മഹാമൗനത്തിന് ശേഷം

Submitted by Sreejith D on Wed, 03/26/2014 - 17:16

ആദ്യമേ പറയട്ടേ, ഓര്‍മക്കുറിപ്പുകള്‍ എഴുതാനുള്ള പ്രായമായിട്ടില്ല. സംഗീതത്തെ കുറിച്ചെഴുതാന്‍ അറിവുമില്ല. പാട്ടുമായി ഒരു ബന്ധവുമില്ലാത്ത ഒരുത്തനാണ് ഞാന്‍. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് പാട്ടിനൊപ്പം ഡസ്‌കില്‍ കൊട്ടാന്‍ ശ്രമിച്ചാല്‍ ക്ലാസ് ഒറ്റക്കെട്ടായി എതിര്‍ക്കും. സുഹൃത്തുക്കള്‍ പാടുമ്പോള്‍ ആവേശം മൂത്ത് മൂളിയാല്‍ എല്ലാവരുടേയും കണ്ണ് എന്റെ നേര്‍ക്കാകും-നൊ, ഡിയര്‍, നൊ എന്നര്‍ഥത്തില്‍. പക്ഷേ സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ ജോണ്‍സന്‍ എന്ന പേര് ഉറച്ചു മനസില്‍ ഉറച്ചുപോയിട്ടുണ്ട്. ശാസ്ത്രീയ സംഗീതമൊന്നും പഠിക്കാത്ത ആളാണെന്ന് കേട്ടപ്പോ തന്നെ ആ പേരിനോട് ഒരിഷ്ടമായി. കിരണ്‍ എം3ഡിബിയില്‍ എഴുതിയിട്ടുള്ള ജോണ്‍സന്‍ മാഷെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോള്‍ ഏകദേശം പത്തുവര്‍ഷം മുമ്പുള്ള ഒരോര്‍മ്മ മൂളിപ്പാട്ടുമായി എത്തി. സന്തോഷമോ സങ്കടമോ എന്നൊന്നും തിട്ടപ്പെടുത്താന്‍ പറ്റാത്ത ഒരു ഓര്‍മ്മ.   2005-ല്‍ ആയിരിക്കണം. ഡല്‍ഹിയിലേയ്ക്ക് പോരുന്നതിന് മുമ്പ്, കോഴിക്കോട്ട് മാതൃഭൂമി ഡസ്‌കില്‍ സുഖ ജീവിതംകാലം. എട്ടു മണിക്കൂര്‍ ജോലി, പതിനാറ് മണിക്കൂര്‍ സിനിമയും ചങ്ങാത്തവും.      

  ഒരു ദിവസം പ്രമോദ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന രഞ്ജന്‍ പ്രമോദ് വിളിച്ചു, മഹാറാണി ഹോട്ടലില്‍ എത്താമോ എന്നു ചോദിച്ച്. പ്രമോദിന്റെ ആദ്യ പടത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നറിയാം. അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നിടത്ത് ചെന്ന് ചര്‍ച്ചകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.  മദ്യപാനം തീരെയില്ലാത്ത, കമ്പിനി കൂടല്‍ ഒട്ടുമില്ലാത്ത പ്രമോദ് മഹാറാണിയിലേയ്ക്ക് ക്ഷണിക്കുന്നതെന്തിനെന്ന് അമ്പരന്നാണ് ചെന്നത്. കണ്ടപ്പോഴേ പ്രമോദ് പറഞ്ഞു- 'അടുത്ത മുറിയില്‍ ജോണ്‍സന്‍ മാഷുണ്ട്'. മാഷെകൊണ്ട് മ്യൂസിക് ചെയ്യിക്കാന്‍ തീരുമാനിച്ച് അദ്ദേഹത്തെ അന്വേഷിച്ച കാര്യം കുറച്ചു ദിവസം മുമ്പ് പ്രമോദ് പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായിട്ട് മാഷ് തീരെ പടങ്ങള്‍ ചെയ്യുന്നുണ്ടായില്ല. അതല്ല അത്ഭുതം മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും മാഷ് ആ സമയത്ത് എവിടെയാണ് എന്നു പോലും അറിയില്ലായിരുന്നുവത്രേ. തമിഴ്‌നാട്ടിലായിരുന്ന മാഷെ പ്രമോദ് കാണുന്ന സമയത്ത് സ്വന്തം പാട്ട് കേട്ടാല്‍ ദേഷ്യം വരുന്ന തരത്തിലേയ്ക്ക് മാഷുടെ മാനസികാവസ്ഥ മാറിയിട്ടുണ്ടായിരുന്നുവെന്നും പ്രമോദ് പറഞ്ഞിരുന്നു. സംഗീതം ചെയ്യാനാദ്യം സമ്മതിച്ചില്ലെങ്കിലും പ്രമോദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കോഴിക്കോട്ടേയ്ക്ക് എത്തിയതാണ്. പക്ഷേ മുറിയില്‍ നിശബ്ദമായി തന്നെ ഇരിക്കുകയാണ് ഒന്നും പറയുന്നില്ല. 

   എന്തായാലും രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ മാഷുടെ മുറിയിലേയ്ക്ക് പോയി. പ്രമോദും വേണുവും പിറകെ ഞാനും. പ്രമോദ് ഞങ്ങളെ മാഷ്‌ക്ക് പരിചയപ്പെടുത്തി. നിശബ്ദമായി അദ്ദേഹം ഇരുന്നു. പതുക്കെ സംഗീതത്തെ കുറിച്ചായി ചര്‍ച്ച. ഞാന്‍ നിശബ്ദന്‍, അജ്ഞന്‍. മാഷ് ഇടയ്ക്ക് ചെറുതായി ചിരിക്കുകയും ചര്‍ച്ച കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ആരോ പെട്ടന്ന് മാഷുടെ ഇഷ്ടമുള്ള പാട്ടേതാണെന്ന് എന്നോട് ചോദിച്ചു. എന്റെ മുഖത്തെ ചോരവറ്റി. പക്ഷേ 'എന്റെ മണ്‍വീണയില്‍' എന്ന് എങ്ങനെയോ പറഞ്ഞു. പക്ഷേ അതിന് മറുപടിയായി മാഷുടെ കണ്ണുകളില്‍ കണ്ട തിളക്കം ഞാന്‍ മറക്കില്ല. എന്റേയും പ്രിയപ്പെട്ട പാട്ടാണത്- മാഷ് പറഞ്ഞു. മാഷത് പതുക്കെ മൂളി. അതിന് പിറകെ മറ്റൊന്ന്. പിന്നെ മറ്റൊന്ന്. ഹര്‍മോണിയമെടുത്തു. ഞാന്‍ ഓഫീസില്‍ പോയില്ല. രാത്രി വൈകി പിരിയുമ്പോള്‍ ഒരു അഭിമുഖം ചോദിക്കാനുള്ള അടുപ്പമുണ്ടായിരുന്നു. പക്ഷേ അപ്പോഴും പാട്ടിനെ കുറിച്ച് ചോദിക്കാനും പറയാനും ധൈര്യമില്ലാത്തതിനാല്‍, സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശരത്കൃഷ്ണയെ വിളിച്ചു. 

   പിറ്റേ ദിവസം വീണ്ടും മഹാറാണിയില്‍. ആ അഭിമുഖത്തിലാണ് നിശബ്ദതയുടെ തന്റെ കാലത്തെ കുറിച്ച് മാഷ് തുറന്ന് പറയുന്നത്. 'ഭൂമി ദേവിതന്‍ ആത്മാവിന്‍ മൗനം' എന്നോ മറ്റോ പേരിലാണ് ശരത്തിന്റെ ആ അഭിമുഖം മാതൃഭൂമി വരാന്തപതിപ്പില്‍ അത് അച്ചടിച്ച് വന്നത്. മികച്ച അഭിമുഖത്തിലുള്ള അവാര്‍ഡുകളും പിന്നീടതിന് കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. 

  പ്രമോദിന്റെ സിനിമ പരാജയമായിരുന്നു; അതിലെ ജോണ്‍സന്‍ മാഷുടെ പാട്ടുകള്‍ ഹിറ്റായി എങ്കിലും.  എന്തൊരു ക്രാഫ്റ്റും എഴുത്തിന്റെ കത്തലും ഉള്ള മനുഷ്യനാണ് പ്രമോദ്. ആദ്യ സിനിമയേല്‍പ്പിച്ച ആഘാതം കനത്തതായിരിക്കണം. മോഹന്‍ലാല്‍ ഫാന്‍സ് പ്രമോദിന്റെ വീട് ആക്രമിക്കുക വരെ ചെയ്തു. കോഴിക്കോട് വിട്ടതിന് ശേഷം പ്രമോദുമായുള്ള ബന്ധം മുറിഞ്ഞു. വല്ലപ്പോഴുമുള്ള ഫോണ്‍വിളികള്‍ തീരെയില്ലാതായി. എങ്കിലും ആ രാത്രി, ജോണ്‍സണ്‍ മാഷിന്റെ പാട്ടില്‍ സ്വപ്‌നം പോലെ ഇരുന്ന രാത്രി മറക്കില്ല, അതിന് പ്രമോദിനോട് എല്ലാക്കാലത്തും ഞാന്‍ കടപ്പെട്ടിരിക്കും. 

Relates to