മലയാള സിനിമ ഓണം റിലീസ് 2011

Submitted by nanz on Tue, 08/30/2011 - 15:55

മലയാള സിനിമയിൽ ഓണം സീസണ്‍ മിക്കപ്പോഴും ഏറ്റവും കൂടുതൽ റിലീസുകളുടെ കാലമായിരിക്കും.സൂപ്പർ താരങ്ങളും ചെറിയ താരങ്ങളും നേർക്കു  നേർ ഏറ്റുമുട്ടുന്ന, പ്രേക്ഷകർക്ക് ഉത്സവപ്രതീതിയുണർത്തുന്ന കാലം. ഏതൊരു പ്രേക്ഷകനും എല്ലാ പരാധീനതകളും മാറ്റിവെച്ച് കുടുംബസമേതം തിയ്യേറ്ററിലേക്ക് വരുന്ന ഓണക്കാലം ഉത്സവസീസണ് എന്നറിയപ്പെടുന്നു.
2011 ലെ ഓണവും പ്രേക്ഷകനും സിനിമാപ്രവർത്തകരും ഏറെ പ്രതീക്ഷയോടെ കാണുന്നു.റിലീസ് ദിവസങ്ങൾ ഓരോ ആഴ്ചകൾ മുൻപേയും പിൻപേയുമായി ക്രമപ്പെടുത്തി സുരക്ഷിതമായി കളക്ഷനുകൾ കൊയ്യാം എന്ന തന്ത്രത്തോടെ ഈ ഓണത്തിന് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ റിലീസുകളുണ്ട്.

ഇതുവരെയുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഈഓണത്തിനു തിയ്യറ്ററുകളിൽ എത്തുന്ന സിനിമാകൾ ഇവയൊക്കെയാൺ. 1) പ്രണയം, 2) തേജാഭായ് & ഫാമിലി, 3) സെവൻസ്, 4).ഡോക്ടർലൗ, 5).ഉലകം ചുറ്റും വാലിബൻ, 6) മൈഡിയര്‍ കുട്ടിച്ചാത്തന്‍


മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്ന് വിശേഷിക്കപ്പെടുന്ന പൃഥീരാജ് നായകനാകുന്ന “തേജാ ഭായ് & ഫാമിലി”യാണ് ഓണ റിലീസുകളില്‍ ആദ്യം. ആഗസ്റ്റ് 30 നു റിലീസ് ചെയ്യുന്ന ചിത്രം എന്താകുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ഫാന്‍സും മറ്റു പ്രേക്ഷകരും. അനന്താ വിഷന്റെ ബാനറില്‍ പി കെ മുരളീധരന്‍, ശാന്താ മുരളീധരന്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തേജാ ഭായ് & ഫാമിലിയുടെ രചനയും സംവിധാനവും ‘ക്രേസി ഗോപലന്‍’ സംവിധാനം ചെയ്ത ദീപു കരുണാകരനാണ്.  പൃഥീരാജിന്റെ നായികയാകുന്നത് മുന്‍ ടിവി അവതാരകയും കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലെ നായികയുമായിരുന്ന അഖിലയാണ്. ഒപ്പം സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഭീമന്‍ രഘു, നെടുമുടി, ജഗദീഷ്, ഒപ്പം തമിഴ് വില്ലന്‍ സുമന്‍.

വളരെ ചെറുപ്പത്തിലെ നാടുവിട്ടു പോകുകയും പിന്നീട് നാടും നഗരവും കറങ്ങി ഒരു പയ്യന്‍ ഒടുവില്‍ ബാങ്കോക്ക് നഗരത്തിലെത്തുന്നു. നഗരത്തിന്റെ ഇരുണ്ട വഴികളിലെ കാണാക്കാഥകള്‍ അവനെ എത്തിച്ചത് അധോലോകത്തേക്കും അതിന്റെ നായക നിരയിലേക്കുമാണ്. അങ്ങിനെ ബാങ്കോക്കിലെ അധോലോകനായകനാകുന്നു ‘തേജാ ഭായി’. ബാങ്കോക്ക് നഗരത്തില്‍ വെച്ച് തേജാ അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നു. വേദിക- സാമൂഹ്യപ്രവര്‍ത്തകയാണ്. ബാങ്കോക്കിലെ വന്‍ ബിസിനസ്സ് ഉടമയായ ദാമോദര്‍ ജിയുടെ ഏക മകള്‍. അവളെ വിവാഹം കഴിക്കുന്നതിനു വേണ്ടി തേജാഭായി അധോലോക ബന്ധം മറച്ചു വെച്ച് ആ കുടുംബത്തെ സമീപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കോമഡിയും ആക്ഷനും ഇഴ ചേര്‍ന്ന ഈ ചിത്രത്തിന്റെ ക്യാമറമാന്‍ ഷാംദത്ത് ആണ്.

എന്തായാലും ഈ ചിത്രം പൃഥീരാജിന്‍ വലിയൊരു കടമ്പയാണ്. പൃഥിയുടെ ഇപ്പോഴുള്ള ഇമേജ് വെച്ച് നോക്കിയാല്‍ ഈ ചിത്രത്തിനു ചെറിയൊരു പാളിച്ച വന്നാല്‍ പോലും തിയ്യറ്ററില്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. വിവാഹവും അതിനെത്തുടര്‍ന്നുള്ള വിവാദവും ശേഷം വന്ന ഇന്റര്‍വ്യൂകളും അതിനെ പരിഹസിച്ചിറങ്ങിയ പൃഥീരാജപ്പന്‍ എന്ന യൂ ട്യൂബ് വീഡിയോയും എല്ലാം പൃഥീരാജിന്റെ മാര്‍ക്കറ്റ് കുത്തനെ താഴ്ത്തിയിട്ടുണ്ട് എന്നതു സത്യം. അതിനു ശേഷം പൃഥീരാജ് അഭിനയിച്ച പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും തിയ്യറ്ററുകളില്‍ കൂവലുകളാണ്. അഹങ്കാരി എന്നൊരു ഇമേജും താരപ്രഭയുള്ള വെറും തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതുമൊക്കെ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെ പൃഥിയുടെ ശത്രുക്കളാക്കിയിട്ടൂണ്ട്.  മാത്രമല്ല ഈ വിവാദത്തിനു ശേഷം വരുന്ന ആദ്യ കമേഴ്സ്യല്‍ ചിത്രമെന്ന നിലക്ക് ഈ ചിത്രം മോശമായാല്‍ ഒരു പക്ഷേ കരിയറിലെ ഏറ്റവും വലിയൊരു പരാജയം ഏറ്റുവാങ്ങുന്ന ആദ്യ പൃഥീ ചിത്രമായിരിക്കും. മറിച്ച് ഇതൊരു സൂപ്പര്‍ ഹിറ്റ് ആകുമെങ്കില്‍ പൃഥിയുടെ തീരുമാനങ്ങളിലും  തിരഞ്ഞെടുപ്പുകളിലും ഇനി വലിയൊരു കുതിച്ചു ചാട്ടമായിരിക്കും. എന്തുതന്നെയായാലും ഈ ചിത്രം പൃഥിയുടെ കമേഴ്സ്യല്‍  നിലനില്‍പ്പിന്റെ വിധി നിര്‍ണ്ണയമായിരിക്കും.

ആഗസ്റ്റ് 31 നു റിലീസ് ആകുന്ന “മൈഡിയര്‍ കുട്ടിച്ചാത്തന്‍” ഇത് മൂന്നാം പതിപ്പാണ്. നവോദയയുടെ ബാനറില്‍ ജിജോ സംവിധാനം ചെയ്ത ഈ സിനിമ കാലാനുസൃതമായ മാറ്റങ്ങളോടെ മൂന്നാമതും അവതരിപ്പിക്കപ്പെടുന്നത് മലയാളത്തില്‍ ഇതാദ്യം. 80കളില്‍ യാതൊരു താരങ്ങളുമില്ലാതെ നവാഗതരായ സാങ്കേതിക പ്രവര്‍ത്തകരും കുട്ടികള്‍ കേന്ദ്രകഥാപാത്രമാകുകയും ചെയ്ത ഈ ചിത്രം അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം രണ്ടാം പതിപ്പില്‍ ജഗതിയും കലാഭവന്‍ മണിയൊക്കെ അണി നിരന്ന് മൂലകഥക്കോ ആവിഷ്കാരത്തിനോ കോട്ടം തട്ടാതെ പുനരവതരിപ്പിക്കപ്പെട്ടു. അപ്പോഴും ചിത്രം വിജയമായി. ഇപ്പോള്‍ ഹിന്ദി താരം ഊര്‍മ്മിള മണ്ഡോദ്കറും, തമിഴ് താരം പ്രകാശ് രാജും, തമിഴ് കോമഡി നടന്‍ സന്താനവുമൊക്കെ മൂന്നാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. (സൌത്ത് -നോര്‍ത്തിന്ത്യന്‍ മാര്‍ക്കറ്റ് തന്നെ ലക്ഷ്യം) പുതിയ സാങ്കേതിക വിദ്യയില്‍ നൂതനമാക്കിയ കുട്ടിച്ചാത്തന്‍ പഴയതുപോലെതന്നെ ത്രീ ഡി ഫോര്‍മാറ്റില്‍ തന്നെയാണ്. എന്തായാലും ഈ ഓണ ഉത്സവകാലത്ത് കുട്ടികളുടെ ഏറ്റവും വലിയ ചോയ്സ് ഈ ചിത്രമായിരിക്കും, ഒപ്പം ഫാമിലി പ്രേക്ഷകരുടേയും.

കഴിഞ്ഞ വർഷത്തെ ദയനീയ പ്രകടനങ്ങൾക്ക് ശേഷം മോഹൻലാൽ തന്റെ പഴയ പ്രതാപം വീണ്ടെടുക്കാനിറങ്ങുന്ന ബ്ലസ്സിയുടേ പ്രണയം പ്രേക്ഷകർ പ്രതീക്ഷയോടേ കാത്തിരിക്കുകയാൺ. ഫ്രാഗ്രെന്റെനേച്ചറിന്റെ ബാനറിൽ ബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രണയത്തിൽ മോഹൻലാൽ രണ്ടു പ്രായത്തിൽ പ്രത്യക്ഷപ്പെടുന്നതിനൊടൊപ്പം ബോളിവുഡ്ഡിൽ നിന്ന് അനുപംഖേറും ജയപ്രദയും ഇതിൽ പ്രത്യക്ഷപ്പെടുന്നു. ഓ എൻ വിയുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്ന ‘പ്രണയം‘ മധുര ഭാവങ്ങളുണർത്തുന്ന പ്രണയകഥയാണ്. ചെറിയൊരു ഇടവേളക്ക് ശേഷം വരുന്ന ലാല്‍ ചിത്രം ഫാന്‍സിനെ തൃപ്തിപ്പെടുത്തുമോ എന്ന് കണ്ടറിയണം. സീരിയസ്സ് മൂഡുള്ള നല്ലൊരു ചിത്രമാണെങ്കില്‍ ഫാന്‍സ് തന്നെ മുന്‍പേ പിന്തിരിയും; എങ്കില്‍ ചിത്രം വാണിജ്യവിജയമാകുമോ എന്ന് സംശയിക്കേണ്ടിവരും. എന്തായാലും നിരവധി പരാജയ ചിത്രങ്ങളുടെ ഇടയിലും ഇന്‍കം ടാക്സ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിനു ഈ ചിത്രമൊരു പരീക്ഷണം തന്നെയാണ്.

ഈ കാലത്തും സജ്ജീവമായി ഹിറ്റുകളൊരുക്കുന്ന പഴയ തലമുറയിലെ ഒരേയൊരു സംവിധായകനാണ് ജോഷി. ഒപ്പമുണ്ടായിരുന്ന പലരും പ്രേക്ഷകപ്രീതിയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയെങ്കിലും ജോഷി കാലാനുസൃതമായി ഹിറ്റുകള്‍ ഒരുക്കിയിരുന്നു. പ്രേം നസീര്‍ മുതല്‍ പുതു തലമുറയിലെ പൃഥീരാജ് വരെയുള്ളവര്‍ ജോഷിയുടെ സിനിമയിലെ നായകന്മാരായിരുന്നു. പക്ഷെ തന്റെ കരിയറിലൊരിക്കലും പുതുമുഖങ്ങളേയോ താ‍രങ്ങളല്ലാത്ത നടന്മാരെ വെച്ചോ സിനിമാ പരീക്ഷണം നടത്താന്‍ ജോഷി ഇതുവരെ തയ്യാറായിരുന്നില്ല. വലിയ ക്യാന്‍ വാസില്‍ പ്രഭയുള്ള താരങ്ങളെ നിരത്തി ഹിറ്റ് കൊയ്യാനായിരുന്നു ജോഷിക്ക് എന്നു ഇഷ്ടം. എന്നാല്‍ ഈ ഓണക്കാലത്ത് സന്തോഷ് പവിത്രം സജയ് സബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സെവന്‍സ്’ എന്ന ജോഷി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആസിഫ് അലി, നിവിന്‍ പോളി, അജു, വിനീത് കുമാര്‍, ഭാവ, റിമ കല്ലിങ്കല്‍ എന്നിവരാണ്.  പുതു യുവതാരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ജോഷിയുടെ ആദ്യ ചിത്രമായ സെവന്‍സിന്റെ തിരക്കഥ സംഭാഷണം ഒരുക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറം.
ഒരു സെവന്‍സ് ഫുട്ബോള്‍ ടീമിന്റെ കളിയുടെ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ യുവത്വ ചിത്രം ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ്. ജോഷിയുടേ ചിത്രമായതുകൊണ്ട് മിനിമ വിജയം ഉണ്ടാകുമെന്നും ഇന്‍ഡസ്ട്രി കരുതുന്നു. ഈ ചിത്രമൊരു വന്‍ വിജയമായാല്‍ അതുണ്ടാക്കുന്ന അനുരണനം പക്ഷെ വലുതാണ്. ജോഷിയടക്കമുള്ള മറ്റു സംവിധായകര്‍ പലരും യുവതാരങ്ങളിലേക്ക് നീങ്ങുമെന്ന കാര്യം. വിജയങ്ങളും നല്ല ചിത്രങ്ങളുമൊരുക്കാന്‍ സൂപ്പര്‍ താരങ്ങള്‍ വേണ്ട എന്നുള്ള സത്യം.

ഒരുകാലത്ത് മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്ന നടനാണ് ജയറാം. പത്മരാജന്‍ കണ്ടെത്തിയ ഈ പഴയ കലാഭവന്‍ മിമിക്രി ആര്‍ട്ടിസ്റ്റിനു പക്ഷെ, സത്യന്‍ അന്തിക്കാടിലും രാജസേനനിലുമൊക്കെയായി നിരവധി ചിത്രങ്ങള്‍ ചെയ്തുകൂട്ടിയെങ്കിലും മിമിക്രിയുടെ ഉള്‍ക്കുപ്പായങ്ങള്‍ പറിച്ചു കളയാനായിട്ടില്ല എന്നതാണ് അത്ഭുതം. ഇത്രയും സ്വയം അനുകരിക്കുന്ന വേറൊരു നടനില്ല മലയാളത്തില്‍. അഭിനയത്തില്‍ മെച്ചപ്പെടാത്തതും  കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നതും പണ്ടുണ്ടായിരുന്ന നല്ലൊരു ശതമാനം കുടുംബ പ്രേക്ഷകരെ ജയറാമില്‍ നിന്ന് അകറ്റിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ നടത്തി ഓണത്തിനിറങ്ങുന്ന ‘ഉലകം ചുറ്റും വാലിബന്‍ ‘ എന്ന കോമഡി ചിത്രം ഗ്യാലസ്കി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ സംവിധാനം ‘ചെസ്സ്’, എന്ന ദിലീപ് ചിത്രം ചെയ്ത രാജ് ബാബുവാണ്. കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് കൃഷ്ണാ പൂജപ്പുര.
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ കടന്നു വന്ന അപ്രതീക്ഷിമായ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ജയശങ്കറിനു ഉലകം ചുറ്റേണ്ടി വന്നു. അതിനിടയില്‍  ജയശങ്കറിനു കള്ളന്റേയും പോലീസിന്റേയും വേഷം കെട്ടേണ്ടിയും വന്നു.  ജയശങ്കറായി ജയറാമും ഒപ്പം ബിജു മേനോന്‍, വന്ദന, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്ന ചിത്രം കോമഡി പ്രേക്ഷകരെ ലക്ഷ്യവെച്ചിട്ടുള്ളതാണ്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മറ്റൊരു ചിത്രം കൂടി ഈ ഓണത്തിനിറങ്ങുന്നുണ്ട്. ഹലോ, മമ്മി & മി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ജോയ് തോമാസ് ശക്തികുളങ്ങര ജിതിന്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഡോക്ടര്‍ ലൌ” നവാഗതനായ കെ. ബിജു കഥയെഴുതി സംവിധാനം ചെയ്യുന്നു. നിരവധി വര്‍ഷം മലയാള സിനിമയില്‍ അസിസ്റ്റന്റും അസോസിയേറ്റും ആയി പ്രവര്‍ത്തിച്ച ബിജു അരൂക്കുറ്റിയാണ് കെ. ബിജുവായി ഈ കുഞ്ചാക്കോ ബോബന്‍ ചിത്രമൊരുക്കുന്നത്. കുഞ്ചാക്കോ ബോബനെക്കൂടാതെ ഭാവന, അനന്യ, സലീം കുമാര്‍, ഇന്നസെന്റ്, ഭഗത്, ശ്രാവണ്‍, അജു (മൂന്നുപേരും മലര്‍വാടി ഫെയിം) രജിത് മേനോന്‍, മണികുട്ടന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രണയിക്കാന്‍ കൊതിക്കുന്നവര്‍ക്ക് പ്രണയിപ്പിക്കാനുള്ള സാഹചര്യങ്ങളും ഉപദേശങ്ങളും നല്‍കി തമ്മില്‍ പ്രണയബദ്ധരാക്കുന്ന ഒരു ‘റൊമാന്‍സ് കണ്‍സള്‍ട്ടന്റ്’ ആയ വിനയ ചന്ദ്രന്‍ എന്ന കഥാപാത്രമാണ് ഇതില്‍ ചാക്കോച്ചനു. കോളേജ് കാമ്പസ്സിന്റെ പശ്ചാത്തലത്തില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ റൊമാന്റിക് ചിത്രമായിരിക്കും ഡോ. ലൌ എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നവാഗതനായ വിനു തോമാസാണ് ശരത് വയലാറീന്റെ രചനക്ക് ഈണം നല്‍കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, റിമി ടോമി എന്നിവരോടൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം, വിവേകാനന്ദന്‍, അഞ്ജു തോമാസ് എന്നിവരും പാടിയിരിക്കുന്നു. ജിതിന്‍ ആര്‍ട്ട്സ് വിതരണം ചെയ്യുന്നു.

മമ്മൂട്ടി സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഈ ഓണത്തിനില്ല എന്നതും സവിശേഷത തന്നെയാണ്. ഇതോടൊപ്പം അനൂപ് മേനോന്‍ നായകനായ ‘ജോസേട്ടന്റെ ഹീറോ” തുടങ്ങി താരതമ്യേന ചെറിയ ചിത്രങ്ങള്‍ ഓണത്തിനു ശേഷം റിലീസ് ചെയ്യാനുള്ള പദ്ധതികളുണ്ടേന്ന് കേള്‍ക്കുന്നു. ഓണത്തിനു രണ്ടാഴ്ച മുന്‍പേ സുരേഷ് ഗോപിയുടെ അശോക് ആര്‍ നാഥ് ചിത്രം “വെണ്‍ ശംഖു പോലെ” എന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ സുരേഷ് ഗോപിക്ക് ‘ഗോപിയായി’!

പൊതുവെ സൂപ്പര്‍ താര മത്സരങ്ങള്‍ ഇല്ല എന്നുള്ളതും മോഹന്‍ലാലിന്റേയും പൃഥീരാജിന്റേയും ജയറാമിന്റേയും ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരതമ്യേന പുതിയ (താരപ്രഭയില്ലാത്ത)താരങ്ങള്‍ അണി നിരക്കുന്ന ചിത്രങ്ങളാണെന്ന് കാണാം. ഇതുവരെ ഓണക്കാലത്ത് ഉണ്ടായിരുന്നൊരു കൌതുകമുണ്ട്, പലപ്പോഴും പ്രതീക്ഷയുള്ള ചിത്രങ്ങളെ മറികടന്ന് ഏതെങ്കിലുമൊരു ചെറിയ ചിത്രം അപ്രതീക്ഷിത വിജയം കൊയ്യുന്നത് (ചാണക്യന്‍ മുതല്‍ ക്ലാസ്സ് മേറ്റ്സും വെറുതെ ഒരു ഭാര്യയും വരെ ഉദാഹരണങ്ങള്‍) ആ രീതിയില്‍ നോക്കിയാല്‍ ‘പ്രണയ‘വും ‘തേജാഭായി‘യേയുമൊക്കെ മറികടന്ന് സെവന്‍സും ഡോക്ടര്‍ ലൌവും വന്‍ വിജയം നേടിയാല്‍ മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ടു വരുന്ന പുതിയ ചില മാറ്റങ്ങള്‍ക്ക് ആ വിജയങ്ങള്‍ ആക്കം കൂട്ടും. മലയാള സിനിമയില്‍ പുതിയ വഴി വെട്ടുന്നവര്‍ക്ക് ഈ വിജയങ്ങള്‍ ഒരു പ്രോത്സാഹനങ്ങളുമായിരിക്കും. പിന്നെ സൂപ്പര്‍ താരങ്ങളോ മസാല റീമേക്കുകളോ മീശ പിരിയന്‍ ചിത്രങ്ങളോ ഒന്നും വന്‍ വിജയങ്ങള്‍ കൊയ്യുമെന്ന് പ്രവചിക്കുവാന്‍ സാധിക്കില്ല.

എന്തായാലും മലയാള സിനിമയിലെ ഈ ഓണ മത്സരം കാത്തിരുന്ന് കാണാം. എം 3 ഡിബിയുടെ എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Article Tags
Contributors