പി ബാലചന്ദ്രൻ

Submitted by Kiranz on Sun, 11/28/2010 - 23:56
Name in English
P Balachandran

പി ബാലചന്ദ്രന്റെ ചിത്രം1952 ഫെബ്രുവരി രണ്ടിന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം.മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ."ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി.

കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐശ്ചികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

മലയാള ചലച്ചിത്രലോകത്ത് ഏറെ ഹിറ്റായി മാറിയ ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ(വേണുനാഗവള്ളിയുമൊത്ത്),മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി ശ്രദ്ധേയനായ തിരക്കഥാകൃത്തായി മാറി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി  “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള  കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ” നേടിക്കൊടുത്തു. കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.

കുടുംബം : ഭാര്യ ശ്രീലത,മക്കൾ-മകൻ ശ്രീകാന്ത് ചന്ദ്രൻ,മകൾ പാർവ്വതി ചന്ദ്രൻ.