കന്യാകുമാരിക്കടപ്പുറത്ത്
സന്ധ്യമയങ്ങും കടപ്പുറത്ത് ഒരു
സ്വർണ്ണമഞ്ചൽ താണു പറന്നുപോൽ
അതിലിന്ദ്രജാലക്കാരൻ വന്നുപോൽ
എന്നാണമ്മേ എന്നാണു-
പണ്ട് പണ്ട് പണ്ട്
കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ
കൈ മയില്പീലിയുഴിഞ്ഞപ്പോൾ
കടലൊരു കണ്ണാടിപ്പലകയായി
കാർത്തിക താരവിളക്കായി
ഒരു കാഞ്ചനശ്രീകോവിലുണ്ടായി
ഹായ് ഹായ് നല്ല കഥ !
ബാക്കി കൂടി പറയൂ അമ്മേ
ഒന്നാക്കൈവിരലുയർന്നപ്പോൾ
അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ
അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ
ആവണിപ്പലകയിട്ടവനിരുന്നൂ - ചുറ്റും
ആരാധികമാർ തൊഴുതു നിന്നൂ
നല്ല രസം അല്ലേ - പിന്നീടെന്തായി -
അന്നത്തെ രാത്രി കഴിഞ്ഞപ്പോൾ - ഭൂമി
കണ്ണും തിരുമ്മിയുണർന്നപ്പോൾ
അവനില്ലവൻ വന്ന മഞ്ചലില്ലാ
ആ കഥ കടംകഥയായിരുന്നൂ
വന്നതമ്പിളിയമ്മാവനായിരുന്നൂ
എവിടെപോയമ്മേ അമ്പിളിയമ്മാവൻ
കടലിനക്കരെ !
കന്യാകുമാരിക്കടപ്പുറത്ത്
സന്ധ്യമയങ്ങും കടപ്പുറത്ത് ഒരു
സ്വർണ്ണമഞ്ചൽ താണു പറന്നുപോൽ
അതിലിന്ദ്രജാലക്കാരൻ വന്നുപോൽ