രതീഷ് വേഗ

Submitted by Kiranz on Mon, 09/20/2010 - 00:22
Name in English
Ratheesh Vegha-Music Director-Music Programmer

സംഗീതസംവിധായകൻ രതീഷ് വേഗയുടെ ചിത്രംജിംഗിൾസിൽത്തുടങ്ങി ചലച്ചിത്രസംഗീതപാതയിൽ വിജയം വരിച്ച സംഗീത സംവിധായകനാണ് രതീഷ് മേനോൻ എന്ന രതീഷ് വേഗ.കല്യാൺ സിൽക്സ്,ജോസ്കോ,എംസി ആർ മുണ്ടുകൾ,ജോയ് ആലൂക്കാസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ മനോഹരങ്ങളായ പരസ്യ ജിംഗിളുകൾക്ക് പിന്നിൽ രതീഷിന്റെ കരങ്ങളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിലെ ബിരുദപഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിംഗും പഠിച്ചു.കർണ്ണാടക സംഗീതത്തിൽ വോക്കലിസ്റ്റായി മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തൃശ്ശൂർ ആർ വൈദ്യനാഥ ഭാഗവതരിൽ നിന്നും കർണ്ണാടക സംഗീത പാഠങ്ങൾ തുടർന്ന് പഠിക്കുന്നു.

രണ്ട് വർഷത്തോളം ഏഷ്യാനെറ്റിൽ നടത്തിയ സംഗീത ഷോ രതീഷിന് പ്രൊഫഷണൽ സംഗീതത്തിലെ പല പുത്തൻ പരിചയങ്ങൾക്കും അത് വഴി ചലച്ചിത്ര സംഗീതം പിറവിയെടുക്കുന്ന എല്ലാ മേഖലകളെയും വിശദമായി മനസിലാക്കാനും സാധിച്ചു. പ്രമുഖ കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനെ ഈ അവസരത്തിൽ പരിചയപ്പെട്ടത് സംഗീതസംവിധാനത്തിലേക്ക് തിരിയാൻ രതീഷിനെ പ്രേരിപ്പിക്കുകയായിരുന്നു.തുടക്കത്തിൽ ജിംഗിളുകൾക്കൊപ്പം സംഗീത ആൽബങ്ങളും ഈണമിട്ട് പുറത്തിറക്കി. വ്യത്യസ്തമായി ചെയ്ത അയ്യപ്പഭക്തിഗാനം ആൽബവും “കഫെ ലൗ” എന്ന ആൽബവും ഏറെ ഹിറ്റായതോടെ രതീഷിന് ചലച്ചിത്രഗാനരംഗത്തേക്കുള്ള വഴി തെളിഞ്ഞു. കഫേ ലൗ എന്ന ആൽബം ശ്രദ്ധിച്ച ചലച്ചിത്ര നിർമ്മാതാവ് മിലൻ ജലീൽ ആണ് തന്റെ ചിത്രമായ “കോക്ക്ടെയിൽ”ലെ ഗാനങ്ങൾ ഈണമിടാൻ രതീഷിനെ ക്ഷണിക്കുന്നത്. വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച കോക്ക്ടെയ്ലിലെ “നീയാം തണലിന്” എന്ന ഗാനവും മറ്റ് ഗാനങ്ങളും ടോപ്പ് ചാർട്ടിൽ ഇടം നേടിയതോടെ മിലന്റെ തന്നെ അടുത്ത ചിത്രമായ “എഗൈൻ കാസർഗോഡ് കാദർഭായി”യിലേക്കും സംഗീതം ചെയ്യാൻ രതീഷിന് അവസരം ലഭിച്ചു. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയതോടെ രതീഷ് വേഗ ഏറെ ശ്രദ്ധേയനായി മാറി.2012ൽ പുറത്തിറങ്ങുമെന്ന് കരുതുന്ന മമ്മൂട്ടിച്ചിത്രമായ "കള്ളക്കാമുക"ന്റെ സംഗീതവും രതീഷ് വേഗയാണ് നിർവ്വഹിക്കുന്നത്.

അവലംബം : ഹിന്ദു ആർട്ടിക്കിൾ