ശോഭന പരമേശ്വരൻ നായർ

Submitted by danildk on Mon, 12/13/2010 - 12:22
Shobhana Prameswaran Nair
Alias
കെ പരമേശ്വരൻ നായർ

Photo of Mr Shobhana Parameswaran Nair, the famous Malayalam Movie producer

1926 സെപ്തംബർ 26ന് വയലരികത്ത് കെ നാരായണപിള്ളയുടേയും പാലവിളയിൽ പാർവ്വതിയമ്മയുടേയും മകനായി ചിറയിൻകീഴിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസകാലത്ത് പ്രേംനസീറുമൊത്തുള്ള (അന്ന് അബ്ദുൾ ഖാദർ) നാടകാഭിനയവും മറ്റും ഏതെങ്കിലും രീതിയിൽ സിനിമയിൽ എത്തപ്പെടണം എന്ന മോഹം ഇദ്ദേഹത്തിൽ വളർത്തിയെടുത്തു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തിരുനെൽവേലിയിൽ ജ്യേഷ്ഠനൊപ്പം താമസിച്ചു. അവിടെ മാരാർ സ്റ്റുഡിയോയിൽ ഫോട്ടൊയെടുക്കുന്നതിലും, ഡവലപ്പ് ചെയ്യുന്നതിലും, പ്രിന്റുചെയ്യുന്നതിലുമൊക്കെ പ്രാവീണ്യം നേടി. പിന്നീട് തൃശ്ശൂരിൽ ശോഭനാ സ്റ്റുഡിയോ തുടങ്ങി. അവിടെ വെച്ചാണ് രാമു കാര്യാട്ടുമായി പരിചയപ്പെടുന്നത്. സ്റ്റൂഡിയോ ഒരു ബന്ധുവിനെ ഏൽപ്പിച്ച് മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി മാറിയ നീലക്കുയിലിന്റെ നിശ്ചലഛായാഗ്രഹണത്തിനായി മദിരാശിയിൽപ്പോയി. അവിടുത്തെ താമസം സിനിമാ നിർമ്മാണത്തിന്റെ വിവിധ മേഖലകളെ അടുത്തറിയുവാൻ അദ്ദേഹത്തെ സഹായിച്ചു. ചന്ദ്രതാരയുടെ അടുത്ത ചിത്രമായ രാരിച്ചൻ എന്ന പൗരന്റേയും സ്റ്റിൽസ് ശ്രീ പരമേശ്വരൻ നായരായിരുന്നു ചിത്രീകരിച്ചത്.

1963ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെ നിർമ്മാണരംഗത്തു സജീവമായി. സിനിമാരംഗത്തുള്ളവർക്ക് "പരമുവണ്ണ"നായിരുന്നു ഇദ്ദേഹം.  1965ൽ പരമേശ്വരൻ നായർ നിർമ്മിച്ച മുറപ്പെണ്ണ് എന്ന ചലച്ചിത്രത്തിനായിരുന്നു എം ടി വാസുദേവൻ നായർ ആദ്യമായി തിരക്കഥയെഴുതുന്നത്. നഗരമേ നന്ദി, കള്ളിച്ചെല്ലമ്മ, അഭയം, നൃത്തശാല, തുലാവർഷം, പൂജയ്ക്കെടുക്കാത്ത പൂക്കൾ, അമ്മുവിന്റെ ആട്ടിൻകുട്ടി, കൊച്ചുതെമ്മാടി എന്നീ ചിത്രങ്ങൾ പിന്നിട്  നിർമ്മിച്ചു. നിണമണിഞ്ഞ കാൽപ്പാടുകൾ, മുറപ്പെണ്ണ് എന്നീ സിനിമകൾക്ക് ഏറ്റവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും, അമ്മുവിന്റെ ആട്ടിൻകുട്ടി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.

2009 മേയ് 20ന് അന്തരിച്ചു.
ഭാര്യ: എം സരസ്വതി
മകൾ: സുപ്രിയ