എംത്രീഡിബി നടത്തിയ 2012 ലെ ഏറ്റവും ജനപ്രിയങ്ങളായ ഗാനങ്ങൾ തിരഞ്ഞെടുക്കാനുള്ള മൽസരത്തിൽ ഏറ്റവുമധികം പോയിന്റുകൾ കരസ്ഥമാക്കി ആദ്യ പത്തു സ്ഥാനങ്ങളിൽ വന്ന ഗാനങ്ങൾ ചുവടേ കൊടുക്കുന്നു.
Song | Point | Position | Lyrcist | Music | Singers |
അഴലിന്റെ ആഴങ്ങളിൽ (അയാളും ഞാനും തമ്മിൽ) | 21 | 1 | വയലാർ ശരത്ചന്ദ്രവർമ്മ | ഔസേപ്പച്ചൻ | നിഖിൽ മാത്യു & അഭിരാമി അജയ് |
നിലാമലരേ നിലാമലരേ (ഡയമണ്ട് നെക്ലേസ്) | 21 | 1 | റഫീക്ക് അഹമ്മദ് | വിദ്യാസാഗർ | ശ്രീനിവാസ് രഘുനാഥൻ |
മരണമെത്തുന്ന നേരത്ത് ( സ്പിരിറ്റ് ) | 17 | 2 | റഫീക്ക് അഹമ്മദ് | ഷഹബാസ് അമൻ | ഉണ്ണിമേനോൻ |
മഴകൊണ്ടുമാത്രം മുളയ്ക്കുന്ന (സ്പിരിറ്റ്) | 17 | 2 | റഫീക്ക് അഹമ്മദ് | ഷഹബാസ് അമൻ | ഷഹബാസ് അമൻ |
മുത്തുച്ചിപ്പി പോലൊരു(തട്ടത്തിൻ മറയത്ത്) | 17 | 2 | അനു എലിസബത്ത് ജോസ് | ഷാൻ റഹ്മാൻ | രമ്യ നമ്പീശൻ& സച്ചിൻ വാര്യർ |
തൊട്ട് തൊട്ട് നോക്കാമോ (ഡയമണ്ട് നെക്ലേസ്) | 16 | 3 | റഫീക്ക് അഹമ്മദ് | വിദ്യാസാഗർ | നജിം അർഷാദ് & അഭിരാമി അജയ് |
അനുരാഗത്തിന് വേളയില്‍... (തട്ടത്തിന് മറയത്ത്) | 15 | 4 | വിനീത് ശ്രീനിവാസൻ | ഷാൻ റഹ്മാൻ | വിനീത് ശ്രീനിവാസൻ |
വാതിലിൽ ആ വാതിലിൽ( ഉസ്താദ് ഹോട്ടൽ) | 15 | 4 | റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ഹരിചരൺ |
അകലെയോ നീ അകലെയോ(ഗ്രാന്‍ഡ് മാസ്റ്റര്‍ ) | 14 | 5 | ചിറ്റൂർ ഗോപി | ദീപക് ദേവ് | വിജയ് യേശുദാസ് |
ഓ മൈ ജൂലി നീയെൻ ഗാനം(ചട്ടക്കാരി) | 14 | 5 | രാജീവ് ആലുങ്കൽ | എം ജയചന്ദ്രൻ | രാജേഷ് കൃഷ്ണ & സംഗീത ശ്രീകാന്ത് |
അഴലിന്റെ ആഴങ്ങളിൽ (അയാളും ഞാനും തമ്മിൽ)
അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ വയലാർ ശരച്ചന്ദ്രവർമ്മ എഴുതി നിഖിൽ മാത്യുവും അഭിരാമിയും ചേർന്നാലപിച്ചിരിക്കുന്ന ‘അഴലിന്റെ ആഴങ്ങളിൽ’ എന്ന ഗാനവും ഡയമണ്ട് നെക്ലേസിൽ വിദ്യാസാഗറിന്റെ സംഗീത്തിൽ റഫീക് അഹമ്മദ് എഴുതി ശ്രീനിവാസ് രഘുനാഥൻ ആലപിച്ച ‘നിലാമലരേ’യും 21 പോയിന്റുകൾ വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
‘അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ്...
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
ഇരുള് ജീവനെ പൊതിഞ്ഞു ,
ചിതല് പ്രാണനില്‍ മേഞ്ഞു ,
കിതയ്ക്കുന്നു നീ .... ശ്വാസമേ .....’ എന്ന് ശരച്ചന്ദ്രവർമ്മ. മറ്റൊരു പാട്ടിൽ ഒരു കിളിയെ മേയാൻ വിട്ട അദ്ദേഹം ഈ ഗാനത്തിൽ ചിതലിനെ ആണ് ആ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. പ്രാണനിൽ ചിതൽ മേയുമ്പോൾ ശ്വാസം കിതയ്ക്കും എന്നും പറഞ്ഞിരിക്കുന്നു അദ്ദേഹം.
അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ....
ഇനിയെന്റെ ഉൾപ്പൂവില് മിഴിനീരു നീ....
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ....
എന്‍ നിദ്രയെ, പുണരാതെ നീ.... എന്നൊക്കെ തട്ടുന്നുണ്ട് ഈ ഗാനത്തിൽ. പരസ്പരബന്ധമൊന്നും വരികൾക്കു തമ്മിൽ ഉണ്ടെന്നു കരുതുക വയ്യ. ചില പ്രസ്താവനകൾ നടത്തുന്നു എന്നു മാത്രം. എന്റെ നിദ്രയെ പുണരാതെ പോകൂ വിഷാദരാവേ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് സംശയം മാത്രം. എരിവേനലിൽ അത്തറായ് നീ പെയ്യും നാൾ ദൂരെയായ് എന്നൊക്കെ എഴുതിവിടുന്നുമുണ്ട്. ഏതായാലും സംഗീതത്തിന്റെ മധുരിമകൊണ്ട് ഇതൊരു ഫിലോസഫിക് സോങ്ങ് ആണെന്ന് തോന്നിപ്പിച്ചു കയ്യടി വാങ്ങുന്നു നിർമ്മാതാക്കൾ. ഏതായാലും ഏറ്റവുമധികം പേർ ഇഷ്ടപ്പെട്ട ഗാനമെന്ന നിലയ്ക്ക് ഒന്നാം സ്ഥാനം ഇത് അടുത്ത ഗാനവുമായി പങ്കിട്ടെടുക്കുന്നു.
നിലാമലരേ നിലാമലരേ (ഡയമണ്ട് നെക്ലേസ്)
സംഗീതത്തിന്റെയും ആലാപനത്തിന്റേയും വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായ ഗാനമാണ് വിദ്യാസാഗറിന്റെ സംഗീതത്തിൽ റഫീക് അഹമ്മദ് എഴുതിയ
‘നിലാമലരേ നിലാമലരേ
പ്രഭാകിരണം വരാറായി
സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ നാളമേ ആളൂ നീ…’ എന്ന ഗാനം. ഡയമണ്ട് നെക്ലേസിലേതാണ് ഈ ഗാനം. ആലപിച്ചിരിക്കുന്നത് ശ്രീനിവാസ് രഘുനാഥൻ. കാമുകിക്ക് പ്രതീക്ഷ പകരുന്ന ഒരുഗാനമായി ഇത് പ്രകാശം പരത്തുന്നു. മഴവിരൽ, നിമിഷശലഭം തുടങ്ങിയ പദങ്ങൾ ഇതിൽ അണിനിരക്കുന്നു. ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി പോരൂ കാർമുകിലേ എന്നെഴുതി മഴയെ പൂവാക്കിയിട്ടുണ്ടെങ്കിലും ഉദയകിരണമേ കനകമണിയൂ നീ എന്ന് അമ്പരപ്പിച്ചെങ്കിലും അധികം തരക്കേടില്ലാത്ത ഒരു ഗാനമാണിത്. ഈ ഗാനവും 21 പേർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ഇതും ഒന്നാം സ്ഥാനത്തു നിൽക്കുന്നു.
മരണമെത്തുന്ന നേരത്ത് - സ്പിരിറ്റ്
രണ്ടാമതായി എത്തിയ ഗാനം മരണമെത്തുന്ന നേരത്ത് എന്ന ഗാനമാണ്. സ്പിരിറ്റ് എന്ന ചിത്രത്തിൽ റഫീക് അഹമ്മദ് എഴുതി ഷഹബാസ് അമൻ സംഗീതം നൽകി ഉണ്ണിമേനോൻ ആലപിച്ച ഈ ഗാനമാണ്. ഒരു ഗാനത്തേക്കാളുപരി ഒരു കവിതയുടെ ചട്ടക്കൂടാണിതിനുള്ളത്.
‘മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ..’ എന്ന യാചന ഉടനീളം ഈ ഗാനത്തിൽ കടന്നുവരുന്നു. അതെന്തിനെന്നെല്ലാം വിവരിക്കുന്നു കവി. മനോഹരമായ ചില കൽപ്പനകൾ ഈ ഗാനത്തിലുടനീളം കടന്നുവരുന്നുണ്ട്. എങ്കിലും ‘അധരമാം ചുംബനത്തിന്റെ മുറിവു നിൻ മധുരനാമജപത്തിനാൽ കൂടുവാൻ’ എന്ന പ്രയോഗങ്ങളും കാണുന്നു. അധരമാകുന്ന ചുംബനം എന്നതുകൊണ്ട് എന്താണ് വിവക്ഷയെന്നു മനസ്സിലാകുന്നില്ല. ‘അധരത്തിൻ’ എന്ന അർത്ഥത്തിൽ പ്രയോഗിച്ചതാകാമെന്നൂഹിക്കുന്നു. സംഗീതം ശരാശരിയിൽ നിലവാരം പുലർത്തുന്നു. വാക്കുകൾ തമ്മിൽ ‘അൽപ്പം ലാഗ്’ അനുഭവപ്പെടുന്നുണ്ട് സ്വതേ പതിഞ്ഞ താളമായതിനാൽ. എങ്കിലും വ്യത്യസ്തമായ ഒരു ഗാനമെന്ന നിലയ്ക്ക് ഇത് 17 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് വരുന്നു.
മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ - സ്പിരിറ്റ്
അടുത്ത ഗാനവും 17 പോയിന്റുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തുന്നു. ഇതും സ്പിരിറ്റ് എന്ന ചിത്രത്തിലേതാണ്. രചന റഫീക് അഹമ്മദ്. സംഗീതവും ആലാപനവും ഷഹബാസ് അമൻ. ഇതും കവിതയുടെ ചട്ടക്കൂടുള്ള രചനയാണ്.
‘മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന് മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്....’ എന്നു തുടങ്ങുന്നു ഗാനം. ആകെ മൗനമാണു വിഷയം. പരസ്പരം എന്തിനോ ദാഹക്കുന്നെങ്കിലും ഇനിയും പറയാത്ത പ്രിയതരമായ വാക്കിന്റെ മധുരം പേറുന്ന ചുണ്ടുമായി എല്ലാം ഉള്ളിലൊതുക്കിയിരിക്കുന്ന മൗനത്തെ പല ബിംബങ്ങളിലൂടെ കവി വരച്ചു കാട്ടുന്നു.
മുത്തുച്ചിപ്പി പോലൊരു - തട്ടത്തിൻ മറയത്ത്.
തട്ടത്തിൻ മറയത്തെന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനം മുൻപു പറഞ്ഞ രണ്ടു ഗാനങ്ങൾക്കൊപ്പം രണ്ടാം സ്ഥാനം പങ്കു വയ്ക്കുന്നു, 17 പോയിന്റുകൾ നേടി. ഷാൻ റഹ്മാന്റെ സംഗീതത്തിനു പുതുമുഖം അനു എലിസബത്ത് ജോസ് ആണ് രചന. അഭിനേത്രി രമ്യ നമ്പീശനും സച്ചിൻ വാര്യരും ചേർന്നു ഈ ഗാനം ആലപിച്ചിരിക്കുന്നു. സീനുമായി വളരെ ഇണക്കമുള്ള രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതിനാൽ വളരെയധികം പ്രേക്ഷകശ്രദ്ധ നേടി ഈ ഗാനം. സംഗീതത്തിന്റെ ചട്ടക്കൂടിൽ നിന്നുള്ള ഭാവനകളേ വരികളിൽ പ്രകടമാകുന്നുള്ളൂ. എങ്കിലും മനോഹരമായ ഓർക്കസ്ട്രേഷനും ഈണവും ഈ ഗാനത്തിനു ഒരു പ്രത്യേക ഭംഗി നൽകുന്നു. രമ്യ നമ്പീശനന്റെ മനോഹരമായ ആലാപനം എടുത്തു പറയേണ്ടതാണ്. രമ്യയ്ക്ക് അഭിനയത്തേക്കാൾ നന്നായി ആലപിക്കാൻ അറിയാം.
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും… എന്നൊക്കെയുള്ള സാധാരണങ്ങളിൽ സാധാരണങ്ങളായ വാക്കുകൾ അടുക്കിയിരിക്കുന്ന ആശയങ്ങളിൽ കവിഞ്ഞ് സാഹിത്യത്തിനു വലിയ മേന്മയൊന്നും കാണുന്നില്ല. എങ്കിലും കേൾക്കാൻ നല്ല സുഖമുണ്ട് ഈ ഗാനം.
തൊട്ട് തൊട്ട് നോക്കാമോ - ഡയമണ്ട് നെക്ലേസ്
മൂന്നാമതായി വരുന്നത് ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ചിത്രത്തിലെ ഗാനമാണ്.
‘തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ…’ ഇതിന്റേയും രചന റഫീക് അഹമ്മദ് ആണ്. വിദ്യാ സാഗറിന്റേതാണ് സംഗീതം. നജിം അർഷാദും അഭിരാമി അജയും ചേർന്നാലപിച്ചിരിക്കുന്നു. മെയിൽ/ഫീമെയിൽ മലയാളവും തമിഴും കലർന്ന ഗാനം. ഒരു പച്ച പ്രേമഗാനം എന്ന നിലയിൽ നിന്ന് വിട്ടു പോകുന്നില്ല ഇത്. എള്ളോളം കാതലില്ലേ, എൻ നേരേ നോക്കുകില്ലേ, കൈ നോക്കി ഭാവി ചൊല്ലാം, വള കയ്യിലിടാം, കാതിൽ പാട്ടുമൂളാം എന്നിങ്ങനെ ട്യൂണിനനുസരിച്ച് പദങ്ങൾ അടുക്കി വച്ചിരിക്കുന്നതിനപ്പുറം സാഹിത്യത്തിൽ എടുത്തു പറയത്തക്ക മേന്മയൊന്നും കാണാനില്ല. എങ്കിലും വളരെ ലളിതമായ സംഗീതവും ബീജിയും കൊണ്ട് ജനഹൃദയങ്ങൾക്കു ഈ ഗാനം പ്രിയങ്കരമായിരിക്കുന്നു. നജീമിന്റേയും അഭിരാമിയുടേയും ആലാപനം വളരെ മികച്ചു നിൽക്കുന്നു. അഭിരാമി വരും കാലത്ത് മലയാളത്തിലെ തിരക്കേറിയ ഒരു ഗായികയാകുമെന്നതിൽ സംശയമില്ല. അതിനുള്ള കഴിവുള്ള ഗായികയാണ്.
അനുരാഗത്തിൻ വേളയിൽ - തട്ടത്തിൻ മറയത്ത്
15 പോയിന്റുമായി നാലം സ്ഥാനത്തുണ്ട് ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ എഴുതി ആലപിച്ച അനുരാഗത്തിൻ വേളയിൽ എന്ന ഗാനമാണ്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലേതാണിത്. തരക്കേടില്ലാതെ എഴുതിയിട്ടുണ്ട് വിനീത്. താൻ കണ്ടുമുട്ടിയവൾ, ആദ്യ ദർശനത്തിൽ അനുരാഗം തോന്നിയവൾ ഇനി തന്റെ മാത്രമാണെന്ന് കാമുകൻ ഉറപ്പിക്കുന്ന കൂട്ടുകൾ എല്ലാം ഈ ഗാനത്തിൽ ചേർന്നിട്ടുണ്ട്.
‘അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം
ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിൻ വിസ്മയം
ഇനിയെന്റെ മാത്രം എന്റെ മാത്രം
അനുരാഗത്തിൽ വേളയിൽ വരമായി വന്നൊരു സന്ധ്യയിൽ
മനമേ നീ പാടു പ്രേമാർദ്രം.. ‘എന്നിങ്ങനെ പ്രണയകൽപ്പനകൾ കൊണ്ട് ഗാനം മുന്നേറുന്നു.
വാതിലിൽ ആ വാതിലിൽ - ഉസ്താദ് ഹോട്ടൽ
ഉസ്താദ് ഹോട്ടലിലെ വാതിലിൽ ആ വാതിലിൽ എന്ന ഗാനവും 15 പ്പോയിന്റുകൾ കരസ്ഥമാക്കി നാലാം സ്ഥാനത്തുണ്ട്. ഗോപീ സുന്ദറിന്റെ സംഗീതത്തിന്റെ റഫീക് അഹമ്മദ് ആണ് രചന. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ.
‘വാതിലിൽ ആ വാതിലിൽ
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു…. എന്നു തുടങ്ങുന്നു ഗാനം. ഇതും ഒരു പ്രണയഗാനം തന്നെ.
‘പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി..’ എന്നൊക്കെ ഈണം തികയ്ക്കാൻ പാടുപെടുന്നുണ്ട് രചയിതാവ്. ഗോപി സുന്ദറിന്റെ സംഗീതം വലിയ പോരായ്മകൾ ഇല്ലാതെ നിൽക്കുന്നു. ഭേദപ്പെട്ട ഒരു ഗാനമാണിതെന്നു പറയാം.
അകലെയോ നീ അകലെയോ – ഗ്രാൻഡ് മാസ്റ്റർ
ദീപക് ദേവിന്റെ സംഗീതത്തിൽ ചിറ്റൂർ ഗോപി എഴുതിയ ഗാനമാണ് 14 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനത്ത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്, ചിത്രം ഗ്രാൻഡ് മാസ്റ്റർ.
‘അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ
ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ.. ‘എന്നു തുടങ്ങുന്നു സാഹിത്യം. നല്ല ഫീലുള്ള സംഗീതമാണ് ദീപക് ദേവിന്റേത്. ഇതും കാമുകിയെ കാണാതെ വിലപിക്കുന്ന കാമുകന്റെ സ്വരമാണ്.
ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ
ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ.. തുടങ്ങിയവയെല്ലം പ്രസ്താവനകളായി നിൽക്കുന്നു എന്നല്ലാതെ എന്തെങ്കിലും കാവ്യ ഭാവനാ ഗുണം അതിലുണ്ടോ എന്നു തോന്നുന്നില്ല. സംഗീതത്തിനൊപ്പിച്ച് കുറേ കാര്യങ്ങളെ അടുക്കി വച്ചിരിക്കുന്നതിൽ കവിഞ്ഞു പ്രത്യേകിച്ചൊന്നും പറയാനില്ല. ആലാപനത്തിന്റെയും സാന്ദ്രമായ പശ്ചാത്തല സംഗീതത്തിന്റേയും മാറ്റിൽ പാട്ടിലെ വരികളുടെ ശൂന്യത മറയ്ക്കപ്പെടുന്നതുകൊണ്ട് രക്ഷപ്പെട്ടുപോകുന്നു ഈ ഗാനം.
ഓ മൈ ജൂലി – ചട്ടക്കാരി
അടുത്തത് ചട്ടക്കാരി എന്ന പുനർനിർമ്മിക്കപ്പെട്ട ചിത്രത്തിലെ ഗാനമാണ്. രാജീവ് ആലുങ്കലാണ് ഈ ഗാനം എഴുതിയിരികുന്നത്, എം. ജയച്ചന്ദ്രന്റെ സംഗീതത്തിൽ. രാജേഷ് കൃഷ്ണയും സംഗീത ശ്രീകാന്തും ചേർന്നാലപിച്ചിരിക്കുന്നു.
‘ഓ മൈ ജൂലി നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ കേൾക്കും താളം
കണ്ണിൽ കണ്ണിൽ കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ ചൂളം മൂളി
തീരം തേടുമീ കാറ്റിൽ കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ പ്രേമം നീ ജൂലീ
ഐ ലവ് യൂ…’ ആദ്യ ചട്ടക്കാരിയിൽ വയലാർ ഗാനങ്ങളെഴുതിയപ്പൊൾ രണ്ടാം ചട്ടക്കാരിയിൽ രാജീവ് ആലുങ്കലായി. ദേവരാജൻ മാസ്റ്ററിന്റെ വർകൾക്ക് ഈണമിട്ട ഭംഗിയെവിടെ എം.ജയച്ചന്ദ്രന്റെ ഈണത്തിനു വരിയെഴുതിയ ഭംഗിയെവിടെ എന്നു താരതമ്യപ്പെടുത്തുന്നില്ലെങ്കിലും രണ്ടും തമ്മിൽ അജഗജാന്തരമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. എത്രഭംഗിയായാണ് വലയാർ മിതമായ ബിംബങ്ങളിലൂടെ ശൃംഗാരം വരച്ചിടുന്നത്. അതിനു വയലാറിന്റെ സംഗീതത്തിന്റെ ഒരു തൂവൽസ്പർശമേ ആവശ്യമുള്ളൂ. അവിടെ ഒരേയൊരു വാതിലുള്ള സ്വപ്നത്തിന്റെ കൂടിൽ പടർന്ന ഇക്കിളി വള്ളിയിൽ പൂത്ത പനിനീർപൂവാകുന്ന പ്രണയമാണെങ്കിൽ വയലാറിൽ നിന്ന് ആലുങ്കലിലെത്തിയപ്പോൾ ‘നിന്റെ മാറിൽ ഉറങ്ങും പൂവിന്റെ ഉള്ളിൽ തേൻ കുടങ്ങൾ, വണ്ടിന്നു നൽകും ചുംബനങ്ങൾ (??) ഏതോ വാനതിൽ (Van?!!) തൂവും കിനാവിൽ ആയിരം ദാഹം (ദാഹത്തിനും എണ്ണമോ?) പകരും മുന്തിരിച്ചാറിൽ (മുന്തിരിച്ചാറാണോ ദാഹം പകരുന്നത്?) രാഗം മയങ്ങി വീഴും’ ഇത്യാദിയുള്ള പരസ്പര ബന്ധമില്ലാത്ത ഭ്രാന്ത കാമുക ജൽപ്പനങ്ങളായി താഴ്ന്നു നിൽക്കുന്നു. ആയിരം ഗാനങ്ങളുടെ സമാഹാരം ഇറക്കിയിട്ടും എഴുതിയ ഒരുഗാനം പോലും ആരും ഓർത്തിരിക്കാനിടയില്ലാത്ത അദ്ദേഹത്തിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുക വയ്യ. എം. ജയച്ചന്ദ്രന്റെ സംഗീത ട്രിക്കിലൂടെയും മൊബൈൽ ടോണുകളിലൂടെയും പാട്ട് പത്തു പേരു കേട്ടെന്ന് ആശ്വസിക്കാം.
ഈ പത്തുഗാനങ്ങളാണ് ടോപ് 10 മലയാളം ഫിലിം സോങ്ങ്സ് പോൾ 2012 ൽ വന്നിരിക്കുന്നത്. തുടർന്ന് 13 പോയിന്റു മുതൽ 1 പോയിന്റു വരെ നേടിയ ഗാനങ്ങൾ ഉണ്ട്. പോയിന്റു നില കുറവായതിനാൽ അവയെല്ലാം മോശമാണെന്നല്ല. എങ്കിലും കൂടുതൽ പേർ നിർദ്ദേശിക്കുന്ന ഗാനങ്ങളെയാണ് ഏറ്റവും ജനപ്രിയ ഗാനങ്ങളായി തിരഞ്ഞെടുക്കാൻ കഴിയുന്നത്. ഇതിന്റെ ലേഖകൻ എന്ന നിലയിൽ അവയുടെ ഉള്ളിലെ കതിരും പതിരും എന്താണെന്നു കൂടി ശ്രോതാക്കൾ അറിയട്ടേ എന്നു കരുതിയതാണ് ഗാനങ്ങളെ ചെറുതായി ഒന്നു കീറിമുറിക്കാൻ ശ്രമിച്ചത്. അല്ലാതെ ആസ്വാദകരുടെ നിലപാടുകൾക്കെതിരായ ഒരു വെല്ലുവിളിയായി കണക്കാക്കേണ്ടതില്ല. വെറുതേ ടോപ് ടെൺ ഗാനങ്ങൾ ഇതാണെന്ന് പറഞ്ഞു പ്രസിദ്ധീകരിക്കുന്നതിൽ അർത്ഥമില്ലല്ലോ. 63 ഓളം പേരാണ് ഇതിൽ പങ്കെടുത്തത്. ഇതൊരു വലിയ സംഖ്യയല്ലെങ്കിലും അത്രയും പേർ മുന്നോട്ടു വന്നതിൽ എംത്രീയുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു. എങ്കിലും ആകെ സംബന്ധിച്ചവരുടെ മൂന്നിൽ ഒന്നു പിന്തുണമാത്രമാണ് ഏറ്റവും മികച്ച ഗാനത്തിനു ലഭിച്ചതെന്ന് എടുത്തു പറയേണ്ടതുണ്ട്.
ചില മികച്ച ഗാനങ്ങൾ എന്നു തോന്നിയത് പിന്തള്ളപ്പെട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. ഇവൻ മേഘരൂപനിലെ ഗാനങ്ങൾ അക്കൂട്ടത്തിൽ പെട്ടതാണ്. രമ്യ ആലപിച്ച ആണ്ടേലോണ്ടേ എന്ന ഗാനവും കൃഷ്ണ ചന്ദ്രനും മൃദുലാ വാര്യരും ചേർന്നു പാടിയ ‘ഓ മറിമായം കവിയല്ലേ’ എന്ന ഗാനവും വളരെ ശ്രദ്ധേയമായി അനുഭവപ്പെട്ടു, എല്ലാം കൊണ്ടും. വിജന സുരഭീ വാടിക ആലാപനത്തിന്റെ മാസ്മരികത കൊണ്ടു ശ്രദ്ധേയമായി. സംഗീതത്തിന്റെ പ്രത്യേകതകൊണ്ട് മല്ലൂസിംഗിലെ ഛം ഛം എന്ന ഗാനവും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടി അറിയിക്കാൻ ഏവരേയും സ്വാഗതം ചെയ്തുകൊഌഉന്നു.
ആദ്യ പത്തു ഗാനങ്ങൾ കഴിഞ്ഞുവരുന്ന 15 ഗാനങ്ങൾ ഇവയാണ്.
ആരെഴുതിയാവോ... (സ്പാനിഷ് മസാല) | 13 |
കൂടുമാറി പോവും (നിദ്ര ) | 13 |
കിളികൾ പറന്നതോ(ട്രിവാൻഡ്രം ലോഡ്ജ്) | 12 |
ഛം ഛം ( മല്ലു സിംഗ്) | 12 |
കണ്ണിനുള്ളിൽ നീ കണ്മണി ( ട്രിവാൻഡ്രം ലോഡ്ജ്) | 11 |
അനുരാഗിണി നിനക്കടയാളമായ്ത്തന്ന(ഇവൻ മേഘരൂപൻ) | 10 |
ശലഭമഴ പെയ്യുമീ (നിദ്ര ) | 10 |
ഓ മറിമായം കവിയല്ലേ(ഇവൻ മേഘരൂപൻ) | 9 |
വിജനസുരഭി... (ബാച്ച്ലര് പാര്‍ട്ടി) | 9 |
അക്കരെനിന്നൊരു പൂങ്കാറ്റ് (സ്പാനിഷ് മസാല) | 8 |
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് (ഉസ്താദ് ഹോട്ടൽ) | 8 |
കുങ്കുമപ്പൂവിതളിൽ(ഞാനും എന്റെ ഫാമിലിയും) | 8 |
നിലാവേ നിലാവേ... (ചട്ടക്കാരി) | 8 |
ആണ്ടെലോണ്ടേ നേരേ കണ്ണിൽ(ഇവൻ മേഘരൂപൻ) | 7 |
എന്തിനീ മിഴിരണ്ടും ( ഓർഡിനറി) | 7 |
തുള്ളിമഞ്ഞിന്നുള്ളിൽ( അയാളും ഞാനും തമ്മിൽ) | 6 |
പാതിരയോ പകലായ്... (ബാച്ച്ലര് പാര്‍ട്ടി) | 6 |
പൊന്നോട് പൂവായ് (തത്സമയം ഒരു പെൺകുട്ടി) | 5 |
എന്തേ ഹൃദയതാളം... (തത്സമയം ഒരു പെണ്‍കുട്ടി) | 4 |
സുൻ സുൻ സുന്ദരിപ്പെണ്ണേ(ഓർഡിനറി) | 4 |
2012 ലെ 10 ജനപ്രിയ ഗാനങ്ങൾ
ഏതായാലും ഗാനങ്ങളെഴുതാൻ വേറെ
കാറ്റ് എന്റെ പൂങ്കവിൾ തഴുകിയാൽ എന്താണ് പ്രശ്നം?
അങ്ങനെ ആയാൽ പ്രശ്നമൊന്നുമില്ല