ശരത്കാലയാമിനി സുമംഗലിയായി

ശരല്‍ക്കാലയാമിനി സുമംഗലിയായ്
ശരപ്പൊളിമാലചാര്‍ത്തി -ശയ്യയില്‍ പൂക്കള്‍തൂകി
ശരറാന്തല്‍ വിളക്കിലെ തിരിതാഴ്ത്തി - അവള്‍
തിരിതാഴ്ത്തി
(ശരല്‍ക്കാല..)

നിറഞ്ഞയൌവ്വനത്തിന്റെ - നിധികുംഭങ്ങളുമായി
നിലാവിന്റെ ജനലുകളടച്ചൂ -  അവളടച്ചു
ആയിരം വികാരങ്ങൾ അചുംബിതവികാരങ്ങള്‍
അധരമുദ്രകള്‍ ചൂടിവിടര്‍ന്നൂ - മാറില്‍ പടര്‍ന്നൂ
ഞാനും യാമിനിയുമൊരുപോലെ 
ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ - ആ.....
(ശരല്‍ക്കാല..)

മനസ്സില്‍ മാരനുനല്‍കാന്‍- മദപുഷ്പങ്ങളുമായി
മകരന്ദചഷകങ്ങള്‍ നിറച്ചൂ - അവള്‍ നിറച്ചു
ഭൂമിയുമാകാശവും അവയുടെ കിനാക്കളും
പുരുഷസ്പര്‍ശനമേറ്റു തരിച്ചു -കോരിത്തരിച്ചു
ഞാനും യാമിനിയുമൊരുപോലെ 
ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ - ആ.....
(ശരല്‍ക്കാല..)