ഹസ്ബന്റ്സ് ഇൻ ഗോവ - സിനിമാ റിവ്യൂ

Submitted by nanz on Wed, 09/26/2012 - 21:30

തിരക്കഥ കൃഷ്ണ പൂജപ്പുരയും സംവിധാനം സജി സുരേന്ദ്രനുമാണെങ്കിൽ ചിത്രത്തെക്കുറിച്ച് കൂടുതലായും ഒന്നും പറയേണ്ടല്ലോ. ഇവർക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും ആസിഫ് അലിയും റീമയും, രമ്യയും ഭാമയും ഭാര്യാഭർത്താക്കന്മാരായി വന്നാൽ സിനിമയിൽ എന്തൊക്കെ സംഭവിക്കുന്നറിയാൻ സിനിമയുടെ പോസ്റ്ററുകൾ മാത്രം നോക്കിയാൽ മതിയാകും. അതിലപ്പുറമൊന്നും ഈ സിനിമയിൽ കാണിക്കുന്നുമില്ല. ഒരു കാര്യം പറയാം. ക്ലൈമാക്സ് ഒഴിച്ചു നിർത്തി സിനിമയുടേ ആദ്യ മുക്കാൽ ഭാഗത്തോളം സജി സുരേന്ദ്രൻ ഇതുവരെ ചെയ്ത സിനിമകളിൽ സഹനീയവും കണ്ടിരിക്കാവുന്നതുമാണ്. അത്രയും ആശ്വാസമുണ്ട്.

സീരിയൽ രംഗത്തു നിന്നു വന്നതുകൊണ്ടാകാം കൃഷ്ണ പൂജപ്പുരക്കും സജി സുരേന്ദ്രനും കുടൂംബവും ഭാര്യയും ഭർത്താവും അവരുടെ പ്രശ്നങ്ങളുമല്ലാതെ മറ്റൊരു കഥയില്ല.ഇതിലും തഥൈവ. ജോലിയുണ്ടെങ്കിലും ഭാര്യമാരെ പേടിക്കുന്ന (എന്തിനാ പേടിക്കുന്നത് എന്ന് സിനിമയിൽ പറയുന്നില്ല. അങ്ങിനെ കുഴപ്പക്കാരികളായ ഭാര്യമാരുമില്ല. എന്നാലും ഭർത്താക്കന്മാർ ചുമ്മാ അങ്ങ് പ്യാടിക്കുകയാണ്) മൂന്ന് ഭർത്താക്കന്മാർ ഭാര്യമാരറിയാതെ ഒരാഴ്ച ആഘോഷിക്കാൻ ഗോവയിലേക്ക് പോകുന്നു. ട്രെയിൻ യാത്രക്കിടയിൽ വെച്ച് സണ്ണി(ലാൽ)യെന്ന മദ്യപനെ കിട്ടുന്നു. പിന്നെ ഗോവയിലെ ആഘോഷങ്ങളാണ്. മദ്യപാനവും മിമിക്രി തമാശകളും, ദ്വയാർത്ഥപ്രയോഗങ്ങളും നടീ നടന്മാരുടെ കളർഫുൾ ഡ്രെസ് -ഫാഷൻ പരേഡുമായി നീങ്ങവേ അപ്രതീക്ഷിതമായൊരു ട്വിസ്റ്റിൽ(എന്ന് കഥാകൃത്തും സംവിധായകനും മാത്രം വിചാരിക്കും! പ്രേക്ഷകൻ ചോറുണ്ണുന്നവനാ അതിനുള്ള മിനിമം ബുദ്ധി പ്രേക്ഷകനുണ്ട്) സിനിമയങ്ങ് മൂർദ്ധന്യത്തിൽ എത്തുന്നു.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

പഴയ ചിത്രങ്ങൾ റീമേക്ക് ചെയ്യുക എന്നപോലെ ഒരു ട്രെൻഡായിരിക്കുകയാണോ  പഴയ സിനിമയിലെ കഥാപാത്രങ്ങളേയും പാട്ടുകളേയും പുനരവതരിപ്പിക്കുക എന്നത് ? ട്രിവാൻഡ്രം ലോഡ്ജിൽ  തൂവാനത്തുമ്പികളിലെ തങ്ങളും, ബ്യൂട്ടിഫുള്ളിലെ കന്യകയെ വേലക്കാരി ജോലി കളഞ്ഞ് വേശ്യയാക്കിയുമൊക്കെ വരുത്തിയ പോലെ നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന പഴയ ജോഷി ചിത്രത്തിലെ റെയിൽ വേ ടിടി യായ ഇന്നസെന്റും ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം..” എന്ന ഗാനവുമൊക്കെ ഇതിലുമുണ്ട്. സ്വന്തമായി ഭാവനയൊന്നുമില്ലാതാകുമ്പോൾ ഇങ്ങിനെയുള്ള പഴയ ഹിറ്റ് നമ്പറുകൾ പൊടിതട്ടിയെടുക്കാതെ നിവൃത്തിയില്ലല്ലോ!

അനിൽ നായരുടെ ക്യാമറ കൊള്ളാം വർണ്ണശബളിമയിൽ പ്രേക്ഷകനെ കുരുക്കിയിടണമെന്നേ സംവിധായകനും ക്യാമറമാനും കരുതിയിരിക്കുകയുള്ളു. അതുകൊണ്ട് തന്നെ പരമാവധി കളർഫുൾ ആക്കാനും റിച്ച് ആക്കാനും ശ്രമിച്ചിട്ടുണ്ട്. അതിനു സഹായമായി വസ്ത്രാലങ്കാരവും (കുമാർ എടപ്പാൾ) മേക്കപ്പും(പ്രദീപ് രംഗൻ) കലാസംവിധാനവും(സുജിത് രാഘവ്) പരമാവധി പിന്തുണക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തിൽ ലാലാണ് ഭേദം എന്നു പറയാനാവുക. പല സീനിലും പൊട്ടിച്ചിരിയുണ്ടാക്കുന്നത് ലാലിന്റെ പ്രകടനമാണ്. ഇന്ദ്രജിത്തും കൊള്ളാം. ആസിഫ് അലിയും ജയസൂര്യയും മൂന്ന് നായികമാരുമൊക്കെ സ്ഥിരം ഭാവപ്രകടനങ്ങൾ തന്നെ.

സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും അനിൽ നായരും ചേർന്നാൽ എവിടെവരെ പോകും എന്നൂഹിക്കുന്ന പ്രേക്ഷകനും ഇനി അതറിയാത്ത പ്രേക്ഷകനുണ്ടെങ്കിൽ അവർക്കും ക്ലൈമാക്സ് കണ്ടിരിക്കാൻ തക്ക സഹനശക്തിയും ക്ഷമയും ഉണ്ടെങ്കിൽ പടത്തിൽ പകുതിയോളം കണ്ടാസ്വദിക്കാം. മുൻ ചിത്രങ്ങളെപ്പോലെ വല്ലാണ്ട് പരീക്ഷിക്കില്ല.


വാൽക്കഷ്ണം : സിനിമയുടെ അവസാനഷോട്ട്, അത് മാത്രമാണ് ഈ സിനിമയിൽ പ്രേക്ഷകനു കൌതുകം പകരുന്ന ഒരേയൊരു സംഗതി. സിനിമയുടെ ഫ്രെയിമിൽ നിന്ന് സൂം ബാക്ക് ചെയ്ത് ക്യാമറയും സംവിധായകനും മറ്റു സാങ്കേതിക പ്രവർത്തകരും സിനിമാ സെറ്റും എല്ലാം അനാവരണം ചെയ്യുന്ന ആ ഷോട്ട് മാത്രമാണ്  നമ്മെ തൃപ്തിപ്പെടുത്തുക.

Contributors