ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച് മമ്മൂട്ടിയും റോമയും പ്രധാന വേഷത്തിലഭിനയിക്കുന്ന ബോംബെ മാര്‍ച്ച് 12 എന്ന സിനിമയോടേ ബാബു ജനാര്‍ദ്ദന്‍ ആദ്യമായി സംവിധായകനുമായി.
പ്ലോട്ട് :- 1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.
കഥാചുരുക്കം എം3ഡിബിയുടെ ഈ പേജില്‍ വായിക്കാം
കാലികമായ വിഷയം, അതിന്റെ റിയലിസ്റ്റിക്കായ രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ എടുത്ത തീരുമാനം അഭിനന്ദാര്‍ഹം. തീര്‍ത്തും പ്രസക്തമായ വിഷയവും അതിന്റെ കഥാ പശ്ചാത്തലവും അതിനെ വികസിപ്പിച്ചെടുത്തതുമൊക്കെ വളരെ നന്നായിരിക്കുന്നു. പക്ഷെ അത് മുഷിപ്പില്ലാതെ , പ്രേക്ഷകനു അനുഭവവേദ്യമാകുന്ന രീതിയില്‍ എഴുതി വെക്കാനും പറഞ്ഞു വെക്കാനും സാധിക്കാഞ്ഞത് എഴുത്തുകാരന്റേയും സംവിധായകന്റേയും പരാജയമായി. ഒപ്പം ഒരു നല്ല ചിത്രത്തെ ഒരുക്കുന്നതില്‍ പങ്കാളികളായ സാങ്കേതിക സഹപ്രവര്‍ത്തകരുടെ കഴിവു കുറവും ചിത്രത്തെ പരാജയത്തിലേക്കെത്തിച്ചു. ചീട്ടൂകള്‍ ഷഫിള്‍ ചെയുന്നതുപോലെയാണ് തിരക്കഥയില്‍ കാലങ്ങളും സന്ദര്‍ഭങ്ങളും. 1993 ല്‍ കഥ തുടങ്ങി, പിന്നെ 1998 ലെത്തി അവിടെ നിന്ന് വീണ്ടും 1993 ലേക്കും 2002 ലേക്കും 2007 ലേക്കും അതിനിടയില്‍ ഈ വര്‍ഷങ്ങളിലെ സംഭവങ്ങള്‍ വീണ്ടും പലപല ദൃശ്യഖണ്ഠങ്ങളായും വന്നപ്പോള്‍ കഥയേയും വിഷയത്തേയും ഒതുക്കത്തോടെ പറഞ്ഞു വെക്കാന്‍ എഴുത്തുകാരന് കഴിഞ്ഞില്ല. ഫലം പ്രേക്ഷകനു നല്‍കിയതു ഒരുവിധം ഭേദപ്പെട്ട ആദ്യ പകുതിയും തീര്‍ത്തും മുഷിപ്പിച്ച രണ്ടാം പകുതിയും. 1993 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തെ പറഞ്ഞു വെക്കുമ്പോള്‍ കലാ സംവിധാനം കൊണ്ടോ, വസ്ത്രാലങ്കാരം കൊണ്ടോ, അഭിനേതാക്കളുടെ പ്രായം കൊണ്ടോ ചമയം കൊണ്ടോ പോലും കാലഘട്ടത്തെ പ്രതിനിധീകരിക്കാന്‍ പറ്റാഞ്ഞത്, സംവിധായകന്റേയും കൂടെ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകരുടേയും ഉദാസീനതയും കഴിവുകേടുമാണ്. (ചുരുങ്ങിയ പക്ഷം പോസ്റ്റ് പ്രൊഡക്ഷനിലെങ്കിലും കാലഘട്ടത്തെ കളര്‍ ടോണ്‍ കൊണ്ട് മാറ്റിയെടുക്കാനായിരുന്നെങ്കില് എത്ര നന്നായിരുന്നു) സിനിമ പല കാലങ്ങളില്‍ നടക്കുന്നുവെങ്കിലും പ്രേക്ഷകനു അതെല്ലാം ഒരൊറ്റ കാലത്തില്‍ മാത്രം സംഭവിക്കുന്നു എന്ന പ്രതീതിയുണ്ടാക്കിയത് ഈ സിനിമയുടേയും സംവിധായകന്റേയും പരാജയം തന്നെയാണ്.
മമ്മൂട്ടീയൂടേ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ മാത്രം ഇതിലൊന്നുമില്ലെങ്കിലും സനാതന ഭട്ട് - സമീര്‍ എന്ന രണ്ടു കഥാപാത്രങ്ങളും മമ്മൂട്ടിയുടേ കയ്യില്‍ ഭദ്രം എന്നു പറയാം. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ പാടവം പുറത്തെടുക്കേണ്ട കഥാപാത്രങ്ങളൊന്നുമല്ലെങ്കിലും. ആബിദയായെത്തിയ റോമയാണ് പ്രകടനത്തില്‍ മികച്ചു നിന്നത്. റോമ ഇതുവരെ ചെയ്ത വേഷങ്ങളില്‍ മികച്ചതു തന്നെയാണിത്. പുതിയ മുഖമായ ഉണ്ണിമുകുന്ദന്‍ ചെയ്ത ഷാജഹാന്‍ എന്ന പ്രധാന വേഷം പക്ഷെ, പുതിയമുഖത്തിന്റെ പരിചയക്കുറവില്‍ തന്നെയായിരിക്കണം പ്രേക്ഷകപ്രീതിക്ക് പാത്രമാകില്ല. സാദിഖ്, വി.കെ ശ്രീരാമന്‍, ശാരി, ജയകുമാര്‍, ലാല്‍, സൈജു കുറുപ്പ്, സുധീര്‍ കരമന തുടങ്ങി വലിയൊരു താരനിരയുണ്ടെങ്കിലും ആര്‍ക്കും പ്രത്യേകിച്ചൊരു പെര്‍ഫോര്‍മന്‍സിനു സാദ്ധ്യതയുമില്ല, അതിനപ്പുറം ഓര്‍ത്തുവെക്കാന്‍ യാതൊന്നും ചെയ്തിട്ടുമില്ല.
വിപിന്‍ മോഹന്‍ എന്ന ക്യാമറമാന്‍ സത്യന്‍ അന്തിക്കാടിന്റെ വലം കണ്ണായിട്ടാണ് അറിയപ്പെട്ടീരുന്നത്. അന്തിക്കാടന്‍ ചിത്രങ്ങളിലെ ഗ്രാമ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരുന്ന വിപിന്‍ മോഹന്‍ എന്ന ക്യാമറമാന്റെ ഒരു വ്യത്യസ്ഥ ക്യാമറാ വര്‍ക്ക് എന്ന് പ്രൊഫൈലില്‍ ചേര്‍ക്കാമെങ്കിലും ഈ സിനിമക്കാവശ്യമായ ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ മികച്ചതായില്ല എന്നു പറയേണ്ടിവരും. സാലു കെ ജോര്‍ജ്ജിന്റെ കലാസംവിധാനമാണ് ഈ സിനിമയുടെ മറ്റൊരു പരാജയം. മുന്‍പ് പറഞ്ഞ കാലങ്ങളൊരുക്കുന്നതിലെ വിത്യാസങ്ങള്‍ വരുത്താന്‍ കലാസംവിധായകനു ഒട്ടും കഴിഞ്ഞിട്ടില്ല. 1993 കാലഘട്ടത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ നിറഞ്ഞ നവീകരിക്കപ്പെട്ട റെയില്‍ വേ സ്റ്റേഷനും മറ്റും ഉദാഹരണങ്ങളാണ് (93 കാലഘട്ടത്തില്‍ കേരളത്തില്‍ റെയില്വേ വൈദ്യൂതീകരിച്ചിട്ടൂണ്ടോ? ഓര്‍മ്മയില്ല, പക്ഷെ ചിത്രത്തില്‍ വൈദ്യുതീകരിക്കപ്പെട്ട റെയില്‍വേയാണ്) അതേപോലെതന്നെയാണ് അരുണ്‍ മനോഹറും അരവിന്ദ് കേ ആറും ഒരുക്കിയ വസ്ത്രാലങ്കാരവും. പട്ടണം റഷീദിന്റെ ചമയം ഭേദപ്പെട്ടതു തന്നെ പക്ഷെ, മുന്‍പ് പറഞ്ഞ പോലെ, 1993 മുതല്‍ 2007 വരെയുള്ള കാലങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് എല്ലാവര്‍കും ഒരേ പ്രായം, ഒരേ രൂപം. (വളരെ ചുരുക്കം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നല്ലാതെ) മാത്രമല്ല ചിലയിടങ്ങളില്‍ വളരെ പരിതാപകരവുമായിരുന്നു. ചില അഭിനേതാക്കളുടെ തലയില്‍ കമഴ്ത്തി വെച്ച വിഗ്ഗുകള്‍ ഇപ്പോ അഴിഞ്ഞു താഴെ വീണു പോകുമോ എന്നു തോന്നിപ്പിച്ചു.
റഫീക്ക് അഹമ്മദ് രാകേഷ് തിവാരി എഴുതി അഫ്സല്‍ യൂസഫ് ഈണമിട്ട മനോഹരമായ ഗാനങ്ങള്‍ സോനു നിഗം, സാധനാ സര്‍ഗ്ഗം, ഉഷാ ഉതുപ്പ്, എംജി ശ്രീകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്നു. സോനു നിഗവും സംഘവും പാടീയ ’ചക്കരമാവിന്‍” എന്ന ഗാനം കുറച്ചു നാള്‍ പ്രേക്ഷകന്റെ/ശ്രോതാവിന്റെ ചുണ്ടില്‍ മൂളി നടക്കും. മറ്റു ഗാനങ്ങള്‍ പക്ഷെ, സിനിമയോട് ഇണക്കിച്ചേര്‍കുന്നതില്‍ പലപ്പോഴും കല്ലുകടിയാകുന്നു. ചക്കരമാവിന്‍ ഒഴിച്ച് മറ്റു ഗാനങ്ങള്‍ പലയിടങ്ങളിലായി മുറിച്ച് മുറിച്ചാണ് അവതരണം.
ഇരു കുടുംബങ്ങളുടെ കുടിപ്പകയും, തെറ്റിദ്ധാരണ കൊണ്ട് നാടുവിടേണ്ടി വന്ന നായകനും, കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം നായികക്കു പിന്നാലെ നടക്കുന്ന നായകനും , കല്യാണ പന്തലിലെ തമാശത്തല്ലുമൊക്കെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന മലയാള കച്ചവട സിനിമയില്‍ എന്തായാലും ബാബു ജനാര്‍ദ്ദനന്‍ ഒഴുക്കിനൊത്ത് നീന്താത്ത എന്നാല്‍ വലിയ വിപ്ലവങ്ങള്‍ എഴുതാത്ത ഒരു ഭേദപ്പെട്ട തിരക്കഥാകൃത്തായിരുന്നു. കോമാളിത്തരവും ബുദ്ധിജീവി ജാഡയും ഇഷ്ടപ്പെടാത്ത പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിരുന്നു. പക്ഷെ, എഴുത്തുകാരന്‍ സംവിധായകനാകുമ്പോള്‍ മലയാള കൊമേഴ്സ്യല്‍ സിനിമയില്‍ സംഭവിച്ച, സംഭവിക്കുന്നപോലെ തന്നെ ബാബു ജനാര്‍ദ്ദന്റെ കാര്യത്തിലും സംഭവിച്ചു. അദ്ദേഹത്തിനു സംവിധാനം ഒരു അധികഭാരമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഇനി സ്വന്തം ചിത്രങ്ങള്‍ക്ക് മാത്രമേ ഈ തിരക്കഥാകൃത്ത് പേനയെടുക്കൂ എന്നു കൂടി തീരുമാനിച്ചാല്‍ മറ്റൊരു ലോഹിതദാസാവാനായിരിക്കും അദ്ദേഹത്തിന്റെ വിധി. കൂടാതെ മലയാള സിനിമയില്‍ വംശനാശം വന്ന തിരക്കഥാകൃത്തുകളുടെ ഒഴിഞ്ഞിടങ്ങളില്‍ സിബി കെ തോമാസും, ഉദയ് കൃഷ്ണയും, കൃഷ്ണ പൂജപ്പുരയുമൊക്കെ മൂര്‍ക്കന്‍ പാമ്പുകളാവുമെന്നതില്‍ യാതൊരു സംശയവുമില്ല.
വാല്‍ക്കഷണം : നല്ല എഫര്‍ട്ട്, മോശം റിസള്‍ട്ട്. കഴിവുള്ളൊരു എഴുത്തുകാരന്റെ പരാജയപ്പെട്ട സംവിധാനം. സിനിമ പക്ഷെ, കോമാളികസര്‍ത്തുസിനിമകള്‍ക്കിടയില്‍ ഭേദമെന്നു പറയാം
Relates to
Article Tags
Contributors