രക്തസാക്ഷികൾ ഞങ്ങൾ

 

രക്തസാക്ഷികൾ ഞങ്ങൾ നാട്ടിൻ
രക്തസാക്ഷികൾ ഞങ്ങൾ
ഞംങ്ങൾക്കൊരേ മതം ഒരേ സ്വരം
ഒരേ വികാരത്തിലൊരു ചോദ്യം
പൂവൊന്നും പൊഴിയാത്ത പൂച്ചെണ്ടെവിടെ
ഇഴയൊന്നും പോകാത്ത കൊടിയെവിടെ
ചെങ്കൊടിയെവിടെ


ചരിത്രം തിരുത്തിക്കുറിക്കാൻ
പുതിയൊരു ലോകം രചിക്കുവാൻ
ചുവപ്പുമഷിയായ് ചോര കൊടുത്തോർ
പൊരുതി മരിച്ചോർ ഞങ്ങൾ
ഞങ്ങളുടെ രക്തവർണ്ണ സ്വപ്ന ചക്രവാളത്തിൽ
അന്ധകാരക്കറ പുരണ്ടതെങ്ങനെ
എങ്ങനെ എങ്ങനെ

മനുഷ്യനൊരജ്ജയ്യ ശക്തിയാകുവാൻ
യുഗസാരഥിയായ് ജയിക്കുവാൻ
ഒരൊറ്റ വഴിയിൽ യാത്ര തിരിച്ചവർ
വഴി കാണൊച്ചോർ ഞങ്ങൾ
ഞങ്ങളുടെ ജൈത്രയാത്രാപഥങ്ങളിൽ
തിരിഞ്ഞതും പിരിഞ്ഞതും
എങ്ങനെ എങ്ങനെ


വരുന്ന നവയുഗ തലമുറകൾ
വളരും നാടിൻ പ്രതീക്ഷകൾ
അവരുടെ മുന്നിൽ ഒരു വാക്കോതാൻ
തിരിച്ചു വന്നവർ ഞങ്ങൾ നമ്മുടെ
കൊടിയുടെ കുങ്കുമവർണ്ണം
മങ്ങാതെ മായാതെ സൂക്ഷിക്കൂ
സൂക്ഷിക്കൂ സൂക്ഷിക്കൂ സൂക്ഷിക്കൂ