ഇത്രമാത്രം: ഒരു മരണത്തിലൂടെ ജീവിതത്തെ കാട്ടിത്തരുന്ന ചിത്രം

Ithramaathram-Poster1.jpg

കല്പറ്റ നാരായണന്റെ ഇത്രമാത്രം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് പ്രമുഖ ഡോകുമെന്ററി സംവിധായകനായ കെ. ഗോപിനാഥൻ സംവിധാനം ചെയ്ത ഈ ചിത്രം. 1960കളിലെ വയനാട് പശ്ചാത്തലമാകുന്ന ഈ ചിത്രം ഒരു മരണത്തിലൂടെ ജീവിതത്തെ കാട്ടിത്തരുന്നു.

സുമിത്രയുടെ ആകസ്മികമായ മരണം. അതിനു ശേഷം പലരിലൂടെ സുമിത്രയുടേയും ചുറ്റുമുള്ളവരുടെയും ജീവിതം വരച്ചിടുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ 'ഇത്രമാത്ര'മാണീ സിനിമ. അഭയം, സ്വകാര്യം, സമാന്തരം, സാന്ത്വനം, അവിചാരിതം, സ്വച്ഛന്ദം, ആത്മായനം എന്നീ ഭാഗങ്ങളായി വിഭജിച്ചാണ് പൂർവ്വകാലത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തർക്കും ആ സ്ത്രീ ആരായിരുന്നു എന്നതനുസരിച്ചുള്ള കൂട്ടിച്ചേർക്കലുകൾ.

വൃദ്ധനും കുട്ടിക്കും അഭയം നൽകുന്നവൾ, കൂട്ടുകാരിയുടെ സ്വകാര്യങ്ങൾ കേൾക്കുന്നവൾ, ഒരുമിച്ചൊരു വീട്ടിൽ താമസിക്കുമ്പോഴും രണ്ട് സമാന്തരരേഖകൾ പോലെ പോകുന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതങ്ങൾ, കൂട്ടുകാരിക്കും വേലക്കാരിക്കും നാട്ടിലെ വേശ്യയ്ക്കും സാന്ത്വനമാകുന്നവൾ, പാത്രക്കാരനുമായി അവിചാരിതമായി വേഴ്ചയിലേർപ്പെടുന്നവൾ അങ്ങനെ പല വേഷങ്ങളിൽ ആടിത്തീർത്ത ജീവിതത്തിനൊടുവിൽ മരണത്തിലൂടെ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയുന്നവൾ.

സുമിത്രയായി ശ്വേതയും ഭർത്താവായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. അവരെക്കൂടാതെ നെടുമുടി വേണു, കെ പി ഏ സി ലളിത, സിദ്ദിക്ക്, അനൂപ് ചന്ദ്രൻ, ശ്രീരാമൻ തുടങ്ങിയവരും ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്നു. ഏതാണ്ട് എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്.

കെ ജി ജയന്റെ ക്യാമറ വയനാടിന്റെ സൗന്ദര്യം ഒട്ടും ചോരാതെയും ചിത്രത്തിനു ബാധ്യതയാവാതെയും ഒപ്പിയെടുക്കുന്നു. പതിവുപോലെ ഐസക് തോമസ് കൊട്ടുകാപ്പള്ളി വ്യത്യസ്തത പുലർത്തുന്ന പശ്ചാത്തല സംഗീതത്തിലൂടെ സാന്നിദ്ധ്യമറിയിക്കുന്നു.

കേൾവിക്ക് സുഖമുണ്ടെങ്കിലും വിവരണങ്ങളിലെ ഭാഷയുടെ ആലങ്കാരികത പലപ്പോഴും സിനിമയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുന്നുണ്ട്. ഒപ്പം ചിലയിടങ്ങളിൽ ഫ്ലാഷ്ബാക്കുകളുടെ വീക്ഷണകോണുകളിൽ പൊരുത്തക്കേടുണ്ട്. തിരക്കഥ പൂർണ്ണമായും നോവലിനെ വെടിഞ്ഞ് സിനിമയെ പ്രാപിക്കുന്നില്ല. ഇങ്ങനെ ചില ചെറിയ കുഴപ്പങ്ങൾ ഒഴിച്ചു നിർത്തിയാൽ കാണാൻ കൊള്ളാവുന്ന ഒരു കൊച്ചു സിനിമയാണ് ഇത്രമാത്രം.