Attachment | Size |
---|---|
eenam1.jpg | 42.53 KB |
ഹവ്വോള്‍ഡാര്‍യൂ എന്ന അഭ്രകാവ്യത്തിനു ഒരു ആസ്വാദനമെഴുതാനുള്ള പാഴ്ശ്രമം നടത്തി നോക്കുകയാണ്. പട്ടുനൂലിനോട് വാഴനാരു ചേര്‍ത്തുവെയ്ക്കുന്നതിലെ അസാംഗത്യം അറിയായ്ക അല്ല. ഏതായാലും പടം കണ്ടവര്‍ മാത്രം താഴേക്ക് വായിച്ചാല്‍ മതിയാകും , സംഗതി സ്പോയിലറാണ്.
ആകാശവാണിയില്‍ അനൗണ്‍സറായ രാജീവ്, കളക്ടറേറ്റില്‍ യു.ഡി.ക്ലര്‍ക്കായ നിരുപമ രാജീവ്, ഇവരുടെ മകള്‍ ലച്ചു എന്നിവര്‍ ചേര്‍ന്ന കുടുംബം അത്ര സന്തുഷ്ടരല്ലാതെ ജീവിച്ച് പോകുന്നു. അയര്‍ലണ്ടില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കണമെന്നതാണ് ലച്ചുവിന്റെ ഏറ്റവും വലിയ ജീവിതസ്വപ്നം കൂട്ടുകാരേ. രാജീവ് അയര്‍ലണ്ട് വിസാ ഇന്റര്‍വ്യൂയ്ക്ക് പോകാനൊരുങ്ങും മുന്പേ വണ്ടി ആക്സിണ്ടന്റാവുന്നു. രാജീവിന്റെ പേരില്‍ കേസില്ലാതിരിക്കാന്‍ നിരുപമ സ്വന്തം പേരില്‍ ആ കേസ് ഏറ്റെടുക്കുകയാണ്. കാലാവധി കഴിഞ്ഞതെന്നത് ശ്രദ്ധിക്കാതെ ലൈസന്‍സ് എടുത്ത് കേസിനായി സബ്മിറ്റ് ചെയ്യുകയാണ് നിരുപമയും രാജീവും. അതോടെ സംഗതി ഗുലുമാലാകുന്നു.
എന്നാല്‍ വിധി അവര്‍ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സ്കൂളില്‍ വെച്ച് ലച്ചു, സ്കൂളു കാണാനെത്തിയ ഇന്ത്യന്‍ പ്രസിഡന്റിനോട് (നിങ്ങള്‍ കേട്ടത് ശരിയാണ്, ഇന്ത്യന്‍ പ്രസിഡന്റ് തന്നെ) എന്തോ ചോദിക്കുന്നു. കലിപ്പായ പ്രസിഡന്റ് ലച്ചുവിന്റെ അമ്മ അലിയാസ് നിരുപമയെ ബ്രേയ്ക്ഫാസ്റ്റ് ഗസ്റ്റായി വേണമെന്ന്‍ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ കേരളപ്പോലീസാകട്ടെ ഹൈ റെസലൂഷന്‍ ആധാര്‍കാര്‍ഡിന്റെയും സൈബര്‍പോലീസിന്റെ പിന്‍ബലത്തില്‍ നിരുപമയെ കണ്ടെത്തുന്നു.
ഐജി ആപ്പീസിലേക്ക് വിളിക്കപ്പെട്ട നിരുപമയും ഐജി ലാലു അലക്സും തമ്മിലുള്ള ഡയലോഗ്:ഐജി : "മിസ്സിസ് നിരുപമ മറ്റെന്നാള്‍ ഓഫീസില്‍ പോകണ്ട. വിത്തിന്‍ റ്റ്വന്റിഫോര്‍ അവേഴ്സ്, ഐ മീന്‍, നാല്‍പത്തെട്ട് മണിക്കൂറിനകം നിരുപമ ഇന്ത്യന്‍ പ്രസിഡന്റിന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിച്ചിരിക്കണം. ഇറ്റ്സ് മൈ ഓര്‍ഡര്‍."നിരുപമ : "അതിനു മറ്റെന്നാള്‍ എനിക്ക് ആക്സിഡന്റ് കേസിന്റെ കാര്യത്തിനു ട്രാഫിക് സ്റ്റേഷനില്‍ പോകാന്‍ സി.ഐ വിളിപ്പിച്ചിട്ടുണ്ട്"ഐജി: "അതെല്ലാം മറന്നേക്കൂ. ആ കേസൊക്കെ ഞങ്ങള്‍ ഓള്‍റെഡി കൈകാര്യം ചെയ്തു. ഇനി ആ കേസില്ല" മൂന്ന് വര്‍ഷം വരെ ജയിലില്‍ കിടക്കാന്‍ വകയുള്ള ലൈസന്സില്ലാതെ വണ്ടിയോടിച്ച് ആളെയിടിച്ച നിരുപമയ്ക്കെതിരെ ഉള്ള ക്രിമിനല്‍ കേസ് ഐജി അങ്ങനെ അങ്ങ് എഴുതിത്തള്ളുന്നു. ചീള് കേസ്.
പ്രസിഡന്റിനെക്കാണാന്‍ താജിലെത്തുന്ന നിരുപമയോട് കോണ്‍സ്റ്റബിള്‍ കുട്ടന്പിള്ള പോക്കറ്റടിക്കാരന്‍ പരമുവിനോട് പെരുമാറുന്ന പോലെ പ്രസിഡന്റിന്റെ സെക്യൂരിററ്റി ഗാര്‍ഡുകള്‍ മുഴുവന്‍ പെരുമാറുകയാണ് കൂട്ടുകാരെ. ഹോസ്പിറ്റാലിറ്റി എന്നൊരു സംഗതിയെപ്പറ്റി പ്രസിഡന്റിന്റെ ഓഫീസ് കേട്ടിട്ടു പോലുമില്ലല്ലോ. അത് കാരണം ടെന്‍ഷന്‍ കയറിയതാണോ ടാജിലെ ഫുഡടിച്ച് ഡയബ്റ്റിസ് കൂടിയതാണോ എന്നറിയില്ല നിരുപമ പ്രസിഡന്റിന്റെ മുന്നില്‍ ബോധം കെട്ടങ്ങട് വീഴുന്നു. കട്...
ഈ നാണക്കേട് സഹിക്കാന്‍ വയ്യാതെ രാജിവും ലച്ചുവും നിരുപമയെ കേരളത്തിലുപേക്ഷിച്ച് അയര്‍ലണ്ടിലേക്ക് പോകുന്നു. ഇതേ സമയം ഫേസ്ബുക്കില്‍ പ്രസിഡന്റിനെക്കണ്ട് ബോധം കെട്ട നിരുപമ ജോക്കുകള്‍ വൈറലാവുകയാണ്. അങ്ങനെ ഫേസ്ബുക്ക് ലിഞ്ചിങ്ങിനിരയായവരുടെ വേദനകള്‍ ചിത്രീകരിച്ച മലയാളസിനിമാചരിത്രത്തിലെ ആദ്യ സിനിമ കൂടിയാണ് ഹവ്വോള്‍ഡാര്‍യൂ...
ഇതിനിടെ കളക്റ്ററേറ്റില്‍ നിരുപമയെക്കാണാന്‍ ഓള്‍ഡ് ക്ലാസ്മേറ്റ് കനിഹ എത്തുന്നു. അവിടെ വെച്ച് ആ നഗ്നസത്യം കനിഹ കളക്ടറോട് തുറന്നു പറയുന്നു. ഇന്നീ നിരുപമ ആകും മുന്പേ പണ്ട് കോളേജില്‍ നിരുപമ ബാഷയായിരുന്നു, പടയപ്പ ആയിരുന്നു, രജനീകാന്തായിരുന്നു. വിദ്യാര്‍ഥിസമരത്തിന്റെ അന്ന് നിരുപമ ക്ലാസില്‍ കയറുമായിരുന്നു. ഒറ്റയ്ക്ക് സമരം ചെയ്ത് കോളേജില്‍ ഹൈക്കോടതി ബില്ഡിങ്ങോളം പോന്ന കമ്പ്യൂട്ടര്‍ ലാബ് പണിതിട്ടുണ്ട്. ഒന്നും പോരെങ്കില്‍ ധാരാവിയിലെ ഒരു തെരുവ് പണ്ട് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടും ഉണ്ട്.
ജഗന്‍ നീയിറങ്ങണം, അല്ല സോറി നിരുപമ നീയിറങ്ങണം എന്നാലേ ഇനി ഇവിടെ വല്ലതും നടക്കൂ എന്ന് കനിഹ പറയുന്നു. എണ്ണം വെച്ചോ നാലാമത്തെ പെഗ്ഗില്‍ ട്രോപ്പിക്കാന ഒഴിക്കും മുന്പ് ഞാനെത്തും എന്നാള്‍ ജഗന്‍ .. സോറി അല്ല നിരുപമ..
ഇനിയാണ് പ്ലോട്ടിലെ മാരക ട്വിസ്റ്റ്. നിരുപമ ടെറസില്‍ ഉണ്ടാക്കിയ പച്ചക്കറി സലാഡായി ദേവന്‍ അവതരിപ്പിക്കുന്ന കല്യാണരാമന്റെയോ ശങ്കരരാമന്റേയോ മറ്റോ മുന്നില്‍ എത്തുന്നു. തക്കാളി ഒന്ന് കടിക്കുന്ന കല്യാണരാമന്‍ ഞെട്ടുന്നു. ഇത്രക്ക് സുദ്ധമായ തക്കാളി നാന്‍ ഇതുക്ക് മുന്നേ സാപ്പിടലയേ എന്നൊക്കെ തമിഴില്‍ പറഞ്ഞൊപ്പിക്കുന്നു. പിടിച്ച പിടി നിരുപമയെ വിളിച്ച് തന്റെ മകളുടെ നാലു മാസം കഴിഞ്ഞുള്ള കല്യാണത്തിന്റെ ഓര്‍ഗാനിക് പച്ചക്കറി സപ്ലി ചെയ്യാനുള്ള കോണ്ട്രാക്റ്റ് ഏല്‍പിക്കുന്നു.
അതോടെ നിരുപമ പച്ചക്കറി കൃഷി തുടങ്ങുകയാണ്. നിരുപമയുടെ ഭാഷയില്‍ പറഞ്ഞാല്‍ നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം നിരുപമ ഇറങ്ങുകയാണ്. ചില കളികളൊക്കെ കളിക്കാനും ചിലത് കളിപ്പിക്കാനും. കാബേജ് മുതല്‍ തക്കാളിയടക്കം വലിയുള്ളി വരെ വിവിധ ടെറസുകളില്‍ നട്ട ശേഷം നിരു അവയോടാജ്ഞാപിക്കുന്നു. കൃത്യം നാലു മാസം കഴിഞ്ഞ് ആറാന്തീ വിളഞ്ഞോണം.
ഒരു ഹോബി എന്ന നിലയില്‍ നിരുപമ മന്ത്രിയുടെയും കളകറ്ററുടെയും മുന്നില്‍ പ്രസന്റേഷന്‍ ചെയ്യുന്നു. വിക്കിപ്പീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, മാതൃഭൂമി എന്ഡോസള്‍ഫാന്‍ ഇഷ്യൂവില്‍ വന്ന ഫോട്ടോകള്‍ എന്നിവയുടെ കൊളാഷ് പ്രസന്റേഷനില്‍ കണ്ട മന്ത്രി ഞെട്ടിത്തരിച്ച് പോവുകയാണ്. അതോടെ സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയില്‍ പച്ചക്കറി നടാനുള്ള ലീഡര്‍ഷിപ്പ് നിരു ഏറ്റെടുക്കണം എന്ന് മന്ത്രി നിര്‍ബന്ധിക്കുന്നു.
കറക്റ്റ് ആ സമയത്ത് അയര്‍ലണ്ടില്‍ നിന്നും നിരുപമയ്ക്കുള്ള വിസയുമായി രാജീവ് എത്തുന്നു. കല്യാണത്തിന്റെ പച്ചക്കറി വിളഞ്ഞോ എന്നറിയാന്‍ പരിവാരങ്ങളുമായി കല്യാണരാമന്‍ എത്തുന്നു. ആകെ സസ്പെന്‍സ്. കല്യാണത്തലേന്ന് പച്ചക്കറി പറിക്കാന്‍ നിരുപമയ്ക്ക് സാധിക്കുമോ? അയര്‍ലണ്ടില്‍ പോകേണ്ടി വരുമോ? മന്ത്രിയുടെ ഓഫര്‍ എന്താകും?അവസാനം കൃത്യം കല്യാണത്തിന്റന്ന് തന്നെ തക്കാളി മുതല്‍ വലിയുള്ളി വരെ എല്ലാം വിളയുകയാണ് കൂട്ടുകാരെ വിളയുകയാണ്. ആജ്ഞ നിരുപമയുടേതാര്‍ന്നല്ലോ, കല്‍പന കല്ലേപ്പിളര്‍ക്കും. നാലു നേന്ത്രക്കുലയും രണ്ട് വരിക്കച്ചക്കയും കൂടെ അന്ന് തന്നെ വിളവെടുക്കുന്നതായി കാണിച്ചാല്‍ ഒന്നൂടെ കേമമായേനെ എന്ന് റോഷന്‍ ആന്ഡ്രൂസിനോട്‌ഒരു സജഷനുണ്ട്. ഏതായാലും അവിടെ കല്യാണം ഇവിടെ വിളവെടുപ്പ് അവിടെ കല്യാണം ഇവിടെ വിളവെടുപ്പ്.
ശേഷം അയര്‍ലണ്ടിലേക്ക് ഒറ്റക്ക് തന്നെ പോകാന്‍ രാജീവിനോട് പറഞ്ഞ ശേഷം നിരു കേരളത്തിലെ ഭക്ഷ്യോല്‍പാദനവിതരണശൃംഖലയെ ആകെ മാറ്റിമറിക്കുന്നു. ബ്രേയ്ക് ഫാസ്റ്റ് കഴിക്കാന്‍ കമ്പനി ഇല്ലാതെ വിഷമിക്കുന്ന ഇന്ത്യന്‍ പ്രസിഡന്റ് നിരുപമയെ രാഷ്ട്രപതി ഭവനിലോട്ട് വിളിക്കുന്നു. അപ്പത്തന്നെ ഒരവാര്‍ഡും നല്‍കുന്നു. യൂവാര്‍ ദ ഫ്യൂച്ചര്‍ പച്ചക്കറി ഓഫ് ഇന്ത്യ. നിരുപമ ഫ്ലാറ്റ്, ലച്ചു ഫ്ലാറ്റ്, രാജീവ് ഫ്ലാറ്റ്.
ഇന്ദിരാഗാന്ദി മുതല്‍ കല്‍പനാ ചൗള വരെ റോഷന്‍ ആന്ഡ്റുസിനറിയാവുന്ന പ്രശസ്തരായ എല്ലാ സ്ത്രീകളുടെയും പാസ്പോര്‍ട് സൈസ് ഫോട്ടോ സ്ക്രീനില്‍ തെളിയുന്നതോടെ രംഗനാടകം അവസാനിക്കുന്നു. കഥ ഇവിടെയൊന്നും തീരുന്നില്ല കൂട്ടുകാരെ.