1951 ൽ കൊച്ചിയിൽ ജനനം. ശരിക്കുള്ള പേര്, സലീം മുഹമ്മദ് ഘൗഷ്.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലയിലൂടെ അറിയപ്പെട്ടു.
കലാജീവിതത്തിന്റെ തുടക്കം മിമിക്രിയിൽ ആയിരുന്നു. മഹാരാജാസിൽ പഠിക്കുമ്പോൾ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച് കയ്യടി നേടിയിരുന്നു.
70 കളിൽ “അഷ്ടവക്രൻ” എന്ന ചിത്രത്തിലൂടേ സിനിമാജീവിതം ആരംഭിക്കുന്നു, തുടക്കം വില്ലൻ വേഷങ്ങളിലൂടെ.
കുറച്ചുകാലം തമിഴിൽ സംവിധായകനും തിരക്കഥാകൃത്തുമായി. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്കിൻ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു. കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. തന്റെ മാനറിസങ്ങൾ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ തീർത്തെറ്റുത്തു, ആ ചിത്രത്തിലൂടെ ഹനീഫ. അതുപോലെ തന്നെ പഞ്ചാബി ഹൌസിലെ ബോട്ടു മുതലാളിയും, മാന്നാർ മത്തായി സ്പീക്കിംഗിലെ എൽദോയും പുലിവാൽ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിൻ ഹനീഫയുടെ കയ്യൊപ്പുവീണ കഥാപാത്രങ്ങളാണ്.
ലോഹിതദാസിന്റെ തിരക്കഥകളിൽ കൊച്ചിൻ ഹനീഫയ്ക്ക് ഒരു പാട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ലഭിച്ചിരുന്നു അക്കാലത്ത്. ഒരു ഇടവേളയ്ക്കുശേഷം കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത “വാത്സല്യ”ത്തിന്റെ തിരക്കഥയും ലോഹിതദാസിന്റേതായിരുന്നു. ആ ചിത്രം മലയാളത്തിലെ ഒരു വലിയ ഫാമിലി ഹിറ്റും ആയിരുന്നു.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭ്ആഷകളിലായി 300ൽ അധികം സിനിമകളിൽ ഹനീഫ അഭിനയിച്ചു. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ 2001 ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡിനു ഹനീഫ അർഹനായി.
മഹാനദി, അന്യൻ, മദിരാശിപ്പട്ടണം, മുതൽവൻ, യന്തിരൻ, എന്നിങ്ങനെ ഓട്ടേറേ തമിഴ് സിനിമകളിൽ അഭിനയിച്ചു. തമിഴിൽ കൊച്ചിൻ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വി എം സി ഹനീഫ’ എന്നായിരുന്നു.
മലയാളത്തിൽ 7ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തമിഴിൽ 6 ഉം. മലയാളത്തിലും തമിഴിലുമായി എട്ടോളം തിരക്കഥകൾ ഹനീഫ എഴുതിയിട്ടുണ്ട്.
2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർന്ന് അന്തരിച്ചു.
ഭാര്യ : ഹാസില
മക്കൾ : സഫ, മർവ്വ.
Profile photo drawing by : നന്ദൻ
- 4031 views