തിലകൻ

Submitted by Kiranz on Tue, 09/14/2010 - 01:10
Name in English
Thilakan
Date of Birth

രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊന്ന്. സ്വാഭാവികമായ ഡയലോഗ് പ്രസന്റേഷനിലൂടെ തനതായ അഭിനയശൈലിയുടെ ഉടമ. മുഴുവൻ പേര് സുരേന്ദ്രനാഥ് തിലകൻ. ആറാം വയസ്സിൽത്തന്നെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ തിലകൻ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകങ്ങളിലൂടെ  അഭിനയരംഗത്ത് സജീവമായിരുന്നു.1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് “മുണ്ടക്കയം” നാടകസമിതിക്ക് രൂപം കൊടുത്തു. 1966 വരെ കെപിഎസിയുടെ ഭാഗമായിരുന്ന തിലകൻ പിന്നീട് കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ നാടകസംഘങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പി.ജെ ആന്റണി രൂപം കൊടുത്ത നാടകസമിതിയിലും പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു. റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിരുന്നു. പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.

പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായത്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത "ഉൾക്കടൽ" എന്ന ചലച്ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.

1982ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് കരസ്ഥമാക്കി. തുടർന്ന് ഏറെ അവാർഡുകൾ തിലകനെത്തേടിയെത്തി.1990ൽ അജയൻ സംവിധാനം ചെയ്ത “പെരുന്തച്ചൻ”, 1994ൽ "സന്താനഗോപാലം,ഗമനം" എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ അക്കൊല്ലങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2007ൽ ഏകാന്തം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്ക്കാരം  നേടി. 2009ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി തിലകനെ ആദരിച്ചു. സിനിമാരംഗത്ത് തന്നെ സജീവമായി രംഗത്തുള്ള ഷമ്മി തിലകൻ,സംസ്ഥാന സർക്കാരിന്റെ തന്നെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ജേതാവും നടനുമായ ഷോബി തിലകൻ തുടങ്ങിയവർ മക്കളാണ്.

കൗതുകങ്ങൾ

  • ഓച്ചിറ ഉത്സവങ്ങൾ പോലെയുള്ള വലിയ ജനക്കൂട്ടത്തിനു മുൻപിൽപ്പോലും നാടകമവതരിപ്പിക്കുമ്പോൾ തിലകന്റെ സീൻ വരുമ്പോൾ കാണികൾ ശബ്ദമടക്കി ഡയലോഗ് കേൾക്കാൻ കാതോർത്തിരുന്നു.
  • മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ട് തവണയാണ് തിലകന് തലനാരിഴക്ക് നഷ്ടമായത്. ഇരകളിലെയും(1986), പെരുന്തച്ചനിലെയും (1990)ലെയും വേഷങ്ങൾക്കായിരുന്നു ഇത്.
  • 2010ൽ ചലച്ചിത്രസംഘടനയുമായ "അമ്മ"യുമായി ബന്ധപ്പെട്ട വിവാദത്തിലുൾപ്പെട്ട് സംഘടനയിൽ നിന്നു പുറത്തു പോയിരുന്നു. ചലച്ചിത്ര സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും തിലകൻ എന്ന മഹാനടനെ അനുകൂലിച്ച് കൊണ്ട് സാംസ്ക്കാരിക നായകനായ സുകുമാർ അഴീക്കോടുൾപ്പടെ നിരവധിപേർ രംഗത്തെത്തി.ഏറെ ജനപിന്തുണയും ലഭ്യമായിരുന്ന തിലകൻ തുടർന്ന് ടെലിവിഷൻ രംഗത്ത് സജീവമായെങ്കിലും ചലച്ചിത്രമേഖലയിൽ നിന്ന് വീണ്ടും അവസരങ്ങൾ തേടിയെത്തി. 2011ൽ രഞ്ജിത്ത് സംവിധാനം ചെയ്ത "ഇന്ത്യൻറുപ്പി "യിൽ ശക്തമായ വേഷം ചെയ്തു. 2012ൽ അൻവർ റഷീദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ "ഉസ്താദ് ഹോട്ടലി"ലും മികച്ച വേഷമാണ് തിലകനെത്തേടിയെത്തിയത്.

അവലംബങ്ങൾ കൂടുതൽ വായനകൾ

 വീഡിയോയിലൂടെ -തിലകൻ