പല്ലനയാറിൻ തീരത്തിൽ

പല്ലനയാറിൻ തീരത്തിൽ
പത്മപരാഗകുടീരത്തിൽ
വിളക്കു വെയ്ക്കും യുവകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളേ - മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ - മാറ്റുവിൻ - മാറ്റുവിൻ
(പല്ലന...)

കാവ്യകലയുടെ കമലപൊയ്കകൾ
കണികണ്ടുണരും കവികൾ
അനുഭൂതികളുടെ ഗോപസ്ത്രീകളെ
ഒളിക്കണ്ണെറിയുകയായിരുന്നൂ
പുരികക്കൊടിയാലവരുടെ മാറിൽ
പൂവമ്പെയ്യുകയായിരുന്നൂ
അവരുടെ കൈയ്യിലെ മധുകുംഭത്തിലെ
അമൃതു കുടിക്കുകയായിരുന്നു
മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ 
മാറ്റുവിൻ - മാറ്റുവിൻ 
(പല്ലന...)

പൂർവ്വദിങ്ങ് മുഖമൊന്നു ചുവന്നൂ
പുതിയ മനുഷ്യനുണർന്നൂ
പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുൾക്കൊണ്ടു
ഖനികൾ ജീവിത ഖനികൾ തേടും
കലയുടെ സങ്കരവീഥികളിൽ
വീണ പൂക്കളെ വീണ്ടുമുണർത്തിയ
ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ 
മാറ്റുവിൻ - മാറ്റുവിൻ 
(പല്ലന...)