ഞാനറിവീല ഭവാന്റെ മോഹനഗാനാലാപനശൈലി

 

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പര.

41. ശ്രീകൃഷ്ണകുചേല

(1961 ഡിസംബർ)

 ഭാസ്കരന്റെ ഗാ‍നരചനയ്ക്ക് എടുത്തുവാഴ്ത്താവുന്ന മേന്മകൾ കണ്ടില്ല. ഒന്നുരണ്ടു പാട്ടുണ്ട് ഒരുവിധം ഭേദപ്പെട്ടതായി. കെ. രാഘവന്റെ സംഗീതത്തിൻ കീഴിൽ (അദ്ദേഹവും പാടുന്നുണ്ട് ഇതിൽ) ശ്രീനിവാസൻ, രാജാ വസന്തകുമാരി,ജിക്കി, സുശീല, ലീല,ശാന്ത, സുലോചന എന്നിവരൊക്കെയുണ്ട് പാടാൻ. എന്നാലും ചില പാട്ടുകളുണ്ട് കൊള്ളാവുന്നവയെന്നല്ലാതെ രാഘവന്റെ പ്രതിഭാവിലാസമൊന്നും പ്രകൃതകൃതിയെ അനുഗ്രഹിച്ചിട്ടില്ലെന്നു തന്നെ പറയണം. ഹീരാലാലിന്റെ നൃത്തസംവിധാനവും ഇടത്തരം തന്നെ.

 42. മുടിയനായ പുത്രൻ

(1962 ജനുവരി)

  ജിയുടെ ഗീതാഞ്ജലി തർജ്ജുമയിൽനിന്നെടുത്ത “എത്രമനോഹരം’ എന്ന പാട്ടൊഴിച്ചാൽ പത്തുപാട്ടുകളുണ്ട് പി. ഭാസ്കരന്റെ തൂലികയുടെ സമ്മാനമായി. അതിൽ മയിലാടും മല മാമല, ഓണത്തുമ്പീ, പുൽമാടമാണേലും, പൊട്ടിച്ചിരിക്കരുതേ, തേങ്ങിടൊല്ലേ എന്നീ ഗാനങ്ങൾ കാവ്യഭംഗി കലർന്നവ തന്നെ. അന്യഗാനങ്ങളിലുമുണ്ട് ചിലതു തരക്കേടില്ലാത്തവ. ബാബുരാ‍ാജിന്റെ സംഗീതസംവിധാനം മെച്ചപ്പെട്ടുവരികയാണെന്നതിൽ സംശയമില്ല. ഓണത്തുമ്പിയെക്കുറിച്ചുള്ള പാട്ട് മധുരമായി. എത്ര മനോഹരമാണവിടത്തെ ഗാനാലാപനശൈലി, മയിലാടും മല മാമല പൂമല, പുൽമാടമാണേലും പൂമേടയാണേലും എന്നീ പാട്ടുകളും ശ്രവണസുഖമണയ്ക്കുന്നവയത്രേ.

ചിലങ്കയോടു പൊട്ടിച്ചിരിക്കാ‍ാതിരിക്കാനുള്ള അപേക്ഷയിലടങ്ങിയ ശോകമധുരിമയെ ഒന്നാന്തരമെന്നു വാഴത്താം. ലീല, രേവമ്മ, ശാന്ത, ജോർജ്ജ്, ഉദയഭാനു എന്നിവരാണ് പിന്നണിസംഗീതക്കാർ. ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള നൃത്തപരിപാടികളിൽ അംബികയും പ്രസന്നബാലയും കൂടി ചഞ്ചലസുന്ദരപാദമെന്ന നല്ല പാട്ടിനൊത്താടിയത് അഴകെഴുന്ന മട്ടിലായി. രാധ ചിലങ്കയോട് അന്തിമവിട വാങ്ങുന്ന രംഗവും കൌതുകപ്രദമാണ്.

 (“തേങ്ങിടല്ലേ തേങ്ങിടല്ലെ തേങ്കുയിലേ” ആലാപനമാധുര്യം കൊണ്ട് ശാന്താ പി. നായർ മികച്ചതാക്കിയതാണ്. “എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി’  ടഗോറിന്റെ ഗീതഞ്ജലിയിലെ “ഞാനറിവീല ഭാവന്റെ ഗാ‍നാലാപനശൈലി’ എന്നത് മാറ്റിയെടുത്തതാണ്. ബാക്കിയൊക്കെ  ശങ്കരക്കുറുപ്പിന്റെ തർജ്ജിമ തന്നെ. ശാന്താ പി. നായ്ര് ഈ പാട്ടും അതിശ്രവണസുഖദമാക്കി.  “തേങ്ങിടല്ലെ.” ഒരു ഗസൽ രീതിയിൽ പുതുക്കിയെടുക്കാൻ സാദ്ധ്യതയുള്ളതാണ്.

“ചഞ്ചലസുന്ദരപാദം” നൃത്തത്തിനു വേണ്ടി എഴുതപ്പെട്ടതാണ്. ഹിന്ദുസ്ഥാനി ശൈലിയിൽ ബാബുരാജ് ചിട്ടപ്പെടുത്തിയ പാട്ടും ഓർക്കെഷ്ട്രേഷനും മാറ്റേണ്ടി വന്നു. തെന്നിന്ത്യൻ നൃത്തങ്ങളിൽ പ്രവീണരായ അംബികയും പ്രസന്നബാലയും ആണ് ഈ പാട്ടിനൊത്തു കളിയ്ക്കേണ്ടി വരുന്നത് എന്നതു കൊണ്ട്.)

  43. ലൈലാ മജ്നു

(1962 മാർച്ച്)

 പ്രേമകവിതകൾ ഭംഗിയിൽ രചിക്കാൻ കഴിവുള്ള ഭാസ്കരനെങ്കിലും ഗാനരചയിതാവിന്റെ ഭാഗത്തിൽ പ്രമേയത്തിനോടു നീതി പുലർത്തുമെന്നു പ്രതീക്ഷിച്ചതായിരുന്നു. “പവനുരുക്കി”, “താരമേ നിന്നുടെ നാട്ടിലും”, “സ്നേഹത്തിൻ കാനനച്ചോലയിൽ”, ഒരു കുല പൂ വിരിഞ്ഞാൽ” ഇങ്ങനെഒരു ഡസൻ പാട്ടുകളുള്ളതിൽ ഒരു വിധം കൊള്ളാവുന്ന ചില ഗാനങ്ങൾ കാണുമെന്നിരിക്കിലും ഇതിവൃത്തത്തിന്റെ മാറ്റിനൊത്തുയരുന്ന വിശിഷ്ടഗാനം ഒന്നുപോലും ഇല്ല തന്നെ.ബാബുരാജിന്റെ സംഗീതസംവിധാനനൈപുണിയും പ്രകൃതകൃതിയുടെ ഉത്കർഷത്തിനു സാരമായൊന്നും സഹായിച്ചിട്ടില്ല. “പഞ്ചമിരാവൊന്നു പവനുരുക്കി”, “താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ’ എന്ന് ഉദയഭാനുവും ലീലയും കൂടെ പാടുന്ന യുഗ്മഗാനങ്ങൾ, “ സ്നേഹത്തിൻ കാനനച്ചോലയിൽ’ എന്ന ലീലയുടെ പാട്ട്, “ഒരു കുല പൂ വിരിഞ്ഞാൽ ഓടിവരും പൂങ്കാറ്റേ” എന്ന ശാന്ത പാടിയ പാട്ട്, ഇവ ഭേദപ്പെട്ട പാട്ടുകളിൽ പെടും. എന്നിരിക്കേ ഇവയിൽ ഒന്നെങ്കിലും അവിസ്മരണീയമായ മധുരിമയെഴുന്ന ഒന്നാംകിട പാട്ടായി ഉയർന്നിട്ടില്ല. സന്ദർഭങ്ങളുടെ വൈകാരികക്കൊഴുപ്പു കൂട്ടാനുതകുന്ന സമുചിതമായ പശ്ചാത്തലസംഗീതപ്രയോഗവും ബാബുരാജിന്റെ ഭാവന ഈ ചിത്രത്തിനു സംഭാവന ചെയ്യുന്നില്ല.

     ഖയസ്-ലൈലമാരുടെ ആ‍ാദ്യകാലത്തെ പകർത്തിക്കാട്ടാനുപ്യോഗിച്ച “കൂട്ടിനിളംകിളി കുഞ്ഞാറ്റക്കിളി” എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനു ഇഴുക്കമേറിപ്പോയി. പരിണതപ്രേമപ്രകടനത്തിനുമാത്രം പാകമെത്തിക്കഴിഞ്ഞിട്ടില്ലാത്ത ബാലികാബാലകന്മാർ  പ്രത്യക്ഷപ്പെടുന്ന ആ രംഗത്തെ സംയമക്കരുതലോടെ കൂടുതൽ നിർമ്മലമാക്കുന്നതിലായിരുന്നു സംവിധായകന്റെ ഉചിതജ്ഞത ഉണർന്നു പ്രവർത്തിക്കേണ്ടിയിരുന്നത്.

 44. വേലുത്തമ്പി ദളവ

   (1962 ഏപ്രിൽ)

   അഭയദേവിന്റെ എട്ടു പാട്ടുകളുള്ളതിൽ ചിലതു തരക്കേടില്ല.ചിലതു ബാലിശമായെങ്കിൽ ബാലിശമായ രംഗങ്ങൾക്കെഴുതപ്പെട്ടവയാണെന്നു സമാധാനിക്കയേ പറ്റൂ. ദക്ഷിണാമൂർത്തിയും പാർത്ഥസാരഥിയും കൂടി നിർവ്വഹിച്ച സംഗീതസംവിധാനം ഇടത്തരമാണ്.  “ആകാശത്തിരിക്കും ബാവായേ” എന്ന പാട്ടു ക്രിസ്ത്യൻ പ്രേക്ഷകരെ ചുളിവിലാകർഷിക്കാൻ ഉൽ‌പ്പെടുത്തിയതായിരിക്കണം. ശാന്ത പാടിയ ആ പാട്ടു തരക്കേടില്ല. ലീല പാടിയ “കാത്തുകൊൾക”, “എന്തേ നീ“ “പൂജാരി വന്നില്ലേ” എന്നീ പാട്ടുകൾ ഒരുവിധം കേൾക്കാൻ കൊള്ളാവുന്നവയാണ്. ഉദയഭാനുവും റാ‍ണിയും കൂടെയുള്ള “ഇന്നു നല്ല ലാക്കാ” എന്ന പാട്ട് പ്രേക്ഷകരിൽ ചിലർക്കു നേരം പോക്കിനു വകയുണ്ടാക്കാം. ജഗദംബികയുടെ പലരീതിയിലുള്ള ആദ്യഡാൻസ് ഭംഗിയായി. മെക്കാളെയുടെ മുൻപിൽ വച്ചുള്ള നൃത്തം-അതായിരുന്നു കൂടുതൽ കേമമാകേണ്ടിയിരുന്നത്- അത്ര തന്നെ മികച്ചതായില്ല.

 (‘ഹ’ യിൽ തുടങ്ങുന്ന ചുരുക്കം ചിലപാട്ടുകളിലൊന്നാണ് “ഹ ഹ ഹാ ഇന്നു നല്ല ലാക്കാ’ എന്ന അടുക്കളക്കാരന്റേയും അടുക്കളക്കാരിയുടെയും പാട്ട്. “മുട്ടയുണ്ട്, റൊട്ടിയുണ്ട്, ..പച്ചമീൻ പൊരിച്ചതുണ്ട് മെച്ചമാമിറച്ചിയുണ്ട്” എന്നിങ്ങനെ പോകുന്നു അത്. ബഹദൂറും റ്റി. ആർ . ഓമനയും തകർത്തു വാരി ഈ രംഗത്ത്.)

45. ശ്രീകോവിൽ

  (1962 മേയ്)

   അഭയദേവിന്റെ ഗാനരചനയിൽ എടുത്തുവാഴ്ത്തത്തക്ക മേന്മകൾ കുറവാണ്. ദക്ഷിണാമൂർത്തിയുടെ സംവിധാനത്തിൻ കീഴിൽ ലീല, ശാന്ത മുതൽ‌പ്പേർ പാടിയ പാട്ടുകളിൽ കോളേജിൽ വച്ചുള്ള നൃത്തപരിപാടിയ്ക്കു പാടിയ പാട്ടു നന്നായി. “തോരുകില്ലേ മിഴി” എന്ന പാട്ടും ഭേദപ്പെട്ടതാണ്. കോളേജു വാർഷികത്തിലെ (മാധവമേനോനാണ് നൃത്തസംവിധായകൻ) ആ നൃത്തം മാത്രമേ കലാഭംഗി കവരുന്നതായുള്ളു. മറ്റിടങ്ങളിൽ തടി ഉലയ്ക്കലും വളയ്ക്കലും മാത്രമാണ് നമുക്കു കാണാനൊക്കുന്നത്.

 

Article Tags
Contributors