സംവിധായകൻ
മലയാളത്തിൽ വേറിട്ടൊരു സിനിമാസംസ്കാരം രൂപപ്പെടുത്തിയവരിൽ പ്രമുഖൻ. ഒട്ടനവധി വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യൻ സിനിമയിൽ സത്യജിത് റേയുടെ പിന്തുടർച്ചക്കാരൻ എന്ന വിശേഷണത്തിനർഹൻ. 1984-ൽ പദ്മശ്രീയും 2006-ൽ പദ്മവിഭൂഷനും 2004-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചു.
നാടകത്തോടുള്ള താത്പര്യം കൊണ്ടാണ് അടൂർ 1962-ൽ പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ ചേർന്നത്. സിനിമയും നാടകവും വേറിട്ട കലാരൂപങ്ങളാണെന്ന തിരിച്ചറിവുമായി പഠനം പൂർത്തിയാക്കിയ അടൂർ കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് രൂപം നൽകിയ ചിത്രലേഖ ഫിലിം കോഓപ്പറേറ്റീവിന്റെ ബാനറിൽ നിർമ്മിച്ച സ്വയംവരം(1972) ആണ് അടൂരിന്റെ ആദ്യ ഫീച്ചർ ചിത്രം. മികച്ച ഫീച്ചർ ചിത്രത്തിനും സംവിധായകനും നടിയ്ക്കുമുള്ള ദേശീയ അവാർഡുകൾ നേടിയ സ്വയംവരം പുതിയൊരു സംവിധായകന്റെ വരവറിയിച്ചു. ‘എലിപ്പത്തായം’ കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളചിത്രമായി. ഈ ചിത്രം തന്നെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ടിന്റെ പ്രത്യേകപുരസ്കാരത്തിനർഹമായി. 11 ഫീച്ചർ ചിത്രങ്ങളും ഒട്ടനവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
ചില കൗതുകങ്ങൾ
- ഗോവ IFFI-2009ൽ തിരഞ്ഞെടുത്ത "ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മികച്ച 20 ചിത്രങ്ങൾ" എന്ന ലിസ്റ്റിൽ മലയാളത്തിൽ നിന്ന് എലിപ്പത്തായം മാത്രം.
- അദ്ദേഹത്തിന്റെ പൂർത്തിയാവാതെ പോയ ചിത്രം: കാമുകി