മ്യാവൂ മ്യാവൂ
കുറിഞ്ഞിപ്പൂച്ചക്കൊരച്ചപ്പം കിട്ടീ പണ്ട്
നെയ്യപ്പം കിട്ടീ പണ്ട്
അവളുടെ പിറകേ കാടൻ പൂച്ചയുമവകാശം
പറഞ്ഞെത്തീ
മുറുമുറുത്ത് കടിപിടിയായീ
മുറുകീ തങ്ങളിൽ യുദ്ധം
സമരം സമരസമാക്കാൻ കാട്ടിലെ
കുരങ്ങൻ തക്കത്തിനെത്തീ
പപ്പാതിയപ്പം പകുത്തു തരാമെന്ന്
വിരുതൻ വാനരനേറ്റു
കുരങ്ങനെയപ്പം ഏല്പിച്ചു പൂച്ചകൾ
നീതിക്കായി കാത്തു
രണ്ടായപ്പം മുറിച്ചു കുരങ്ങൻ
കൈകൾ രണ്ടിലും വെച്ചു
ഒരു പങ്കു വലുത് മറുപങ്ക് ചെറുത്
പൂച്ചകളന്തം വിട്ടു
ഉള്ളിൽ ചിരിയുമൊതുക്കീട്ടങ്ങനെ
കള്ളക്കുരങ്ങൻ നിന്നൂ
വാനരനോടവർ തീർത്തു പരഞ്ഞൂ
നേർപാതിയാക്കണമപ്പം
സൂത്രക്കാരൻ മർക്കടനപ്പോൾ
പുതിയൊരുപായമേടുത്തൂ
വലിയതു കടിച്ചൂ വലിപ്പം കുറച്ചൂ
ചെറിയതിപ്പോൾ വലുതായീ
തിരിച്ചും മറിച്ചും കടികൾ തുടർന്നൂ
അപ്പം അപ്പടി പൂജ്യം
കുറഞ്ഞു കുറഞ്ഞിട്ടമ്പിളിയപ്പം
കറുത്ത വാവായ് തീർന്നു
വാലും തലയും താഴ്ത്തിക്കൊണ്ടേ
പാവം പൂച്ചകൾ പോയി
പള്ളയും വീർപ്പിച്ച് കള്ളക്കുരങ്ങൻ
തുള്ളിതുള്ളിച്ചാടീ !!!