ഏതോ ജലശംഖിൽ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു
മരുഭൂവിൽ മഴനീർത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിര തൂകും നെടുവീർപ്പിൻ
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റിൽ ഏകയായ്‌
പോയ്‌ മറഞ്ഞുവോ സൗരഭം
ഏറെ നേർത്തൊരീ തെന്നലിൽ
ഉൾക്കനൽ പൂക്കൾ നീറിയൊ
ഏകാന്തമാമടരുകളിൽ
നീർച്ചാലു പോൽ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയിൽ
നിന്നുള്ളിലെ വെയിൽ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ
ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു

ശ്യാമരാവിന്റെ കൈകളായ്‌
പേലവങ്ങളീ ചില്ലകൾ
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ്‌ സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ്‌ നീ വീഴുമോ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു