തച്ചോളി ഒതേനനും അമ്മയെ കാണാനും.

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ പതിമൂന്നാം അധ്യായം

61. കാട്ടുമൈന
(1963 ജൂൺ)

മുരളിയുടെ ഗാനരചന ഒട്ടും ഭേദപ്പെട്ടതായില്ല. ബ്രദർ ലക്ഷമണന്റെ സംഗീതസംവിധാനത്തിന്, ലീല, സുശീല, കമുകറ, ഉദയഭാനു എന്നിവർ പിന്നണിയിലുണ്ടായിട്ടും, ഉള്ളം കുളിർപ്പിയ്ക്കുന്നതു പോട്ടെ, കാതിനു പ്രത്യേക സുഖമേകുന്ന ഒന്നുരണ്ടു പാട്ടെങ്കിലും കാഴ്ചവയ്ക്കാനൊത്തില്ലെന്നതു പരിതാപകരമായി.

 62. ചിലമ്പൊലി
(1963 ഒക്റ്റോബർ)

അഭയദേവിന്റെ ഗാനങ്ങൾ പലതും രചനാസൌഷ്ഠവമിയന്നതാണ്. ഭക്തിരസപ്രധാനങ്ങളായവ പ്രത്യേകിച്ചും. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനവും സാമാന്യം ഭേദപ്പെട്ടവയത്രേ. ലീല പാടിയ ‘കണ്ണനെക്കണ്ടേൻ’, ‘പ്രിയമാനസാ’ , ‘മാധവാ മധുകൈടഭാന്തകാ‘ ഇവ ശ്രുതിമധുരങ്ങളായി. ‘കലാദേവതേ’ എന്ന പാട്ടിൽ ലീല തന്റെ ഭാഗം പൊടിപ്പനാക്കി., എന്നാൽ കമുകറ വേണ്ടത്ര മികച്ചു നിന്നില്ല. പുരുഷോത്തമന്റെ  ‘ഓടിവാ വാ’ കൊള്ളാവുന്നതായി. സുശീല പാടിയ ‘കെട്ടിയ കൈകൊണ്ടീ മംഗല്യസൂത്രം’വും  പുരുഷോത്തമനും ലീലയും കൂടെപ്പാടിയ ‘പൂവിനു മണമില്ലാ’ എന്ന യുഗ്മഗാനവും തരക്കേടില്ല. ‘കസ്തൂരീതിലകം’ യഥാവിധി മികച്ചതാക്കാൻ പുരുഷോത്തമന്നൊത്തില്ല. മാധവന്റെ നൃത്തസംവിധാനം ആകെത്തുകയിൽ ഭേദപ്പെട്ടതായെന്നു കുറിയ്ക്കുന്നതിനോടൊപ്പം ആദ്യനൃത്തമൊരുക്കിയത് പ്രത്യേകസൌഭഗമെഴുമ്പടിയായെന്നു എടുത്തോതുകയും വേണം.

(‘പ്രിയ മാനസാ നീ വാ വാ പ്രേമമോഹനാ ദേവാ വാതിലു തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻ’ എന്ന ഗാനമാണ് ആദ്യനൃത്തമെന്നു സിനിക്ക് പരാമർശിച്ചിരിക്കുന്നത്. ഇത് അക്കാലത്ത് ധാരാളം നൃത്തവേദികളിൽ അവതരിക്കപ്പെട്ടു, കഥകളി ശൈലിയിൽ. ‘പ്രിയമാനസാ നീ’ എന്ന പ്രയോഗം നളചരിതം കഥകളിയിലെ ‘പ്രിയമാനസാ നീ പോയ് വരേണം’ എന്ന പദത്തിനു ചുവടു പിടിച്ച് എഴുതിയതാണ്. ‘പൂവിനു മണമില്ലാ’ എന്ന ഡ്യൂയെറ്റ് പോപുലർ ആയിത്തീർന്നിരുന്നു. വില്വമംഗലത്തിന്റെ റോളിൽ പ്രേം നസീർ തിളങ്ങിയ സിനിമയായിരുന്നു ചിലമ്പൊലി).

 63. അമ്മയെ കാണാൻ
(1963 ഡിസംബർ)

‘ഉണ്ണിപ്പൂവേ’ കഴിഞ്ഞാൽ മെച്ചപ്പെട്ടത് ‘കൊന്നപ്പൂവേ’ എന്ന പാട്ടാണ്. മധുരപ്പതിനേഴുകാരീ, പ്രാണന്റെ പ്രാണനിൽ, കഥ കഥപ്പൈങ്കിളി എന്നീ പാട്ടുകളും തരക്കേടില്ല. ജാനകിയ്ക്കു പുറമേ, ലീല, ഉദയഭാനു, യേശുദാസ്, കോമള എന്നിവരാണ് പിന്നണിപ്പാട്ടുകാർ. സംഗീതവിഭാഗം മേലെക്കിടയായില്ലെങ്കിലും മൊത്തത്തിൽ പറഞ്ഞാൽ കൊള്ളാവുന്നതാണ്).
 
 (‘ഉണരുണരൂ ഉണ്ണിപ്പൂവേ’ എസ്. ജാനകിയുടെ മികച്ച പാട്ടുകളിലൊന്നായി മാറി പിന്നീട്. ഇന്നും മത്സരങ്ങളിലും ഗാനമേളകളിലും കേൾക്കുന്ന പാട്ട് തന്നെ ഇത്. കെ. രാഘവന്റെ സംഭാവനകളിൽ വിലപ്പെട്ട മുത്ത്. “പ്രാണന്റെ പ്രാണനിൽ പ്രേമപ്രതീക്ഷതൻ വീണമുറുക്കിയ പാട്ടുകാരാ” പി ലീലയുടെ സ്വരമാധുരിയുടെ ഉദാഹരണമാണ്. ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പോലെ തന്നെയാണ് ചരണങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.)

64. കലയും കാമിനിയും
(1964 ഫെബ്രുവരി)

എട്ടു പാട്ടുകളാണിതിൽ. മുരളിയുടെ മൂന്നും ഭാസ്കരന്റെ അഞ്ചും.  എം. ബി. ശ്രീനിവാസന്റേതാണ് സംഗീതസംവിധാനം. ഒന്നാന്തരമെന്നെടുത്തു വാഴ്ത്താൻ ഇതിലൊരു പാട്ടുമില്ല.  തമ്മിൽ ഭേദം ഭാസ്കരന്റെ ‘ഇരന്നാൽ കിട്ടാത്ത പൊൻ പണ്ടമേ’, ‘ഉണ്ണിക്കൈ രണ്ടിലും വെണ്ണതരാം’ എന്നീ ഗാനങ്ങളാണ്. താരാട്ടു  പി. സുശീലയും  ഭഗവദ് കീർത്തനം പി. ലീലയും ഒരു വിധം നന്നാക്കി. പശ്ചാത്തലസംഗീതം ചില രംഗങ്ങളുടെ വൈകാരികമായ മാറ്റുകൂട്ടാൻ സഹായിച്ചിട്ടുണ്ട്. ലീലയും യേശുദാസും കൂടെപ്പാടിയ ‘നെഞ്ചിൽ തുടിയ്ക്കുമെൻ നൊമ്പരമറിയാതെ’ എന്ന പാട്ടും  ഒരു വിധം തരക്കേടില്ല.മഹിളാസമാജത്തിലെ ഡാൻസ് (നൃത്തസംവിധായകൻ ഇ. മാധവൻ) വെറും സാധാരണം മാത്രമേ ആയുള്ളു.

65. തച്ചോളി ഒതേനൻ
(1964 മാർച്ച്)

 ഈ കലാസൃഷ്ടിയുടെ മറ്റൊരാസ്വാദ്യത കേൾക്കാൻ സുഖമുള്ള എതാനും പാട്ടുകളുണ്ടിതിലെന്നതാണ്. പി. ഭാസ്കരന്റെ ഗാനരചന, മൊത്തത്തിൽ പറഞ്ഞാൽ, ഭേദപ്പെട്ടതാണ്. ബാബുരാജിന്റെ സംഗീതസംവിധാനമാകട്ടെ പതിവിൽക്കവിഞ്ഞു നന്നായിട്ടുമുണ്ട്. “കൊട്ടും ഞാൻ കേട്ടില്ല”, “നല്ലോലപ്പൈങ്കിളി” (രണ്ടും പി. ലീല) “അഞ്ജനക്കണ്ണെഴുതി” (എസ്. ജാനകി), “അപ്പം വേണം അട വേണം” (പി. ലീല, ശാന്താ പി. നായർ) എന്നീ പാട്ടുകൾ നന്നായി. താരാട്ടു വിശേഷിച്ചും. ശ്രവണസുഖം തരുന്ന ഈ ഗാനങ്ങൾക്കെല്ലാം സാമാന്യം പോലെ രചനാസൌഷ്ഠവവും കൈവന്നിട്ടുണ്ട്. തന്മ്മയത്തികവോലാതെപോയ പോയ ആ നാവോറ് ഒട്ടും നന്നായില്ല.

  (“അഞ്ജനക്കണ്ണെഴുതി”യോടെ എസ്. ജാനകി-ബാബുരാജ് ദ്വയം സമാനതകളില്ലാത്ത  ഹിറ്റ് മേക്കേഴ്സ് ആയി സ്ഥാനമുറപ്പിച്ചു. കമ്പോസിങ്ങിലും ആലാപനത്തിലും ഭാവോന്മ്മീലനത്തിലും സർവ്വോപരി ഗാനരചനാമികവിലും ഈ പാട്ടിനോടു കിട പിടിയ്ക്കാൻ മറ്റുപാട്ടുകൾ ഇല്ലെന്നു തെളിയിക്കപ്പെട്ടു.  നാട്യശാസ്ത്ര തരംതിരിവനുസരിച്ചുള്ള അഷ്ടനായികമാരിൽ ‘വാസകസജ്ജ’ എന്ന നായികാ ഭാവം രചനയിലും ആലാപനത്തിലും തുടിച്ചു നിന്നു. ബാബുരാജിന്റെ അപാര റേഞ്ച് തെളിയിക്കുന്ന മറ്റൊരു പാട്ടും ഈ ചിത്രത്തിലുണ്ട്. സാധാരണ ഹിന്ദുസ്ഥാനി ശൈലിയിൽ പാട്ടു ചിട്ടപ്പെടുത്തുന്ന ബാബുരാജ് തികച്ചും നാടൻ തിരുവാതിരപ്പാട്ടെന്നു തോന്നിപ്പിച്ച് യദുകുലകാംബോജിയിൽ  “കൊട്ടും ഞാൻ കേട്ടില്ല” ചിട്ടപ്പെടുത്തി.  “കന്നിനിലാവത്ത് കസ്തൂരി പൂശുന്ന’ പി. ലീലയുടെ ഏറ്റവും മെച്ചപ്പെട്ട പാട്ടുകളിലൊന്നാണ്).
 

Article Tags
Contributors