സുരാസു

Submitted by Neeli on Mon, 04/20/2015 - 13:53
Name in English
Surasu

ബാലഗോപാലക്കുറുപ്പെന്ന സുരാസു നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനായിരുന്നു. നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്നു അദ്ദേഹം. ആ 1973 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന ചിത്രത്തിലൂടെയാണ് സുരാസുവിന്റെ ചലച്ചിത്രബന്ധം ആരംഭിക്കുന്നത്. ബേബി സംവിധാനം ചെയ്ത ശംഖുപുഷ്പ്പത്തിലൂടെ തിരക്കഥാകൃത്തും ആയി. എം ടി യുടെ നിർമ്മാല്യം, മോഹന്റെ തീർഥം തുടങ്ങിയ ചിത്രങ്ങളിലെ സുരസുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. 1985 ൽ സുരായണമെന്ന പേരിൽ തന്റെ ആത്മകഥ എഴുതി. സുരാസുവിന്റെ 'വിശ്വരൂപം' എന്ന നാടകം നിരവധി അവാർഡുകൾ നേടിയിരുന്നു. റോയൽ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ടി ജി നായരായിരുന്നു സുരാസുവിന്റെ അച്ഛൻ. അമ്മ ശാരദ. ബാർമ്മയിലാണ് സുരാസു ജനിച്ചത്. പിന്നീട് ചെർപ്പുളശേരിയിൽ തമസമാക്കി. കോഴിക്കോട് ഫാറൂക്ക് കോളേജിൽ പഠിച്ച സുരാസു കുറച്ചുകാലം എയർഫോഴ്സിൽ ജോലി നോക്കിയിരുന്നു. ജീവിതത്തിൽ രണ്ടു ഭാര്യമാരെ സ്വീകരിച്ചെങ്കിലും കുടുംബജീവിതം ഭദ്രമാക്കാൻ സുരാസുവിനു കഴിഞ്ഞിരുന്നില്ല. 1995 ജൂണ്‍ നാലാം തീയതി ബുധനാഴ്ച്ച കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അബോധാവസ്ഥയിൽ കിടന്നപ്പോൾ സുരാസുവെന്ന കലാകരനെ ആരും തിരിച്ചറിഞ്ഞില്ല. അധികമാളുകൾ തന്നെ തിരിച്ചറിയണമെന്നോ ആദരിക്കണമെന്നോ സുരാസുവിനു മോഹമില്ലായിരുന്നു. ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച പ്രത്യേകത മരണത്തിലും അദ്ദേഹം പുലർത്തി.

അവലംബം : എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്