അമ്മ അരിവാൾ അടിമത്തം

 

അമ്മ അരിവാൾ അടിമത്തം
അ..അ..അ...
ഇമ്പം ഇടവം..ഇടിമിന്നൽ
ഇ...ഇ...ഇ..
ഉപ്പ് ഉടമ ഉടമസ്ഥൻ
ഉ... ഉ.... ഉ....
ഒന്ന് ഒന്ന് ഒത്തൊരുമ
ഒ..ഒ..ഒ..

അമ്മ അരിവാൾ അടിമത്തം
ഇമ്പം ഇടവം ഇടിമിന്നൽ
ഉപ്പ് ഉടമ ഉടമസ്ഥൻ
ഒന്ന് ഒന്ന് ഒത്തൊരുമ

ക കറ്റ കന്നിവയൽ
ച ചങ്ങല ചമ്മട്ടി
ത തമ്പ്രാൻ തന്നാട്ടം
പ പ്ട്ടിണി പാവങ്ങൾ
അങ്ങിനെയങ്ങനെ ഒന്നൊന്നായ്
എല്ലാം നമ്മൾ പഠിക്കേണം
പഠിക്കാലോ പഠിക്കാം പഠിക്കാം

കാർമേഘങ്ങൾ നിരക്കുമ്പോൾ
ഇടവപ്പാതി ചുരത്തുന്നു
പണിയാളന്മാർ പാടത്തിറങ്ങി
ഉഴുതു മറിച്ചി നിരത്തുന്നു

ചിരുത തിരുത ചെറുതേയി
ഞാറു നടുന്നവർ പാടുന്നു
ഞാറ്റുവേലകൾ കഴിയുന്നു
കതിരു വിടർന്നു വിളയുന്നു

അരിവാളുകൾ കൊയ്തു കൂട്ടുന്നു
ചെറുമൻ ചെറുമി മെതിയ്ക്കുന്നു
മേലാളർ നെന്മണി മുത്തുകളൊക്കെ
അറയിൽ കൊണ്ടു നിറയ്ക്കുന്നു

പണിയാളർ പശിയാലേ പൊരിയുന്നു
മേലാളരുണ്ടു സുഖിക്കുന്നു
പറ്റില്ലിനിയിതു പറ്റില്ല
മർദ്ദകർ ചൂഷകർ തുലയട്ടെ

അക്ഷരമഗ്നി കൊളുത്തട്ടെ
ഇരുളുകളെല്ലാമകലട്ടെ
ഈത്തിരി കൈകളിലേന്തി പുതിയൊരു
തലമുറ നാടു നയിക്കട്ടെ