Attachment | Size |
---|---|
thirunallur.jpg | 7.59 KB |
1924 ഒക്ടോബര്‍ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാട്ടിലാണ് ജനനം.
പ്രാക്കുളം എന്‍ എസ് എസ് ഹൈസ്കൂള്‍, കൊല്ലം എസ് എന്‍ കോളേജ് (ബി എ), തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജ് (എം എ) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജില്‍ വളരെക്കാലം മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. പിഎസ്സി അംഗം, ജനയുഗം പത്രാധിപര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
"പൊന്‍ കമലങ്ങള്‍ പൂക്കുന്ന മാനസ-
പ്പൊയ്കതന്‍ തെളിനീരകത്താക്കിയും
നെറ്റിമേല്‍ പട്ടമേകിയ കൌതുകം
ചെറ്റുനേരമാ നാല്‍ക്കൊമ്പനേകിയും
നല്ല കല്‍പകപ്പൊന്‍തളിര്‍പ്പട്ടു നീര്‍-
ത്തുള്ളി പാറുന്ന കാറ്റാല്‍പ്പറത്തിയും
ഛായമാറും നിനക്കുല്ലസിച്ചിടാം
സ്ഫാടികപ്രഭാശുഭ്രമാമദ്രിയില്‍" -- ഇങ്ങനെ നീളുന്ന മനോഹരമായ മേഘസന്ദേശ വിവര്‍ത്തനം തിരുനല്ലൂരാണ് കൈരളിക്കു കാഴ്ചവെച്ചത്.
1957ല്‍ റിലീസായ "അച്ഛനും മകനും" എന്ന ചിത്രത്തില്‍ വിമല്‍ കുമാറിന്‍റ്റെ സംഗീതസംവിധാനത്തില്‍ "കാറ്റേ നീ വീശരുതിപ്പോള്‍" എന്നതുള്‍പ്പെടെ അഞ്ചു പാട്ടുകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീട് "കാറ്റുവന്നു വിളിച്ചപ്പോള്‍" എന്ന ചിത്രത്തിനുവേണ്ടി എം ജി രാധാകൃഷ്ണനും ഈ പാട്ട് വ്യത്യസ്ഥമായി സ്വരപ്പെടുത്തിയിട്ടുണ്ട്.
സൌന്ദര്യത്തിന്‍റ്റെ പടയാളികള്‍, പ്രേമം മധുരമാണ്, ധീരവുമാണ്, റാണി, മേഘസന്ദേശം (വിവര്‍ത്തനം), അന്തിമയങ്ങുമ്പോള്‍, രാത്രി, താഷ്കെന്‍റ്റ്, അഭിജ്ഞാന ശാകുന്തളം (വിവര്‍ത്തനം), വയലാര്‍, ജിപ്സികള്‍, മലയാളഭാഷാ പരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും (പഠനം) എന്നിവയാണ് പ്രധാനകൃതികള്‍.
ആശാന്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ദുബായ് ശക്തി അവാര്‍ഡ് എന്നിവയാണ് തിരുനല്ലൂരിനു ലഭിച്ച പുരസ്കാരങ്ങള്‍.