സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.

Submitted by meenukutty on Thu, 06/21/2012 - 13:44

സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.

(മീനുക്കുട്ടി ചാച്ചാം‌മ്പറമ്പിൽ)

രഞ്ജിത്ത് പിരിച്ചുവച്ചുകൊടുത്ത മീശയുമായി ഒരുപാടു പരകാശപ്രവേശം നടത്തിയ മോഹൻ‌ലാൽ വീണ്ടും രഞ്ജിത്തിന്റെ സ്ക്രിപ്റ്റിൽ, രഞ്ജിത്തിന്റെ തന്നെ കൺ‌ട്രോളിൽ.. പിന്നെ ഒരുപാടു മദ്യവും. മതി. എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നുറപ്പുണ്ടായിരുന്നു. സംഭവിച്ചതെല്ലാം ഒരു സ്പോയിലർ അലർട്ടോടെ സ്ക്രീനിൽ രണ്ടായി പകുത്തു വയ്ക്കാം. 

ആദ്യപകുതി:- രഘുനന്ദനൻ  എന്ന കുടിയൻ, കുടിയൻ എന്നുമാത്രം പറഞ്ഞാൽ പോരാ.. കുടിച്ച് കുത്താടി കുന്തം മറിഞ്ഞു നടക്കുന്ന ഒരു അനാർക്കിസ്റ്റ്. രണ്ടാം പകുതി:- മദ്യം നിർത്തിയവന്റെ കൊതിക്കെറുവുപോലെ മദ്യത്തിനെതിരെ പ്രവർത്തിച്ച് സമൂഹത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് കുത്തിക്കീറി ഒളിക്യാമറാ തെളിവെടുപ്പുനടത്തി സാമൂഹ്യ ഉന്നമനം നടത്തി കടന്നുപോകുന്ന ഇവാഞ്ചലിസ്റ്റ്. 

(ആത്യന്തികമായി നായകൻ എന്താണ് എന്ന് ഇണ്ട്രോഡക്ഷൻ വഴിയിലുടനീളം കൊടുക്കുന്നതുകൊണ്ട് ചോദ്യങ്ങൾ ചുമ്മാ ഒരു സൈഡിൽ ഇരുന്നാൽ മതി)

അത്രയ്ക്ക് ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ ഇന്ററസ്റ്റിംഗ് ആയി റിയൽ‌എസ്റ്റേറ്റ് കളി പറഞ്ഞു വച്ച ഇന്ത്യൻ റുപ്പീയ്ക്ക് ശേഷം രഞ്ജിത്ത് വീണ്ടും പേപ്പറും പേനയും എടുത്ത്, സംവിധായകന്റെ തുണി തലയിൽ കെട്ടുമ്പോൾ, വിഷയം ഈ നാടിനെ ഇപ്പോൾ പിടിച്ചടിച്ച് ഫിറ്റാക്കിക്കൊണ്ടിരിക്കുന്ന മദ്യം ആണെന്നു അറിഞ്ഞപ്പോൾ ഉള്ളിൽ ഒരു കുഞ്ഞു നുരയുടെ പ്രതീക്ഷ വച്ചതായിരുന്നു. അതായിരുന്നു ആദ്യ ദിവസം തന്നെ മൾട്ടിപ്ലക്സിൽ 170 കൊടുത്ത് കയറി ഇരിക്കാനുള്ള സ്പിരിറ്റും.

മദ്യം. കേരളത്തിന്റെ ഇന്നത്തെ സാമൂഹിക കുടുംബ ചുറ്റുപാടിൽ ഒത്തിരി ഇൻഫ്ല്യുവൻസ് ഉള്ള സാധനം. മദ്യം മലയാളിയെ കൈകാര്യം ചെയ്തു തുടങ്ങിയിട്ട് കുറേ കാലമായി. ബിവറേജസിനു മുന്നിൽ നീളുന്ന ക്യൂ അതിനൊരു തെളിവുപോലെ കേരളത്തിലാകമാനം കവലകളിലും നിരന്നു കിടക്കുന്നു. മദ്യം ഉള്ളിൽ നുരഞ്ഞുതുടങ്ങിയാൽ ഇളകാൻ പോകുന്ന കടലിന്റെ, ഒരു നിമിഷത്തിന്റെ ശാന്തതയും ക്ഷമയുമാണ് ആ ക്യൂവിൽ നിൽക്കുന്നവരുടെ മുഖത്ത് നിഴലിക്കുന്നത്.

 സിനിമ തുടങ്ങുമ്പോൾ രഘുനന്ദനൻ എഴുത്തിലാണ്. തന്റെ ടൈപ്പ് റൈറ്ററിൽ അടിച്ചുകൂട്ടി എഴുതുന്നു. ഇടയ്ക്കിടെ പെഗ്ഗ് വിഴുങ്ങുന്നു. വിദേശ രാജ്യങ്ങളിലെവിടെയോ ഉള്ള ജോലിയൊക്കെ രാജിവച്ച് നാട്ടിൽ ഒരു നോവലെഴുതാനെത്തിയതാത്രെ ഒരുപാട് ജീനിയസ്സായ രഘുനന്ദനൻ! അതും മദ്യത്തെ കുറിച്ചുള്ള നോവൽ. ഇന്റർവെൽ നിർത്തിയതും നോവലെഴുത്തിന്റെ ഇടവേളയിൽ ഒടുവിൽ സിനിമ നിർത്തിയപ്പോൾ മാത്രം നോവലുമില്ല എഴുത്തുമില്ല, രഘുനന്ദനൻ തന്നെ അതു മറന്നു എന്നു തോന്നുന്നു. തുടക്കവും ഇന്റർവെല്ലും ഒക്കെ കൊണ്ടുവന്നു നിർത്തിയ നോവലെഴുത്തിനെ കുറിച്ച് ചിന്തിക്കാൻ കാഴ്ചക്കാരനു അവകാശമില്ലേ ചേട്ടാ.. ആ നോവലിനു എന്തു പറ്റീ ചേട്ടാ... പ്ലീസ്.. പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അടുത്ത സിനിമയിലെങ്കിലും അതിനെ കുറിച്ചൊരു വാക്ക്..?

 ഒച്ചയെടുക്കാത്ത മകനെയടക്കം ചേർത്തു വച്ചു ഡൈവോർസ് ചെയ്ത് ഭാര്യയെ ആർക്കോ കല്യാണം കഴിച്ചുകൊടുത്ത നായകൻ വീണ്ടും ആ എക്സ് ‌ഭാര്യയുമായും അവളുടെ ഭർത്താവുമായും മകനുമായും വളരെ അടുത്ത സൌഹൃദം വച്ചു പുലർത്തുന്നു. നായകൻ ആളു കൊള്ളാല്ലോ..! മിടുക്കൻ. ശരിക്കും നായകൻ...! എക്സ് ഭാര്യയുടെ സ്വകര്യനിമിഷങ്ങളിലൊക്കെ അയാൾക്ക് കടന്നു ചെല്ലാം. ഇടയ്ക്ക് അവളെ ചേർത്തുപിടിക്കാനുള്ള ഫ്രീഡം വരെ എടുക്കുന്നു രഘുനന്ദനനായകരത്നം.

രഘുനനനന്റെ ഒപ്പമുള്ള ലൈഫ് എന്നു പറയുമ്പോൾ മെട്രോ ലൈഫ് എന്ന ലേബലിൽ കാട്ടികൂട്ടുന്ന ഹൈപ്പർ ലൈഫിന്റെ കുറേ കൊണ്ടാട്ടങ്ങൾ. ഇടയ്ക്ക് ഈ നായകൻ മനോരമ ചാനലിലെ “ജോണിലൂക്കോസി“ന്റെ വേഷത്തിലും ഭാവത്തിലും “റിപ്പോർട്ടർ ചാനലിലെ വേണു“വായിട്ട് മന്ത്രിയേയും പോലീസുകാരേയും റിയാലിറ്റി ഇന്റർവ്യു ചെയ്യുന്നു. അതും ചെറിയ കളിയല്ല. ലൈവേ.. ലൈവ്..!

കുടിയോടു കുടി, പരക്കുടി. ഇന്റർവെൽ വരെ കുടി മാത്രം. എന്നിട്ടു ഇന്റർവെല്ലിനു തൊട്ടു മുൻപു, കുടിയന്മാരുടെ ജീവിതത്തിലും കഥയിലുമുള്ള കുടിനിർത്തലിന്റെ നമ്പർ വൺ ക്ലീഷേ സീൻ ആയ മദ്യ ഗ്ലാസ് നിലത്തേയ്ക്കിട്ടു പുണ്യവാനായി മുകളിലേയ്ക്കുയരുന്ന നായകൻ. പിന്നെ അങ്ങോട്ട് കളി മാറുകയാണ്. നേരേ എതിർ ദിശയിൽ വന്നു നിന്ന് മദ്യപാനത്തിനെതിരെ പ്രഭാഷണവും ചില കലാപരിപാടികളും. ആ കലാപരിപാടികളിൽ ഒന്ന് ഒരു ലോ ക്ലാസ് മദ്യപന്റെ വീട്ടിലെ ഒരു ദിവസം എത്ര ഹീനമാണ് എന്നുള്ള കാട്ടിക്കൊടുക്കലാണ്. ഒളിക്ക്യാമറവച്ചൊരു മീഡിയാ കൂട്ടിക്കൊടുക്കൽ എന്നും പറയാം? എന്നിട്ട് ഇത് നായകന്റെ വക ഒരു പൊതു കുറ്റസമ്മതവും, ഇത് പ്ലമ്പർ പണിക്കാരന്റെ ജീവിതമല്ല, താനടക്കമുള്ള മലയാളി പുരുഷന്മാരുടെ പരിച്ചേദമാണ് എന്നൊക്കെ.

അങ്ങിനെ പരിഛേദിച്ച് പുറത്തു കാണിക്കണമെങ്കിൽ സ്വന്തം ജീവിതം തന്നെ ചാനലിൽ കാണിച്ച് മാതൃകയാവാമായിരുന്നില്ലേ രഘുനന്ദനാ..? അതോ ലോവർ ക്ലാസ്സിലെ ഒരാളുടെയും കുടുമ്പത്തിന്റേയും ജീവിതം നാട്ടുകാർ കാൺകെ തുറന്നുവച്ചാലും സാരമില്ല, അതിനത്രയേ വിലയുള്ളൂ എന്നാണോ?

 അങ്ങിനെ ഷോ തീരുന്നു (തീർക്കുന്നു). രസകരമായ ചില തിരിച്ചറിവുകൾ: കുഞ്ഞിക്കുട്ടികൾ ചീത്തവാക്കുകൾ പഠിക്കുമ്പോൾ അത് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും വെറുതെ ചുമ്മാ പറഞ്ഞുനടക്കും. അതു പറയാൻ ഒരു അവസരം ഉണ്ടാക്കിയിട്ടുതന്നെ പലപ്പോഴും. അതുപോലെയാണ് ഇതിൽ രഘുനന്ദൻ ഫക്ക് (എന്നുവച്ചാൽ ഇന്റർനെറ്റ് മാന്യതയുടെ ഭാഷയിൽ @#$% ) പലപ്പോഴും പറയുന്നത്. മലയാളത്തിലെ പുതു സിനിമ നായക നായികമാരുടെ (പണ്ടു ഇത് വില്ലന്റെ സ്വത്തായിരുന്നു) സ്മൂച്ചിംഗിലും ലൈംഗീകബന്ധത്തിലും അതിലുപരി എന്തിനു പറയുന്നു, ലിംഗ ഛേദത്തിൽ വരെ എത്തി നിൽക്കുന്ന ഭാഷയുടെ അതിരു കണ്ടുപോകാൻ ഇത്രയെങ്കിലും വേണം എന്നു ഇവർക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാവുമോ?

 സ്പിരിറ്റുള്ളതും വെള്ളം ചേർത്തതുമായ അഭിനയം. തിരക്കഥ/കഥാപാത്രം ഡിമാന്റ് ചെയ്യുന്നത്എന്നർത്ഥമില്ല ഇന്നത്തെ സിനിമാഭിനയത്തിന്. ഓരോ നടന്മാരുടെ കപ്പാസിറ്റിയ്ക്കും അപ്പോഴത്തെ രീതിയ്ക്കും പറ്റുന്ന രീതിയിൽ മെനയുന്നതാണ് ഇന്നത്തെ മലയാളസിനിമാഭിനയം. മോഹൻലാൽ. ആദ്യപകുതിയിൽ മദ്യപാനിയായി തർത്തു. മോഹൻ‌ലാലിന്റെ പഴയ തകർപ്പൻ മദ്യ സീനുകൾ (പെട്ടെന്ന് ഓർമ്മയിൽ വരുന്നത് ദശരഥം, നമ്പർ 20 മദ്രാസ് മെയിൽ, കിലുക്കം എന്നിങ്ങനെ കുറേ..) എന്നിവയുമായി കമ്പാരിസൺ ചെയ്യുന്നില്ല. കാരണം അതൊക്കെ ആ പ്രായത്തിന്റെ പ്രകൃയകളാണ്. ഇന്നത്തെ പ്രായത്തിലും ലാൽ അതുപോലെ പ്രകടിപ്പിക്കണം എന്നത് കാഴ്ചക്കാരന്റെ കൊതി മാത്രമാണ്. അന്ന് അതു കണ്ട കാഴ്ചക്കാരൻ തന്റെ സ്വന്തം പ്രായത്തെ വകവയ്ക്കാത്തതുകൊണ്ടാണ് തന്റെ കാഴ്ചകൾക്കും ആസ്വാദനത്തിനും പ്രായമുണ്ടാവാതിരിക്കാനുള്ള പിടിവാശിപോലെ എനിക്കിപ്പോഴും അതൊക്കെ തന്നെ വേണം എന്നു വാശിപിടിക്കുന്നത്. ഈ വാശി മാറ്റി നിർത്തിയാൽ മോഹൻലാൽ, നല്ലൊരു ആത്മാർത്ഥ കുടിയനായി തകർത്തു, തന്റെ ആദ്യ പകുതി മുഴുവൻ.പക്ഷെ കുടിസീനുകളിലെ ഇടവേളകളിൽ മോഹൻലാൽ സിനിമയിൽ ഇല്ലായിരുന്നു, പ്രത്യേകിച്ചും ആ റിയാലിറ്റി ഷോ സീനുകളിൽ.

ഇന്റർവെല്ലിനുശേഷം, കൃത്യമായി പറഞ്ഞാൽ രഘുനന്ദനൻ എന്ന മോഹൻലാൽ, ക്ഷമിക്കണം മോഹൻലാൽ എന്ന രഘുനന്ദനൻ  യൊഹന്നാന്റെ സുവിസേഷം പോലാണൂ. കമ്പ്ലീറ്റ് സുവിശേഷം. പക്ഷെ ഇന്റർ വെല്ലിനുശേഷം ചെറുതായി ചില ഭാഗത്ത് തിളങ്ങിയ ചിലരുണ്ട്. ചിലരല്ല, എടുത്തു പറഞ്ഞാൽ രണ്ടുപേർ, ഒന്ന് നന്ദു. ഒരു മിഡിൽ ക്ലാസ് (അങ്ങിനെ പറയാൻ പാടില്ല, ലോവർ ക്ലാസ്. എന്നു പറയാൻ കാരണം നടപ്പു കേരളത്തിലെ മിഡിൽ ക്ലാസിന്റെ ലൈഫ് അല്ല നന്ദു കൽ‌പ്പന എന്നിവരുടേതായിട്ട് ഈ സീനിൽ കാണുന്ന ജീവിതം). നന്ദു തകർത്തു, തനിക്കു പറ്റുന്ന രീതിയിൽ, ഇയാളുടേതടക്കം ഒരുപാടു പേരുടെ “പറ്റുന്ന രീതികൾ” നമ്മൾ പ്രേക്ഷകർ ഇതുവരെ തിരിച്ചറിയാത്തതു കൊണ്ട് ഈ റോൾ വളരെ നന്നായി എന്നു തന്നെ പറയണം. കൽ‌പ്പന തന്റെ വരവിന്റെ ആദ്യ ഷോട്ടിൽ തന്നെ എന്താണൂ തന്റെ റോൾ എന്നൊരു പിക്ച്ചർ തന്നതുകൊണ്ട് എടുത്തുപറയാനില്ല. പക്ഷെ അവർ അൽ‌പ്പം കണ്ട്രോൾ ഉള്ള നടിയാണ് എന്ന് ഈ സിനിമയിലും അടിവരയിട്ടൂ. പിന്നെ നടനത്തിലെ വിഷമം തിലകനാണ്. പോസ്റ്ററിൽ ഒരു കുടിയനായി നിലകൊണ്ട തിലകനെ ഒരുപാട് പ്രതീക്ഷിച്ചു ഈ സിനിമയിൽ, ഒരുപാടു പോയിട്ട് അൽ‌പ്പം എങ്കിലും പ്രതീക്ഷിച്ചവർക്കുപോലും ഒരു അപ്രതീക്ഷിതമായ ഒരു വിഷമം ഉണ്ടാക്കി ഈ തിലകൻ. ഇത് ചെയ്യാൻ ഇന്നസെന്റ് പോരായിരുന്നോ രഞ്ജിത്തേ എന്നു ചോദിക്കാൻ തോന്നുന്നു.

പിന്നെയുള്ളത് പ്രതീക്ഷയുടെ പട ഉള്ളിൽ കെട്ടി എഴുന്നള്ളിച്ചു കണ്ട ശങ്കർ രാമകൃഷ്ണനാണ്. പുള്ളി പിന്നെ വള്ളിപുള്ളി വിടാതെ രണ്ടാം ഭർത്താവായി തന്നെ നിലകൊണ്ടതുകൊണ്ട് ഒന്നും പറയാനെ ഇല്ല. ഇവിടെ ഒക്കെ തന്നെ കാണുമല്ലോ ല്ലെ?

പിന്നെ ആരാ ഈ സിനിമയിൽ, ഓർമ്മയിൽ..? ആ‍ാ...

 ശ്രദ്ധിക്കാനായ മറ്റു ചിലത്. കനിഹ (കഥാപാത്രത്തിന്റെ പേരൊന്നും ഓർക്കാനുള്ള കടുപ്പമൊന്നും ഓൾക്കില്ല) ഓളുടെ വേഷം അസലായി. വേഷം എന്നു പറയുമ്പോൾ റോളല്ല, അവരുടെ കോസ്റ്റ്യൂം. ഇതെഴുതുമ്പോൾ ആദ്യം തപ്പിയത് ആരാ വേഷം കെട്ടൽ എന്നായിരുന്നു. ആ പണി അസലായി. കനിഹയുടെ പാവാടയും ടോപ്പും അസലായി. സത്യം പറഞ്ഞാൽ ആ വേഷത്തിനപ്പുറം കനിഹയും ആ കഥാപാത്രവുമില്ല ഈ സിനിമയിൽ. എന്നിട്ടും ഉടുത്തുകെട്ടിന്റെ ആ സ്കെർട്ടിന്റെ വിടവിലൂടെ തെളിയുന്ന അവളുടെ മുട്ടുകാൽ ചുമ്മാ ഒരു പാട്ടിൽ പാവാടയുടെ പാളി മനപൂർവ്വമായ ഒരു ഷോട്ട് സങ്കൽ‌പ്പത്തിലൂടെ വകഞ്ഞുമാറ്റി കാട്ടാൻ വെഗ്രതകാട്ടി ഇതിന്റെ സംവിധായകൻ. ആ രംഗം ഇത്തിരി ജാറുചെയ്യുന്ന ബോറായി.

നന്ദു തന്റെ കുടിയൻ പെർഫോർമൻസ് അഴിച്ചുപൊളിച്ചടുക്കുന്ന ആ രംഗം, അതായത് രഘുനന്ദനും അഭിനയത്തിന്റെ മേച്ചിൽ പുറമാണിത് എന്നു കരുതി കയറി കുത്തി മറിയുന്ന ചാനൽ ക്യാമറാമാനും (ആരാ നടൻ?) ചേർന്ന് ഒളിക്യാമറ വച്ചു ഷൂട്ട് ചെയ്ത സീൻ; ആ സീനിൽ ഒരു ഒളിക്യാമറയുടെ വിഷ്വൽ ഡിസ്റ്റർബൻസും കുറഞ്ഞ ടെലിക്കാസ്റ്റ് ക്വാളിറ്റിയും ആകാമായിരുന്നു. അത് ആ പെർഫോർമൻസിനെ കടുപ്പിക്കുമായിരുന്നു എന്നു തോന്നിയിരുന്നു, തോന്നൽ അല്ല, ആഗ്രഹിച്ചിരുന്നു.

 ഇനിയുള്ളതും ഒരു ആഗ്രഹമാണ്. ഈ കഥ ഇന്റർവെൽ വരെ ഒരു കുടിയന്റെ ജീവിതം പറഞ്ഞു. കുഴപ്പമില്ല. ഒടുവിൽ അവനെ കുടിവിമുകതനാക്കി സമൂഹത്തിനു പുണ്യാള പ്രസംഗം നടത്താതെ കുടിച്ചു നശിച്ചവന്റെ ജീവിതമായി തന്നെ കാഴ്ചക്കാരനു ചിന്തിക്കാനുള്ള പാഠമാക്കണമായിരുന്നു. അതു നൽകുന്ന പവർ ഒരിക്കലും ഒരു ഉപദേശത്തിനുണ്ടാവില്ല.. കിരീടത്തിലെ സേതുമാധവൻ തന്റെ അവസ്ഥകളിൽ സ്വയം നഷ്ടപ്പെട്ടവനാണ്. ആ നഷ്ടപ്പെടലിലൂടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും ഒരുപാടു നഷ്ടപ്പെട്ടതാണ്. അതുകൊണ്ടാണ് സേതുമാധവന്റെ രണ്ടാം വരവ് ഇറങ്ങിയിട്ടും കിരീടത്തിലെ സേതുമാധവൻ നമ്മുടെ മനസിൽ ഇപ്പൊഴും ഇരിക്കുന്നത്(ആർക്കെങ്കിലും ഇരിക്കുന്നുണ്ട് എങ്കിൽ).  മറിച്ച് ആ നായകൻ സ്വയം നശിക്കാതെ വില്ലന്മാരെ സിനിമാ ഇവാഞ്ചലിസം പറഞ്ഞ് നന്നാക്കി അതിലൂടെ ആ ഗ്രാമത്തേയും കണ്ടു കൊണ്ടിരിക്കുന്ന ജനത്തേയും നന്നാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ സിനിമകഴിഞ്ഞ് വെളിച്ചത്തിലേയ്ക്കിറങ്ങുമ്പോൾ നമ്മൾ കിരീടം മറന്നേനെ. ഈ “സ്പിരിറ്റ് സിനിമ” യെ കുറിച്ച് എനിക്ക് അതിലും വലിയ ആകുലത ഒന്നുമില്ല. അതിനുള്ള താല്പര്യവുമില്ല, കാരണം അത് എന്നോട്/ഞങ്ങളോട് കുറേ സീനുകൾക്കും അപ്പുറം ഒന്നും സംവേദിച്ചില്ല.

Contributors