ശൃംഗാരരൂപിണീ ശ്രീപാർവതീ

ശൃംഗാരരൂപിണീ ശ്രീപാര്‍വതീ
സഖിമാരുമൊരുമിച്ചു പള്ളിനീരാട്ടിനു
ധനുമാസപൊയ്കയിലിറങ്ങീ - ഒരുനാള്‍
ധനുമാസപൊയ്കയില്‍ ഇറങ്ങീ
(ശൃംഗാരരൂപിണീ...)

ഗോരോചനക്കുറി മാഞ്ഞൂ മുടിയഴിഞ്ഞൂ
തിരുമാറിലെ ഉത്തരീയത്തുകിൽ നനഞ്ഞു
ആലിലയരഞ്ഞാണമണി കിലുങ്ങീ വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞു നിര്‍ത്തീ
(ശൃംഗാരരൂപിണീ...)

ശൈലേന്ദ്രപുത്രിയെ കാണാന്‍ പാട്ടു കേള്‍ക്കാന്‍
അന്നു ശ്രീപരമേശ്വരനൊളിച്ചു നിന്നൂ
ചന്ദ്രക്കല പതിച്ച മുടി കണ്ടൂ തിരുമിഴി കണ്ടൂ
ദേവി പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ
(ശൃംഗാരരൂപിണീ...)

ഓരോരോ സഖിമാരകന്നൂ മുഖം കുനിച്ചൂ
ദേവി കാറണിക്കൂന്തല്‍ കൊണ്ട് മാര്‍മറച്ചൂ
ആയിരമാശ്ലേഷ ലത പടര്‍ന്നൂ മലര്‍ വിടര്‍ന്നൂ
തിരുവാതിര നക്ഷത്രമുദിച്ചുയുര്‍ന്നൂ
(ശൃംഗാരരൂപിണീ...)