ഹീറോ-സിനിമാറിവ്യു

Submitted by nanz on Mon, 05/28/2012 - 08:51

2009 ൽ പൃഥീരാജിനെ നായകനാക്കി “പുതിയ മുഖം” എന്ന സിനിമ ചെയ്ത  സംവിധായകൻ ദീപന്റെ രണ്ടാമത്തെ ചിത്രമാണ്  “ഹീറോ”. ഇതിലും പൃഥീരാജ് നായകനാകുന്നു എന്ന് മാത്രമല്ല, തന്റെ മുൻ ചിത്രത്തെപ്പോലെ ആക്ഷന് കൂടൂതൽ പ്രാധാന്യവും നൽകിയിരിക്കുന്നു ദീപൻ. സിനിമയിൽ സാഹസിക രംഗങ്ങൾ ചെയ്യുന്ന ഡ്യൂപ്പ് ആർട്ടിസ്റ്റുകളുടെ തൊഴിൽ-ജീവിത കഥയാണ് ഹീറോ, പക്ഷേ,തന്റെ മുൻ ചിത്രമായ “പുതിയ മുഖ”ത്തിലെ കഥാപാത്രങ്ങളുടെ പേരും ജാതിയും പശ്ചാത്തലവും മാറുന്നതല്ലാതെ ഹീറോ പുതുതായൊന്നും പറയുന്നില്ല. ഒരേ വാർപ്പിലുള്ള കഥ, സന്ദർഭങ്ങൾ, ഗതിവിഗതികൾ.

സിനിമയിലെ ഡ്യൂപ്പ് ആർട്ടിസ്റ്റുകളുടെ ജീവിതമെന്നു കേൾക്കുമ്പോൾ പറയാത്തതു പലതും പറയുമെന്നും ഇതുവരെ കാണിക്കാത്തതു പലതും കാണിക്കുമെന്നും പ്രേക്ഷകൻ കരുതിയാൽ തെറ്റില്ല, പക്ഷെ “ഹീറോ”വിൽ അതൊന്നുമില്ല, നേരത്തേ നിശ്ചയിച്ച അഞ്ചോ ആറോ സംഘട്ടനങ്ങളും അതിനും മുന്നും പിന്നും ചേർത്തുവെക്കുന്ന സീനുകളും അതിനെ കൂട്ടിയിണക്കുന്ന കഥയും കഥാപാത്രങ്ങളുമേയുള്ളു. ഈ ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾക്ക് വേണ്ടിയൊരുക്കിയ തയ്യാറെടുപ്പിന്റേയും ചിലവിന്റേയും നാലിലൊരു ഭാഗം ഇതിന്റെ തിരക്കഥക്ക് വേണ്ടി ചിലവിട്ടിരുന്നെങ്കിൽ അത്യാവശ്യം നല്ലൊരു ശതമാനം പ്രേക്ഷകനെ എന്റർടെയിൻ ചെയ്യിക്കാനുള്ള വകയുണ്ടായേനെ. അയുക്തി നിറഞ്ഞതും, അബദ്ധങ്ങൾ നിറഞ്ഞതുമായ, തമിഴിലെ തട്ടുപൊളിപ്പൻ സിനിമകളെ അനുകരിക്കുന്ന വെറുമൊരു പണം-സമയം കൊല്ലി സിനിമയാകുന്നു ഹീറോ. സിനിമ തീരുമ്പോൾ സിനിമയും പ്രേക്ഷകനും സീറോ..

സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്നു ആന്റണി എന്ന യുവാവിന്റെ (പൃഥീരാജ്) സാഹസികമായ സിനിമാ സ്റ്റണ്ട് ജീവിതത്തോടൊപ്പം യാദൃശ്ചികമായി സിനിമയിലെ നായകനായിത്തീരാനുള്ള അവസരവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമയുടെ മുഖ്യപ്രമേയം.

കഥാസാരത്തിനും മുഴുവൻ വിശദാംശങ്ങൾക്കും ഹീറോയുടെ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

2009ലെ പുതിയമുഖത്തിനു ശേഷം സംവിധായകൻ 2012ലാണ് തന്റെ അടുത്ത ചിത്രം ചെയ്യുന്നത്, പക്ഷെ ഇക്കാലയളവിലുള്ള ഇടവേള ഈ സിനിമക്കോ സംവിധായകനോ വലിയ ഗുണം ചെയ്തിട്ടില്ല. മുൻ ചിത്രത്തേക്കാൽ കുറച്ചുകൂടി നന്നായി എക്സിക്യൂട്ട് ചെയ്യാ‍നായി എന്നതു മാത്രം. കഥയേക്കാളും ചിത്രത്തിലെ സംഘട്ടനരംഗങ്ങൾക്കാണ് ഈ സിനിമയിൽ കൂടൂതൽ പ്രാധാന്യം അതുകൊണ്ട് സംവിധായകനൊപ്പം സംഘട്ടന സംവിധായകന്റെ പേരു വെക്കുന്നതിലും തെറ്റില്ല.അതിലപ്പുറം ഒരു സംവിധായകന്റെ വിദൂര സാന്നിദ്ധ്യം പോലും ഈ ചിത്രത്തിലില്ല. തിരക്കഥയൊരുക്കിയ വിനോദ് ഗുരുവായൂരും കൂടൂതൽ വിയർക്കേണ്ടിവരികയോ തല പുകക്കേണ്ടിവരികയോ ചെയ്തിട്ടുണ്ടാവില്ല, കാരണം “പുതിയ മുഖം” എന്ന സിനിമയുടെ പ്രധാന കഥാപാത്രങ്ങളും കഥാതന്തുവും വലിയ മാറ്റങ്ങളില്ലാതെ മറ്റൊരു പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്. ഭരണി കെ ധരന്റെ ഛായാഗ്രഹണവും സംജിത് മുഹമ്മദിന്റെ എഡിറ്റിങ്ങും കനൽ കണ്ണന്റെ സംഘട്ടനവുമാണ് സിനിമയുടെ പ്രധാന ആകർഷകങ്ങൾ, ഒപ്പം കനത്ത മസിലുമായി സിക്സ്പാക് സുന്ദരൻ പൃഥീരാജും. ഗോപീ സുന്ദറിന്റെ പശ്ചാത്തല കോലാഹലവും ഗാനങ്ങളും പതിവിൻ പടി തന്നെ, നായകനായ പൃഥീരാജും സംഗീത സംവിധായകനായ ഗോപീ സുന്ദറും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു എന്നൊരു കൌതുകമുണ്ട്. നായികയായി ‘കല്യാൺ സിൽക്സി’ലെ മോഡൽ യാമി ഗൌതം, വില്ലനായി തമിഴ താരം ശ്രീകാന്ത്, പിന്നെ തലൈവാസൽ വിജയ്, അനൂപ് മേനോൻ എന്നീ പ്രമുഖ താരങ്ങൾ കൂടെയുണ്ട് ചിത്രത്തിൽ. മുൻ ചിത്രത്തിലെപ്പോലെ അതിമാനുഷികമായ സംഘട്ടനരംഗങ്ങൾക്കു തന്നെയാണ് ഈ സിനിമയിലും പ്രാധാന്യം. പറന്നിടിക്കുന്ന കഥാപാത്രങ്ങൾ, കിലോമീറ്ററുകൾ തെറിച്ചുപോകുന്ന ഗുണ്ടകൾ,ക്യാമറാ ഗിമ്മിക്കുകൾ അങ്ങിനെ ഫാൻസിനേയും ചില പ്രേക്ഷകരേയും കണ്ണഞ്ചിപ്പിക്കുന്ന കയ്യടിപ്പിക്കുന്ന രംഗങ്ങൾ ധാരാളം. ആന്റണിയുടെ കോളനിയെ കലാസംവിധാനത്തിലൂടെ ഗിരീഷ് മേനോൻ സിനിമക്കുതകുംവിധം അണിയിച്ചൊരുക്കിയിരിക്കുന്നു. ഗോപി സുന്ദറിന്റെ ഗാനങ്ങൾക്കോ കലാ മാസ്റ്ററുടെ നൃത്തച്ചുവടുകൾക്കോ പ്രേക്ഷകനെ ആകർഷിക്കാനുള്ള യാതൊന്നുമില്ല.

അടുത്ത കാലത്തായി വലിയ വിജയം കൊയ്യാത്തവയാണ് പൃഥീരാജ് ചിത്രങ്ങൾ.ഒരേ സമയം കൊമേഴ്സ്യലും കലാസിനിമയും ബാലൻസ് ചെയ്തുപോകുന്ന ബുദ്ധിയൊക്കെ യുവതാരം ചെയ്യുന്നുണ്ടെങ്കിലും താര പരിവേഷത്തിനു ഹേതുവാകുന്ന ഇത്തരം ചിത്രങ്ങൾ അടുത്തകാലത്തായി വിജയം കൊയ്യുന്നില്ലെന്നാണ് സത്യം. ‘മഞ്ചാടിക്കുരു” പോലുള്ള സിനിമകളാകട്ടെ ജനപ്രിയമാകുന്നുമില്ല. സാമാന്യബുദ്ധിയെ കൊഞ്ഞനം കാണിക്കുന്ന ഹീറോ പോലുള്ള ചിത്രങ്ങൾ സാമ്പത്തിക വിജയം നേടുമെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. ശ്ലീലമായൊരു സീൻ പോലുമില്ലാത്ത നേരമ്പോക്കിനു പോലും വകയില്ലാത്ത ‘മായമോഹിനി’യൊക്കെ റെക്കോർഡ് കളക്ഷൻ നേടുന്ന ഇക്കാലത്ത് ഫാൻസിനേയും ചില പ്രേക്ഷകരേയും കയ്യടിപ്പിക്കാനും സന്തോഷിപ്പിക്കാനും ‘ഹീറോ’ക്കാകുമെങ്കിൽ അത്ഭുതപ്പെടാനില്ല. അതിനുള്ള വകയൊക്കെ ഹീറോയുടെ ആകെത്തുകയിലുണ്ട്. മുന്നും പിന്നും നോക്കാതെ കണ്ടത് കണ്ട് കൊള്ളൂന്ന പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതും ബോറടിക്കാത്തതുമായ  “ഹീറോ“യെ കുറച്ചു നാൾ കൂടി തിയ്യറ്ററിൽ പിടിച്ചു നിർത്താം.

ഈ ബഹളങ്ങളൊക്കെ കഴിഞ്ഞൊന്ന് വെറുതേയിരിക്കുമ്പോൾ തിരക്കഥാകൃത്തും സംവിധായകനും നായകനും ഒന്നു ആലോചിക്കുന്നത് നന്ന്, ഈ സിനിമ എന്തിനു വേണ്ടിയായിരുന്നു, ആർക്കു വേണ്ടിയായിരുന്നു എന്ന്.

Relates to
Contributors