സ്പിരിറ്റ് - സിനിമാസ്വാദനം

Submitted by nanz on Fri, 06/15/2012 - 11:10

ഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ രഞ്ജിത്തും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുള്ളതും ഒപ്പം കച്ചവട സിനിമകളിൽ നിന്ന് ഒരല്പം വഴിമാറി നല്ല സിനിമകൾ ചെയ്യാൻ രൂപഭാവം മാറിയ രഞ്ജിത് എന്ന എഴുത്തുകാരൻ-സംവിധായകന്റെ പുതിയ സിനിമയുമാണ് “സ്പിരിറ്റ്”. താരത്തിന്റെ പ്രേക്ഷകരേയും രഞ്ജിത് സിനിമകളുടെ ആരാധകരേയും അധികം നിരാശപ്പെടുത്താതെ രസകരമായ മുഹൂർത്തങ്ങളിലൂടെ ഇതൾ വിരിഞ്ഞ് ഒരല്പം അവിശ്വസനീയവും അതി നാടകീയതയുമായി അവസാനിക്കുന്നുണ്ട് സ്പിരിറ്റ്. “ഒരു രഞ്ജിത് സിനിമ” എന്നതിനു പകരം “ഒരു മോഹൻലാൽ സിനിമ” എന്നു പറഞ്ഞാലും തെറ്റല്ല, കാരണം മോഹൻലാൽ എന്ന നടന്റെ അനുകരിക്കാനാവാത്ത ഭാവ പ്രകടനങ്ങളാൽ സമ്പന്നമാണീ ചിത്രം. ഒരുപക്ഷെ തിരക്കഥയുടേയും സംവിധാനത്തിന്റേയും ചില പോരായ്മകളെ രക്ഷപ്പെടുത്താൻ മോഹൻലാലിന്റെ പ്രകടനത്തിനായിട്ടുണ്ട്. പഴയ മോഹൻലാലിനെ/അഭിനയപ്രതിഭയെ പലരും പലപ്രാവശ്യം തിരിച്ചു തരും..തരുന്നു...എന്നൊക്കെ അവകാശവാദം മുഴക്കിയെങ്കിലും അത് വളരെ കൃത്യമായി ഫലപ്രദമായത് ഈ രഞ്ജിത്ത് സിനിമയിലൂടെയാണ്. ഒപ്പം ക്യാമറക്ക് പുറകിൽ സഹസംവിധായകനായും തിരക്കഥാകൃത്തായും വേഷമിട്ട ശങ്കർ രാമകൃഷ്ണന്റെ ആദ്യ സിനിമാ വേഷവും മോശമായില്ല. മോഹൻലാലിലെ പ്രതിഭയെ തിരിച്ചു തന്നതിനും ശങ്കർ രാമകൃഷ്ണനെന്ന പുതിയ നടനെ സംഭാവന ചെയ്തതിനും സംവിധായകൻ രഞ്ജിത്തിനോട് നന്ദിയുണ്ട്.

ലഹരിപൂക്കുന്ന താഴ്വരകളിലൂടെ ജീവിതം മറന്ന് യാത്ര ചെയ്യുന്ന രഘുനന്ദനെന്ന ജീനിയസ്, ലഹരിയുടേ വിപത്തുകളെ തിരിച്ചറിയുകയും കുടുംബ-സാമൂഹ്യ പ്രതിബദ്ധമാർന്നൊരു ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്നതാണ് ‘സ്പിരിറ്റി’ന്റെ കഥാ ഭൂമിക. 

സ്പിരിറ്റി‘ന്റെ വിശദവിവരങ്ങളും കഥാസാരവും വിശദമായി വായിക്കുവാൻ എം3ഡിബി ഡാറ്റാബേസ് പേജിലേക്ക് ക്ലിക്കു ചെയ്യുക. രഘുനന്ദനൻ (മോഹൻലാൽ) ജീനിയസ്സാണ്. അഞ്ച് വിദേശഭാഷകൾ സംസാരിക്കാനറിയാം, സഞ്ചാരിയാണ്, സരസനാണ്, ജീവിതത്തിനോട് സത്യസന്ധത പുലർത്തുന്നവനാണ്. പക്ഷെ, അയാളൊരു ആൾക്കഹോളിക്കാണ്. മദ്യം കഴിക്കാതെ, പുകവലിക്കാതെ എഴുതാനോ ചിന്തിക്കാനോ പാട്ടു കേൾക്കാനോ ഡ്രൈവ് ചെയ്യാനോ രഘുനന്ദനനാകില്ല. മദ്യം അയാളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. രഘുനന്ദനന്റെ മദ്യ ജീവിതത്തെ മുൻ നിർത്തി കേരളീയ സമൂഹത്തിന്റെ മദ്യാസക്തിയും ഉലഞ്ഞ കുടൂംബ ബന്ധങ്ങളുമൊക്കെ സ്പിരിറ്റിൽ വരച്ചു ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിലേക്കാളുപരി  ബന്ധങ്ങളുടെ ആഴവും സത്യസന്ധതയും ജീവിതത്തിലെ പ്രണയ-നർമ്മ മുഹൂർത്തങ്ങളും ചിത്രത്തിലവിടവിടായി പ്രേക്ഷകനു കാണാനും ആസ്വദിക്കാനും കഴിയുന്നുണ്ട്. പക്ഷെ ഒരു മുഴുനീള സിനിമ മൊത്തമായി പ്രേക്ഷകനിലേക്ക് പകരുന്ന സുന്ദരമായൊരു അനുഭവം സ്പിരിറ്റിന്റെ ടോട്ടാലിറ്റിക്ക് പകർന്നു തരാൻ കഴിഞ്ഞില്ലെന്നു പറയേണ്ടിവരും. സിനിമാന്ത്യത്തിലേക്ക് വരുമ്പോൾ നായകനു ചാർത്തിക്കൊടുത്ത (നായകനെ ത്യാഗിയാക്കാൻ) നന്മയും പ്രേക്ഷനോടുള്ള ഉപദേശങ്ങളും സിനിമയുടെ രസച്ചരടു പൊട്ടിക്കുന്ന “ടി വി ഷോ”യുമെല്ലാം അതി നാടകീയതയിലേക്കും അവിശ്വസനീയതയിലേക്കും മാറിപ്പോകുന്നു. എങ്കിലും ചില രസകരമായ നല്ല മുഹൂർത്തങ്ങളും ചിരിയുണർത്തുന്ന സംഭാഷണങ്ങളും അഭിനേതാക്കളുടെ പ്രകടനവും മാറ്റി നിർത്തിയാൽ സ്പിരിറ്റിനു ഫോക്കസ് ചെയ്യപ്പെട്ടൊരു കഥാഘടനയില്ലെന്ന് പറയേണ്ടിവരും. (അത്തരത്തിലൊരു കഥ എല്ലായ്പ്പോഴും അത്യാവശ്യമല്ലെങ്കിൽ കൂടിയും) പലയിടങ്ങളിലേക്ക് ചിതറിപ്പോകുന്ന, പലതും വഴിയിലുപേക്ഷിക്കേണ്ടി വന്ന ഒന്നായി മാറിപ്പോകുന്നുണ്ട് മൊത്തത്തിൽ സിനിമ.

അഭിനയത്തിൽ മറ്റെല്ലാവരേയും പിന്തള്ളി മോഹൻലാൽ എന്ന നടൻ അധീശത്വം നേടുന്ന കാഴ്ച സ്പിരിറ്റിൽ കാണാം. വാക്കു കൊണ്ടും നോക്കു കൊണ്ടും ഫ്ലെക്സബിൾ ആയ ശരീര ഭാഷ കൊണ്ടും ഈ നടൻ വെള്ളിത്തിരയിൽ പകരുന്ന പകർന്നാട്ടം അത്ഭുതപ്പെടുത്തുന്നതാണ്. ചില സന്ദർഭങ്ങളിൽ ഒരു മൂളൽ കൊണ്ടും തൊണ്ടയിടർച്ച കൊണ്ടും സംഭാഷണങ്ങൾക്കിടയിലെ നിശബ്ദതകൊണ്ടുമൊക്കെ  ലാൽ നടത്തുന്ന പ്രകടനം അസൂയാവഹം. ഏറെ നാൾക്ക് ശേഷം ഈ നടനിൽ നിന്നും വന്ന ഈ പ്രകടനം തന്നിലെ നടൻ പിന്തള്ളപ്പെട്ടുപോയിട്ടില്ലെന്നും ഇനിയും കുറേ വർഷങ്ങളിവിടെ കാണുമെന്നതിന്റെ തെളിവാണ്. വെൽഡൻ ലാൽ, നഷ്ടപ്പെട്ടെന്നു ഞങ്ങൾ കരുതിയ ആ ‘ലാൽ മാജിക്’ കാഴ്ചവെച്ചതിന്.

മോഹൻലാലിനൊപ്പം ശങ്കർ രാമകൃഷ്ണൻ, കനിഹ, നന്ദുലാൽ, കല്പന, ലെന, മധു, തിലകൻ, ടിനി ടോം എന്നിവർ സഹ അഭിനേതാക്കളായി ഉണ്ടെങ്കിലും നന്ദു ലാലിന്റെ പ്ലംബർ മണിയൻ ഏറെ ശ്രദ്ധേയമായി. നന്ദു ലാലിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രവും പ്രകടനവും, ശങ്കർ രാമകൃഷ്ണൻ തന്റെ ആദ്യപ്രകടനം ഒട്ടും മോശമാക്കിയില്ല, കനിഹയുടെ മീരയും അവർക്ക് ശബ്ദം നൽകിയ വിമ്മി മറിയം ജോർജ്ജും നന്നായി. മധുവിന്റെ പ്രസന്നമാർന്ന കഥാപാത്രം രസകരമായി.ഹൈക്കോടതി ജഡ്ജി, തറവാട്ട് കാരണവർ എന്നീ വേഷങ്ങളിൽ തളച്ചിടപ്പെട്ടുപോയ പഴയ ‘ഭാവാഭിനയ ചക്രവർത്തി‘ക്ക് വളരെ വ്യത്യസ്തമാർന്ന വേഷമാണ് സ്പിരിറ്റിൽ. പക്ഷെ ഏറെ പ്രതീക്ഷയോടെ പ്രേഷകൻ കാത്തിരുന്ന തിലകൻ, സിനിമയിലെ അവശ്യഘടകമല്ലാതായി. ഏറെ സാദ്ധ്യതയുള്ളൊരു കഥാപാത്രമാക്കി മാറ്റുവാൻ കഴിയുമായിരുന്ന തിലകന്റെ വേഷത്തെ തിരക്കഥാകൃത്ത് ഒരു മൂലക്കിരുത്തി.ലെന, കല്പന, ടിനി ടോം, ഗോവിന്ദൻ കുട്ടി എന്നിവർ വൃത്തിയുള്ള കഥാപാത്രങ്ങളായി. എടുത്ത് പറയേണ്ട മറ്റൊരു കാര്യം പേരുകളില്ലാതെയും കഥാപാത്രങ്ങളാവാതേയും കൊച്ചു വേഷങ്ങൾ ചെയ്തവരുടെ പ്രകടനം. പലരും പ്രശംസനീയമായിട്ടുണ്ട്.

സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം സന്തോഷ് രാമന്റെ കലാസംവിധാനം എന്നിവ എടുത്ത് പറയേണ്ട കാര്യങ്ങളാണ്. വേണുവിന്റെ ക്യാമറ, വിജയ് ശങ്കറിന്റെ എഡിറ്റിങ്ങ്, ഷഹബാസ് അമന്റെ സംഗീതം എന്നിവ ചിത്രത്തിനു ചേർന്നു നിൽകുന്നു. യേശുദാസ്, വിജയ് യേശുദാസ്, ഗായത്രി അശോകൻ എന്നിവർ പാടിയ ഒരു ഗാനവും രണ്ടു കവിതയുമുണ്ട്. ചിത്രത്തിന്റെ സന്ദർഭങ്ങളുമായി പാട്ടുകളെ ഇണക്കിച്ചേർത്തിരിക്കുന്നു.

പോരായ്മകൾ

  • സ്പിരിറ്റ്  പ്രേക്ഷകനു നല്ലൊരു സ്പിരിറ്റേകുന്നുണ്ടെങ്കിലും, സിനിമ കൃത്യമായൊരു വിഷയത്തിൽ/കഥാഗതിയിൽ ഫോക്കസ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ആദ്യപകുതിയിൽ പലയേറെ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. (നായകൻ സ്പിരിറ്റെന്ന നോവലെഴുതുന്നത് ഉദാഹരണം.)
  • മദ്യം കേരള സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ജീവിതത്തിലും കുടുംബ ജീവിതത്തിലുമാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്ന കാഴ്ചപ്പാട്. മധ്യ-ഉപരി വർഗ്ഗത്തിന്റെ ജീവിതം/കഥ പറയുന്ന ഈ സിനിമയിൽ ഈ വർഗ്ഗ സമൂഹത്തിന്റെ   ജീവിതത്തിൽ മദ്യം യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി കാണിക്കുന്നില്ലെന്നു മാത്രമല്ല, കുടുംബസമേതവും കൂട്ടായും ചിത്രാന്ത്യം വരെ അവരത് ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.
  • രഞ്ജിത്തിന്റെ നായകന്മാരെല്ലാ‍വരും മദ്യം കഴിച്ചാൽ ഫിലോസഫി പറയുന്നവരാണ്. രഘുനന്ദനനും അവന്റെ കൂട്ടുകാരും ഇതിലും അങ്ങിനെത്തന്നെ. 
  • സാമൂഹ്യവിമർശനത്തിനു വേണ്ടി ക്രിയേറ്റ് ചെയ്ത ചില സന്ദർഭങ്ങളൊക്കെ  (ഉദാ: കവിയുടെ മരണത്തിന്റെയന്ന് ബുദ്ധിജീവികളുടെ കള്ളുകുടി) ക്ലീഷേയും അസ്വഭാവികവുമായിപ്പോയി.

‘പ്രാഞ്ചിയേട്ടൻ‘ പോലെ ഗംഭീരമൊന്നുമല്ല സ്പിരിറ്റെന്ന് പറയാം. മോഹൻലാലിന്റെ അസാദ്ധ്യ പ്രകടനവും ചിത്രത്തിൽ അവിടവിടെയായിട്ടുള്ള ചില നല്ല മുഹൂർത്തങ്ങളും സംഭാഷണങ്ങളും സിനിമ തുടർച്ചയായിരുന്നു കാണാൻ പ്രേരിപ്പിക്കുന്നുണ്ട്.

അത്യന്തം മെയിൽ ഷോവനിസ്റ്റ് നായകരെ പരിചയപ്പെടുത്തിയ രഞ്ജിത്തും മോഹൻലാലും “താനൊരു ഷോവനിസ്റ്റല്ല” എന്ന് പറയുന്ന നായകനെ സൃഷ്ടിച്ചത് കൌതുകകരമാണ്. കായബലവും സംഘബലവും കൊണ്ട് എതിരാളികളെ പരാജയപ്പെടുത്തുകയും വിജയം കൊയ്യുകയും ചെയ്യുന്ന നായകന്റെ കഥകളിൽ നിന്ന് രഞ്ജിത്തും മോഹൻലാലും മാറിയത് കാലഘട്ടത്തിന്റെ മാറ്റങ്ങൾ കണ്ടിട്ടാവാം. കാൽ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നത് ഈ പ്രതിഭകൾക്കും ഒപ്പം പ്രേക്ഷകർക്കും ഏറെ ഗുണം ചെയ്യും


വ്യക്തിപരമായ സന്തോഷം :

‘സ്പിരിറ്റി’ന്റെ താങ്ക്സ് ക്രെഡിറ്റിൽ “ഞങ്ങളുടെ ഓൺലൈൻ പാർട്ട്ണേർസ് “ എന്നതിനു താഴെ  എം 3 ഡി ബി യുടെ ലോഗോ കണ്ടത് ഏറെ സന്തോഷമുണ്ടാക്കി. സിനിമകളുടെ ഡാറ്റാബേസ് കളക്ഷനൊപ്പംസിനിമയിലെ ഓൺലൈൻ പ്രൊമോഷണൽ രംഗത്തേക്കും കൂടി എം3ഡിബി വരുന്നതിന്റെ ആദ്യ സിനിമ കൂടിയായിരുന്നു സ്പിരിറ്റ് എന്ന് സന്തോഷത്തോടെ പറയട്ടെ.

Contributors