റെയും കെമിസ്ട്രി...സോറി....ബയോളജി വര്‍ക് ഒൗട്ടാകുന്ന ചില രംഗങ്ങളാണ്. വമ്പന്‍ ബിസിനസ് ടൈക്കൂണിന്റെ മകളാണെങ്കിലും അഞ്ജലി (അമലാ പോള്‍) ഭര്‍ത്താവിനെ ഊട്ടുന്നതിലും ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ അലക്കുന്നതിലും ജന്മ സായൂജ്യം കൊള്ളുന്ന 'കുലവിളക്ക്' ആണ്. അങ്ങനെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ആ വീട്ടില്‍ വിധി ചിക്കന്‍ ബിരിയാണി ആയി എത്തുകയാണ്.. ജയ് മോഹന്റെ കോട്ടിന്റെ പോക്കറ്റില്‍ നിന്നും അഞ്ജലി കണ്ടെടുക്കുന്ന ഹോട്ടല്‍ ബില്ലിലെ 'രണ്ട് ചിക്കന്‍ ബിരിയാണി'യില്‍ രണ്ടാമത്തേത് കഴിച്ചതാര് എന്ന അഞ്ജലിയുടെ അന്വേഷണം അവള്‍ക്ക് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവ് ജയ് ഒരു എക്സ്പോര്‍ട്ട് കമ്പനിയിലല്ല വര്‍ക്ക് ചെയ്യുന്നത്!!! പ്രേക്ഷകര്‍ക്ക് ഇത് നേരത്തെ അറിയാവുന്നതു കൊണ്ട് ഞെട്ടലും ഞൊട്ടലുമൊന്നും ഉണ്ടാകുന്നില്ല.
ഒരേ ദിവസം ബാംഗ്ലൂരില്‍ നടക്കുന്ന ഇന്ത്യാ ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരമാണോ, ഇസ്ലാമിക് കോണ്‍ഫറന്‍സാണോ, അതോ വേറെ എന്തെങ്കിലുമാണോ ഭീകരരുടെ ലക്ഷ്യം എന്ന് അറിയാതെ എല്ലാവരും കുഴഞ്ഞിരിക്കേ ജയ് മോഹന്‍ ഒറ്റയാള്‍ പട്ടാളമായി എല്ലാം കണ്ടെത്തുകയും ഭീകരരുടെ പദ്ധതി തകര്‍ക്കുകയും ചെയ്യുന്നതാണ് കഥയുടെ ബാക്കി.
ആദ്യ പകുതിയില്‍ ഹാസ്യ രംഗങ്ങളില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോള്‍ അതാ വരുന്നു ഒരു കിടിലന്‍ രംഗം.. ഭീകരന്‍ റാണ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ പാസ് വേഡ് ജയ് മോഹന്‍ ദാ ഊഹിച്ചു കണ്ടു പിടിക്കുന്നു!!! തിയേറ്ററില്‍ ചിരിയുടെ പൂരമായിരുന്നു. തുടര്‍ന്നങ്ങോട്ട് ചിരിക്കാനേറെയുണ്ട്. വില്ലന്റെ സങ്കേതത്തില്‍ കൈകള്‍ പിന്നിലാക്കി ബന്ധിച്ച് ബോംബു ഘടിപ്പിക്കപ്പെട്ട നിലയില്‍ അഞ്ജലിയെ കാണുന്ന ജയ് അത് നിര്‍വീര്യമാക്കാന്‍ ഏത് വയര്‍ മുറിക്കണം എന്ന് കുഴങ്ങുന്ന രംഗത്തില്‍ തലയറഞ്ഞ് ചിരിക്കാത്തവരായി ആരുമില്ല. അതു പോലെ ജയ് മോഹന്റെ മൊട്ട ബോസ് (സത്യരാജ്) തങ്ങളുടെ mission-ല്‍ അഞ്ജലിയെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ജയ് മോഹനോട് അപേക്ഷിക്കുന്ന രംഗം... പക്ഷേ ചിരിച്ച് ചിരിച്ച് കണ്ണു നിറഞ്ഞത് 'ആയിഷ' ആരാണെന്ന് വെളിപ്പെടുത്തുന്ന രംഗമാണ്.
മോഹന്‍ലാലിലെ നടന് പ്രത്യേകിച്ച് ഈ സിനിമയില്‍ ഒന്നും ചെയ്യാനില്ല. വികാര തീവ്രത വേണ്ടുന്ന രംഗങ്ങളില്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കൂര്‍പ്പിക്കുന്ന ഒരു പ്രത്യേക ഭാവം മോഹന്‍ലാലിന്റെ കഴിഞ്ഞ കുറെ സിനിമകളില്‍ കാണുന്നുണ്ട്. തുടക്കത്തില്‍ എന്തോ പുതുമ തോന്നിയെങ്കിലും ഇപ്പോള്‍ അരോചകവും അനുചിതവും ആയി തോന്നുന്നു ആ പ്രത്യേക ഭാവം. മോഹന്‍ലാല്‍ അമലാ പോളിനെ ramp walk പഠിപ്പിക്കുന്ന രംഗം ഗര്‍ഭിണികളും ഹൃദ്രോഗികളും കാണാതിരിക്കുന്നത് നന്ന്. ആക്ഷന്‍ രംഗങ്ങള്‍ ലാല്‍ മോശമാക്കിയില്ല എന്നതാണ് ഒരു ആശ്വാസം. അമലാ പോള്‍ എന്തിനോ വേണ്ടി തിളക്കുന്നു...അത്ര മാത്രം. ഇന്റലിജന്‍സ് വിംഗിന്റെ തലവന്‍ സത്യരാജിനെ ഒരു മണ്ടന്‍ കൊണാപ്പി ആക്കിയത് കഷ്ടമായിപ്പോയി. ആക്ഷന്‍ രംഗങ്ങളില്‍ പ്രത്യേകിച്ച് കാര്‍ ചേസ് രംഗങ്ങളില്‍ സംവിധായകന്‍ ജോഷിയുടെ ക്രാഫ്റ്റ് തെളിഞ്ഞു കാണുന്നുണ്ട്. ഛായാഗ്രാഹകന്റെയും. ഗാനങ്ങള്‍, ബി ജി എം എല്ലാം 'ചക്കക്കൊത്ത പിച്ചാത്തി' തന്നെ!
ഒരു നിര്‍ദേശമുണ്ട്. ജോഷിയുടെ 'സലാം കാഷ്മീര്‍' 'ലൈലാ ഒാ ലൈലാ' ഈ രണ്ട് ചിത്രങ്ങളും എല്ലാ ഭീകര പ്രവര്‍ത്തകരെയും നിര്‍ബന്ധമായും കാണിക്കണം. തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഇത്തരം 'കോമഡി പീസുകള്‍' ആണല്ലോ എന്ന സത്യം മനസ്സിലാക്കി അവരെല്ലാം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്തും.. ഉറപ്പാ!! പക്ഷേ ഇങ്ങനെയുള്ള സിനിമകള്‍ വന്‍ തുക മുടക്കി സ്വന്തമാക്കുന്ന ചാനല്‍ മേധാവികള്‍ പ്രേക്ഷക പ്രതികരണം കാണുമ്പോള്‍ ഭീകരന്‍മാരായി മാറാനും സാദ്ധ്യതയുണ്ട്.. ചുരുക്കത്തില്‍ ലൈലാ ഒാ ലൈലാ - മിഷന്‍ 'ആകെക്കുളം'ബ്ലിഷ്ഡ്!!!