ദേവദാസിയല്ല ഞാൻ

ദേവദാസിയല്ല ഞാൻ
ദേവയാനിയല്ല ഞാൻ
ആയിരത്തിലായിരത്തിലൊ-
രാരാധികയാണു ഞാൻ (ദേവദാസി..)
 
പൂത്ത മരച്ചില്ലകൾ തോറും
പുതിയ പുതിയ കൂടു കൂട്ടി
കൂട്ടുകാരെ പാടി മയക്കും
കുയിലാണു ഞാൻ - പാടും
കുയിലാണു ഞാൻ (ദേവദാസി..)
 
മുത്തുമുലക്കച്ചകൾ കെട്ടി
രാത്രി രാത്രി നൃത്തമാടി
കൂടു വിട്ടു കൂടു പായും
കുളിരാണു ഞാൻ - ഓമൽ
കുളിരാണു ഞാൻ (ദേവദാസി..)
 
കാമുകന്റെ മാറിടമാകെ
കൈകൾ കൊണ്ടു കവിതയെഴുതി
കണ്ണുപൊത്തി മുത്തുകൾ വാരും
കലയാണു ഞാൻ - കാമ
കലയാണു ഞാൻ (ദേവദാസി..)