വെനീസിലെ വ്യാപാരി-സിനിമാറിവ്യൂ

Submitted by nanz on Sun, 12/18/2011 - 09:34

ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു. സിനിമ ജനിക്കും മുൻപ് അതിന്റെ ബിസിനസ്സ് നടന്നിരിക്കണം. മലയാളത്തിലിറങ്ങുന്ന ഏതാണ്ടെല്ലാ സിനിമകളും ഇപ്പോൾ ഈ ജനുസ്സിൽ പെട്ടതു തന്നെയാണ്. വിലപിടിപ്പും മാർക്കറ്റുമുള്ള താരങ്ങൾക്കും, സാങ്കേതികപ്രവർത്തകർക്കും മാത്രമേ ഇന്ന് സാറ്റലൈറ്റ്, ഓവർ സീസ്, ഓഡിയോ & വീഡിയോ ബിസിനസ്സുള്ളു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് വളരെ ചുരുങ്ങിയ പണം മതി തുടങ്ങാൻ.. ബാക്കി മുൻ പറഞ്ഞവർ പണം മുടക്കിക്കോളും, പണം കൊടുത്താൽ ചളിയൊഴിക്കാനും പാലൊഴിക്കാനും തയ്യാറാവുന്ന ഫാൻസ് മന്ദബുദ്ധികൾ ഉണ്ടെങ്കിൽ ആ പ്രൊജക്റ്റ് വിജയിപ്പിക്കുകയോ മറ്റുള്ളവന്റേത് പരാജയപ്പെടുത്തുകയോ ആവാം. ആ ജനുസ്സിൽ പെട്ട മറ്റൊരു അക്രമമാണ് ഷാഫി-ജയിംസ് ആൽബർട്ട് - മമ്മൂട്ടി കൂട്ടുകെട്ടിന്റെ വെനീസിലെ വ്യാപാരി എന്നൊരു സിനിമ.

കഥാസാരവും മറ്റ് വിശദാംശങ്ങളും വായിക്കാൻ വെനീസിലെ വ്യാപാരിയുടെ ഡാറ്റാബേസ് പേജിലേക്ക് പോവുക.

'സൈക്കിൾ, ക്ലാസ് മേറ്റ്സ്, ഇവിടം സ്വർഗ്ഗമാണ്' എന്നീ ചില ഭേദപ്പെട്ടതും സാമ്പത്തിക വിജയം നേടിയതുമായ ചിത്രങ്ങൾക്ക് തിര നാടകമെഴുതിയ ജയിംസ് ആൽബർട്ടിന്റേതാണ് വെനീസിലെ വ്യാപാരിയുടേയും തിരക്കഥ. നിരവധി കോമഡി ഹിറ്റുകൾ ഒരുക്കിയ (2010 ഡിസംബറിൽ മേരിക്കുണ്ടൊരു കുഞ്ഞാടും, 2011 തുടക്കത്തിൽ മേക്കപ്പ് മാനും എന്ന തുടർച്ചയായ ഹിറ്റുകൾ) ഷാഫിയുടെ സംവിധാനവും, ഒപ്പം സുരാജ്, സലീം കുമാർ, ജഗതി, അടക്കം ഒരുപിടി കോമഡി നടന്മാർ, കാവ്യയെന്ന ശാലീനതയും പൂനം ബജ്‌വ എന്ന മറുനാടൻ സുന്ദരിയും. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിക്കാം. പക്ഷെ പടം കണ്ട പ്രേക്ഷകനു, ആനന്ദിക്കാനും ആസ്വദിക്കാനും ഇതുപോര എന്നു തന്നെയാണ് അഭിപ്രായം.

കാരണം മറ്റൊന്നുമല്ല, ഈ സിനിമ കണ്ടിറങ്ങിയാൽ ഓർത്തുവെക്കാൻ ഒന്നുമില്ലെന്നതാണ്.ഈ സിനിമയിലൂടെ എന്താണ് ഇതിന്റെ അണിയറക്കാർ ഉദ്ദേശിച്ചതെന്ന് അവരോട് നേരിട്ടു ചോദിക്കണം. മമ്മൂട്ടി എന്ന സൂപ്പർ താരത്തെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ കഥാപാത്രവും സന്ദർഭങ്ങളും ഒരു സിനിമയും. പ്രായമെത്രയോ ആയിട്ടും അവിവാഹിതനായ 'ചെറുപ്പക്കാരൻ മമ്മൂട്ടി'യെ പ്രണയിക്കാൻ എസ് പി യുടേ മകളും (വിദ്യാഭ്യാസമുള്ള വനിത) ആലപ്പുഴയിലെ കയർ തൊഴിലാളിയുമായ മറ്റൊരു പെൺകുട്ടിയും(വിദ്യാഭ്യാസം കുറഞ്ഞ നാടൻ പെൺകുട്ടി, പോരാത്തതിനു ശാലീനതയും) ഒരു കാര്യവുമില്ലാതെ ഈ വയസ്സന്മാരെ പ്രേമിക്കാൻ നടക്കുന്ന തലക്ക് ഓളമുള്ള ഈ നായികമാരുടേ കാലം എന്നാണാവോ മലയാള സിനിമയിൽ അവസാനിക്കുക. മൂക പ്രണയം മാത്രമല്ല, പ്രേമ നൈരാശ്യം, തെറ്റിദ്ധാരണ, അതുമൂലം വിവാഹം, വീണ്ടും തെറ്റിദ്ധാരണ, എല്ലാം മാറി ഒന്നാവൽ അതിനിടയിൽ ഇമെയിൽ ഫോർവേഡ്  & ചാനൽ മിമിക്രി തമാശകളും, ഇടക്കിടക്ക് സ്റ്റണ്ടും. ഇതിനൊക്കെയിടയിൽ സിനിമ പറയേണ്ടതെന്തെന്നോ ചെയ്യേണ്ടതെന്തെന്നോ മറന്നു പോയി. ഫലം ഓർത്തുവെക്കാൻ ഒരു ദൃശ്യമോ ഗാനമോ സീനോ ഒന്നുമില്ലാതെ രണ്ടര മണികൂറിന്റെ ആട്ടക്കഥ തീരുന്നു.

80 കാലഘട്ടം കാണിക്കാൻ പ്രധാന താരങ്ങൾക്കൊക്കെ വട്ടക്കോളറും ബെൽ ബോട്ടം പാന്റും, പോലീസുകാർക്ക് പാളത്തൊപ്പിയും ട്രൗസറുമൊക്കെ നൽകിയിട്ടുണ്ടെങ്കിലും അതേ വേഷവിധാനം ഒപ്പം നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്കു നൽകാനും ശ്രദ്ധിക്കണമായിരുന്നു. അതു മാത്രമോ 80കളിൽ ആലപ്പുഴയിലെത്തുന്ന വിദേശികൾക്ക് ഈ കാലഘട്ടത്തിലെ ഫാഷനനുസരിച്ചുള്ള വേഷങ്ങളും! പഴയ ഹിപ്പി മുടിയുടെ വിഗ്ഗ് വെച്ചതുകൊണ്ടാകും ഒരു കഥാപാത്രത്തിന്റേയും മുടി പാറിപ്പറക്കുകയോ ചീകിവെക്കാതെയോ ഇരിക്കുന്നില്ല. കാലഘട്ട പൂർണ്ണതിൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പ്രേക്ഷകനെ കാണിക്കാനാകണം, അന്നത്തെ പല വസ്തുക്കളും കൃത്യമായി ക്ലോസപ്പിൽ കാണിക്കാൻ വ്യഗ്രത കാണിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇൻഡ്രൊഡ്യൂസ് ചെയ്യുന്ന സീനിൽ മമ്മൂട്ടിക്കു പുറക്കുവശത്തുള്ള മതിൽ നോക്കുക അഞ്ചോ ആറോ സിനിമകളൂടെ പോസ്റ്റർ നിരത്തി നിരത്തി ഒട്ടിച്ചു വെച്ചിട്ടുണ്ട്. (ആലപ്പുഴ കായലോരത്ത് അന്നേ മൾട്ടിപ്ലക്സ് ഉണ്ടായിരുന്നോ?!)

കാലഘട്ടത്തെ ദൃശ്യവൽക്കരിക്കാൻ ക്യാമറമാൻ ഷ്യാംദത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചാരുതയോടെ ഒപ്പിയെടുക്കാനും സാധിച്ചിട്ടുണ്ട്, എങ്കിലും ഷ്യാംദത്തിന്റെ മുൻ കാല വർക്കുകളോടൊപ്പം നിൽക്കാൻ വ്യാപാരിക്കായിട്ടില്ല. അഭിനയിച്ച ഒരുതാരങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഇഷ്ടം നേടാനോ കയ്യടി നേടാനോ ആയിട്ടില്ല. ബോർ ആയി എന്നല്ല ഇതിനർത്ഥം അതിനപ്പുറം പ്രശംസാർഹമായ നിലയിലേക്ക് ആർക്കും വരാനായില്ല. അതിനുള്ള വേദി തിരക്കഥയിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
കൈതപ്രത്തിന്റെ വരികൾക്ക് ബിജിബാലിന്റെ സംഗീതത്തിനു പ്രത്യേകിച്ച് ആസ്വാദത വരുത്താനായിട്ടില്ല. പണ്ട് ജയനും സീമയും പാടിയഭിനയിച്ച "കണ്ണും കണ്ണും..തമ്മിൽ തമ്മിൽ.." എന്ന ഗാനത്തിന്റെ റീമിക്സിനും പ്രത്യേകിച്ചൊരു പുതുമയുമില്ല (മമ്മൂട്ടിയെ കൂടുതൽ സുന്ദരനാക്കി കാണിക്കാനല്ലാതെ) മനോജിന്റെ എഡിറ്റിങ്ങ് നന്നായിട്ടുണ്ട്. പട്ടണം റഷീദിന്റെ ചമയവും എസ് ബി സതീശന്റെ വസ്ത്രാലങ്കാരവും മുൻപ് പറഞ്ഞ രീതിയിൽ തന്നെയാണ്. ലോജിക്കുകൾ ഏഴയൽത്ത് വരാത്തതോ, പറഞ്ഞു തേകിയ പൈങ്കിളി കഥയോ ആയാൽ പോലും തിയ്യറ്ററിൽ ചിരി പ്രതീക്ഷിച്ചെത്തുന്ന സാധാരണ പ്രേക്ഷകനു ഷാഫി എന്ന സംവിധായകന്റെ ചിത്രങ്ങൾ മുൻപ് മിനിമം ഗ്യാരണ്ടി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളായി ഷാഫിയും കളം മാറി ചവിട്ടേണ്ട നിലയിലേക്ക് മാറേണ്ടിയിരിക്കുന്നു.

പഴയ കാലഘട്ടത്തെ പുനരാവിഷ്കരിക്കുക, പഴയ ഹിറ്റ് ഗാനങ്ങൾ റിമിക്സ് ചെയ്യുക, മറുഭാഷ സുന്ദരികളെ നായികയാക്കുക, കോമഡി താരങ്ങളെ നിരത്തി നിർത്തുക എന്നതൊക്കെ ഒരു കമേഴ്സ്യൽ സിനിമയുടേ വിപണന - വിനിമയ മാർഗ്ഗങ്ങൾ തന്നെയാണ്, പക്ഷെ അതൊക്കെ ഏച്ചു കെട്ടുന്നതിനു മുൻപ് പ്രേക്ഷകനോട് പറയാൻ ഒരു കഥയോ, പശ്ചാത്തലമോ അതിനെല്ലാമുപരി ബോറഡിക്കാതെ കണ്ടു രസിക്കാവുന്നൊരു രസച്ചരടെങ്കിലും ഉണ്ടായിരിക്കണം എന്നു മാത്രം. ഷാഫിയും മറ്റു മലയാള സിനിമാ സംവിധായകരും അതൊക്കെ ഒന്നോർത്താൽ പ്രേക്ഷകന്റെ പണവും സമയവും നഷ്ടപ്പെടില്ല

Contributors