Name in English
Alex Paul
Artist's field
1964 നവംബര്‍ 21ന് എ എം പോളിന്റെയും ഫിലോമിന പോളിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബേര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ആര്‍എല്‍വി അക്കാദമിയില്‍ നിന്ന് നാലുവര്‍ഷം സംഗീതം അഭ്യസിച്ചു.
സംഗീതത്തില്‍ അച്ഛന്‍ എ എം പോളും കൊച്ചച്ചനായ ജോസ് എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മൂന്നര വയസ്സുള്ളപ്പോള്‍ ട്രിപ്പിള്‍ ഡ്രം (കോംഗോ ഡ്രം) അരങ്ങേറ്റം നടത്തി. ഓര്‍ഗന്‍, കീബോര്‍ഡ്, ഗിത്താര്‍, സിത്താര്‍, വീണ, ഡ്രംസ്, കോംഗോ ഡ്രംസ്, തബല, മാഡ്ലിന്‍ എന്നീ ഉപകരണങ്ങള്‍ക്കുപുറമെ കമ്പ്യൂട്ടര്‍ മ്യൂസിക്കും അഭ്യസിച്ചിട്ടുണ്ട്.പതിനാറുവയസ്സുമുതല്‍ സംഗീത അദ്ധ്യാപകനായ പിതാവ് എ എം പോളിനെ സഹായിക്കുമായിരുന്നു. പതിനാറാം വയസ്സില്‍ സംഗീത അദ്ധ്യാപകനായി. ഒമ്പതര വര്‍ഷത്തോളം കലാഭവനിലും പിന്നെ ചില സിബിഎസ്സി സ്കൂളുകളില്‍ പാര്‍ട്ട് ടൈം മ്യൂസിക്ക് ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്.
ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സംഗീതസംവിധാനത്തിലൂടെയാണ് അലക്സ് പോള്‍ മലയാള സിനിമാരംഗത്ത് എത്തിയത്. ബ്ളാക്ക്, തൊമ്മനും മക്കളും, അച്ഛനുറങ്ങാത്ത വീട്, രാജമാണിക്യം, വാസ്തവം, ക്ലാസ് മേറ്റ്സ് , ബാബാകല്ല്യാണി, മായാവി എന്നിങ്ങനെ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു.
കലാഭവനുവേണ്ടിയും അല്ലാതെയും നിരവധി ഓഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 'മിശിഹാ ചരിത്രം' എന്ന പേരില്‍ ജീസസ്സിന്റെ ജനനം മുതല്‍ ഉയര്‍പ്പുവരെയുള്ള ചരിത്രം സംഗീതരൂപത്തിലാക്കി. കുട്ടികളുടെ സംഗീതത്തിന്റെ സിലബസ്സ് മ്യൂസിക്കല്‍ ആല്‍ബമാക്കി. ആദ്യമായി 'റ്റേക്ക് ഇറ്റ് ഈസി' എന്ന പേരില്‍ ബൈബിളിന്റെ ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങള്‍ സംഗീതരൂപത്തിലാക്കി. വിഷ്വല്‍ സാധ്യതകള്‍ പഠിക്കാന്‍വേണ്ടി സ്വന്തമായി സ്റ്റുഡിയോ ഉണ്ടാക്കി. സംവിധായകനും അഭിനേതാവുമായ ലാൽ (സിദ്ദിക്ക്-ലാൽ) സഹോദരനാണ്.
ഭാര്യ : ബിജി.
മക്കൾ : അശ്വതി, ആരതി, അര്‍ജ്ജുന്‍.