പ്രാണനാഥനെനിക്കു നൽകിയ

പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....

അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍ കര-
പങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്ന് കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിതപുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പലവേല തുടര്‍ന്നും
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....

ഉത്താനശായി കാന്തന്‍ വിസ്താരമാര്‍ന്ന മാറില്‍
ഇഷ്ടാനന്ദത്തോടണച്ചെന്നെ
ചുംബനാദികള്‍ തത്താദൃശങ്ങള്‍ ചെയ്തു പിന്നെ
എന്റെ മന്മഥ പത്തനാംബുജമാശു കണ്ടതി
ചിത്തകൗതുകമോടു മല്‍പതി
മത്തമദ ഭ്രമരത്തോട് മമത വഹിച്ചും
മധുവുണ്ടു രസിച്ചും
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....

കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം
തുടങ്ങി ഞാനും മാന്താര്‍ശരക്കടലില്‍ പാരം
തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
നിതാന്തമങ്ങിനെ കാന്തകൃതം
സുരതാണ്ഡമഹോത്സവഘോഷം
പുനരെത്ര വിശേഷം
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
പ്രാണനാഥന്‍....