പ്രിഥ്വീരാജ് അവതരിപ്പിക്കുന്ന വരുണ്‍ എന്ന ഇന്ത്യന്‍ ഒറിജിന്‍ അറ്റ്ലാന്റ സ്റ്റേറ്റ് പോലീസ് കഥാപാത്രത്തിന്റെ പ്രശ്നം സര്‍വൈവര്‍ ഗില്റ്റാണ്. രണ്ട് തരത്തില്‍ ഇത് അവതീര്ണമാകുന്നുണ്ട്. ഒന്ന് ഒരു പൊടെന്ഷ്യല്‍ ക്രൈം സീനില്‍ വെച്ച് ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വരുണിന്റെ ചെറിയൊരു പിഴ കൂടെയുള്ള പോലീസുകാരന്റെ മരണത്തിനിടയാക്കിയതാണ്. രണ്ടാമത്തേത് അല്പം കൂടെ സട്ടിലാണ്. അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുക വഴി ഒരു മൂന്നാം ലോകരാജ്യത്തെ ചുറ്റുപാടുകളില്‍ നിന്നും അനാഥനായ താന്‍ മാത്രം രക്ഷപ്പെട്ടു എന്നത് കുറ്റബോധമായി വരുണിനെ പിന്തുടരുന്നു, ഈ ഗില്റ്റി നിന്നും രക്ഷപ്പെടാന്‍ വയലന്സും ദേഷ്യവുമാണ് അയാള്‍ കാണുന്ന വഴി. എന്നാല്‍ ചുറ്റുമുള്ള എല്ലാ മനുഷ്യരോടും അഗാധമായ കണ്‍സേണ്‍ ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാന്‍ അറിയില്ല. എല്ലാ മനുഷ്യജീവനും അമൂല്യമാണെന്ന് അയാള്‍ കരുതുന്നു.
വരുണിന്റെ നേരെ എതിര്‍ സ്വഭാവമാണ് നിവിന്‍ പോളി അവതരിപ്പിക്കുന്ന കൃഷ് ഹെബ്ബാര്‍ എന്ന കഥാപാത്രം. ഹീ സീസ് എവരി അദര്‍ ഹ്യൂമന്‍ ബീയിങ്ങ് ഏസ് ഹിസ് കോമ്പെറ്റീഷന്‍. 'പൂണൂലിട്ടവനു ഇന്ത്യയില്‍ രക്ഷപ്പെടാന്‍ വിദ്യാഭ്യാസം മാത്രമേ രക്ഷയുള്ളൂ' എന്ന അയാളുടെ സംഭാഷണം അയാളുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. വരുണിനെ അപേക്ഷിച്ച് ഇന്ത്യയില്‍ തന്നെ വളര്‍ന്നിട്ടും ചുറ്റുമുള്ള മനുഷ്യരെപ്പറ്റി അയാള്‍ക്ക് യാതൊരു കണ്‍സേണുമില്ല (ഇത് ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്, ഈ ഡയലോഗിന്റെ പുറത്ത് ഇത് സിനിമയുടെ രാഷ്ടീയമാണ് എന്ന് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല. സിനിമയില്‍ അത്തരമൊരു സൂചന ഇല്ല). അബ്ദുള്‍ക്കലാമിന്റെ ക്വോട്ടൊക്കെ ജീവിതമന്ത്രമാക്കി ജീവിക്കുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ മിഡില്ക്ലാസുകാരനാണ് കൃഷ്. സ്വന്തം ജീവിതവിജയത്തിനു വേണ്ടി അയാള്‍ എന്തും ചെയ്ത്കളയും. മറ്റുള്ള മനുഷ്യര്‍ അയാള്ക്കൊരു പ്രശ്നമല്ല. തന്റെ കമ്പനിയില്‍ അമേരിക്കന്‍ പൗരന്മാര്‍ മാത്രം മതി എന്ന് അയാള്‍ തീരുമാനിക്കുന്നു, അയാള്‍ വന്ന വഴി അമേരിക്കകാരുടെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു എന്നത് സൗകര്യപൂര്വം മറന്ന് കൊണ്ട്,
ഈ രണ്ട് കഥാപാത്രങ്ങളുടെയും യാത്ര സമാന്തരമായി കാണിച്ച് കൊണ്ടാണ് ഇവിടെ എന്ന സിനിമ പുരോഗമിക്കുന്നത്. ഒരു പോയിന്റില്‍ വെച്ച് അവ കൂട്ടിമുട്ടുന്നു. ഇവര്‍ രണ്ട് പേരും ഒഴിച്ചാല്‍ മറ്റു കഥാപാത്രങ്ങളെയൊന്നും വികസിപ്പിക്കുന്നതില്‍ തിരക്കഥാകൃത്ത് ശ്രദ്ധ കാണിച്ചില്ല. അവരൊക്കെ കാര്‍ഡ് ബോഡില്‍ നിന്നും വെട്ടിയെടുത്ത് വെച്ചത് പോലെ ആയിപ്പോയി. നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം കാണിക്കുന്നത് ഒട്ടും കണ്‍വിന്സിങ് ആയിത്തോന്നിയില്ല. ക്ലൈമാക്സ് സീനിനു മുറുക്കമില്ലാതെ ആയിപ്പോയി. ഇതൊക്കെയൊഴിച്ചാല്‍ നല്ല സിനിമയാണ് ഇവിടെ. നല്ല സിനിമാറ്റോഗ്രഫി, നല്ല എഡിറ്റിങ്ങ്, നല്ല പശ്ചാത്തലസംഗീതം, നല്ല സൗണ്ട് മിക്സിങ്ങ്. പൃഥ്വിരാജ് ഈസ് ജസ്റ്റ് റ്റൂ ഗുഡ്.
ഋതുവും ആര്ട്ടിസ്റ്റും പോലുള്ള അസംബന്ധനാടകങ്ങള്‍ക്കിടയിലും ശ്യാമപ്രസാദിനെക്കൊണ്ട് ഇംഗ്ലീഷും ഇവിടെയും പോലുള്ള സിനിമകള്‍ എടുപ്പിക്കുന്നു എന്നതാണ് അജയന്‍ വേണുഗോപാലോട് എനിക്കുള്ള ഇഷ്ടം.