മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു

മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു 
മാപ്പു തരൂ, മാപ്പു തരൂ
മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു 
മാപ്പു തരൂ, മാപ്പു തരൂ

ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും 
ഇന്നു ഞങ്ങളെ കൈവെടിഞ്ഞൂ
നിറഞ്ഞ നിർവ്വികാരാന്ധകാരങ്ങളിൽ
നിശ്ശബ്ദമോഹങ്ങളലിഞ്ഞു - ഞങ്ങൾതൻ
നിശ്ശബ്ദമോഹങ്ങളലിഞ്ഞു 
മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു 
മാപ്പു തരൂ മാപ്പു തരൂ

കവികൾക്കു വസന്തങ്ങളായിരുന്നു ഞങ്ങൾ 
കാമുകർക്കു ദേവതകളായിരുന്നു 
മാറിൽ പടർത്തി മടിയിൽ കിടത്തി 
മുഖസ്തുതികൊണ്ടവർ മയക്കി
വിശന്നപ്പോൾ - ഞങ്ങളുണർന്നപ്പോൾ 
വിൽപനവസ്തുക്കളായി -തെരുവിലെ 
വിൽപന വസ്തുക്കളായി

പൊയ്മുഖം വച്ചുകൊണ്ടീവഴിത്താരയിൽ 
നിങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞു 
മനുഷ്യപുത്രനെത്തേടി വന്നെത്തിയ 
മഗ്ദലന മറിയങ്ങൾ ഞങ്ങൾ - ഇന്നത്തെ 
മഗ്ദലനമറിയങ്ങൾ ഞങ്ങൾ
മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു 
മാപ്പു തരൂ മാപ്പു തരൂ