മാതളപ്പൂങ്കാവിലിന്നലെ

മാതളപ്പൂങ്കാവിലിന്നലെ
മലര്‍ നുള്ളാന്‍ ചെന്നു ഞാന്‍ (2)
ചൂടാനൊരു പൂചോദിച്ചവനോടി വന്നു-
പിറകേ അവനോടിവന്നൂ (മാതള)

പൂവിറുത്തുകൊടുത്തനേരമെന്‍
പൂങ്കവിളിന്മേല്‍ നുള്ളി (2)
മനസ്സിന്‍ കടവിലെ മറ്റാരും കാണാത്ത
മറ്റൊരു പൂ ചോദിച്ചു (2)
കൊടുത്താലെന്താണവനതു
കിള്ളിക്കളയുകയില്ലല്ലോ (മാതള)

കണ്മുനയാലേ മേലാസകലം
വെണ്മണിശ്ലോകങ്ങളെഴുതി
ആരുമാരും കാണാതെവനെന്നെ കൈയ്യില്‍
വാരിക്കോരിയെടുത്തു
എടുത്താലെന്താണവനെന്നെ
എറിഞ്ഞുടയ്ക്കുകയില്ലല്ലോ (മാതള)

പ്രാണനാഥനെനിയ്ക്കു നല്‍കിയ
പരമാനന്ദത്തില്‍ മുഴുകി (2)
പുളകപ്പൂങ്കാവിലെ മറ്റാരും നുള്ളാത്ത
പുതിയൊരു പൂ ചൂടിച്ചു
പുതിയൊരു പൂ ചൂടിച്ചു (മാതള)