Attachment | Size |
---|---|
1017367_568152169890195_1141403152_n.jpg | 96.13 KB |

'മോട്ടോർ സൈക്കിൾ ഡയറീസ്' പുസ്തകം വായിച്ചും, സിനിമ കണ്ടും നടന്നിരുന്ന കാലത്ത് ഒരുപാടാഗ്രഹിച്ചിട്ടുണ്ട്, സ്വപ്നം കണ്ടിട്ടുണ്ട്- മലയാളത്തിലും ഒരു റോഡ് മൂവി...
ഈ ഒരൊറ്റ ചിത്രം മാത്രം മതി, സമീർ താഹിർ എന്ന ഫിലിം മേക്കറെ മലയാളത്തിലെ മികച്ച സംവിധായകരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ,
പ്രാദേശിക ചിത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ മുഖ്യധാര ബോളിവുഡ് സിനിമ പ്രവർത്തകർ പോലും സജ്ജീകരണങ്ങൾ ഒരുക്കിയെടുക്കാൻ മടിക്കുന്ന കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ നാഗാലാന്റുൾപ്പെടെ ഏഴോളം സംസ്ഥാനങ്ങളെ കൂട്ടിയിണക്കി ഒരു ചലച്ചിത്ര പദ്ധതി തയ്യാറാക്കാനും, ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞ ഇത്തരമൊരു സംരംഭത്തിന്റെ നിർമാണ ചുമതല കൂടി ഏറ്റെടുക്കാനും അദ്ദേഹം കാണിച്ച ധൈര്യം മാത്രം മതി ഈ ചലച്ചിത്രം മഹത്വവൽക്കരിക്കപെടാൻ..
'ആമി'യിലൂടെ (അഞ്ചു സുന്ദരികൾ ) ഞെട്ടിച്ച യുവ എഴുത്തുകാരൻ ഹാഷിർ മുഹമ്മദ് തന്റെ പേനകൊണ്ട് മറ്റൊരു വിസ്മയം തീർത്തിരിക്കുന്നു ഈ ചിത്രത്തിലൂടെ.. ഡയലോഗുകളിൽ പിശുക്ക് കാണിക്കുന്ന ഈ എഴുത്തുകാരന്റെ വ്യത്യസ്തമായ ശൈലി പറയാതെ വയ്യ. അക്ഷരാർത്ഥത്തിൽ 'തിരശീലയിലെ കഥ ' തന്നെയായിരുന്നു അദ്ദേഹം വരച്ചിട്ടത്.. കഥ പറഞ്ഞത് സുന്ദരമായ ദ്രിശ്യ ഭാഷയായിരുന്നു.. ഒതുക്കിയ സംഭാഷണ ശകലങ്ങൾ വേണ്ടിടത്ത് സന്ദർഭോചിതമായി പ്രയോഗിക്കുന്നതിലും കഥാകൃത്തിന്റെ ഭാവന വിജയിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ..
ഒരു പ്രത്യേക ലക്ഷ്യത്തോട് കൂടിയുള്ള യാത്ര-അനുഭവങ്ങളിലെ ജീവിത രസങ്ങൾ- ഇരുണ്ട നാഗരികതയ്ക്കപ്പുറം ഗ്രാമങ്ങളിലൂടെ ജീവിക്കുന്ന ഇന്ത്യയുടെ പാർശ്വവൽക്കരിക്കപ്പെട്ട മുഖം, വിശാലമായ ക്യാൻവാസിലൂടെ ഇത്തരത്തിൽ പകർത്തപ്പെട്ടിരിക്കുന്ന സിനിമ യാഥാസ്ഥിതിക-മത സാമൂഹിക വ്യവസ്ഥിതികളേയും വിമർശനാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്..
ചലച്ചിത്രത്തെ അതിന്റെ ഏറ്റവും ഉന്നത നിലയിൽ പ്രതിഷ്ട്ടിക്കുന്നത്, അതിശയിപ്പിക്കുന്ന ദ്രിശ്യചാരുതയുടെ മേന്മയൊന്നു തന്നെയാണ്... ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകന്റെ ക്രിയാത്മകത എന്നും ഓർമിക്കപ്പെടും, തീർച്ച..
അഭിനയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ഫ്രെയ്മിൽ വരുന്ന ഓരോ പുൽനാമ്പും അഭിനയിക്കുകയായിരുന്നു, തന്മയത്വത്തോട് കൂടി തന്നെ ...
ചടുലമായ ദ്രിശ്യഭാഷയ്ക്കുതകും വിധം ഗാനങ്ങളൊരുക്കിയ റെക്സ് വിജയന്റെ നേതൃത്വത്തിലുള്ള മ്യൂസിക്ക് ഡിപ്പാർട്ടുമെന്റും വളരെയേറെ മികച്ചു നിന്നു..Vinayak Sasikumar ഗാനരചിയിതാവ് എന്ന നിലയ്ക്ക് താങ്കൾക്കൊരു മികച്ച തുടക്കം കിട്ടിയിരിക്കുന്നു.. എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രസംയോജനത്തിലെ മികവാണ് .. അസാധ്യം, ശ്രീകർ പ്രസാദ്...
ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന മലയാളത്തിലെ ആദ്യ റോഡ് മൂവിയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... വ്യത്യസ്ഥതയെ പ്രണയിക്കുന്ന നമ്മുടെ സിനിമ സംസ്കാരം ഇനിയും ഉയരങ്ങളിലെത്തട്ടെ...