പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ

പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും
പൊട്ടിക്കരയേണ്ട ജന്മമല്ലേ
നീയൊരു പെണ്ണായ് പിറന്നില്ലേ  -ഇനി
മയ്യത്താകും വരെ കരയേണ്ടേ 
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ
ചെല്ലമേ വിധിയെനിക്കില്ലല്ലോ
കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ-
പട്ടിളം കാലിൽ നീ അണിയേണ്ടേ  
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ 
മുട്ടുകൾ കുത്തി നടന്നാട്ടേ
മുത്തേ നീയെന്നെന്നും അല്ലാഹുവെ
നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ 

പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ
പിച്ച നടന്നു നീ വീണാട്ടേ
നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻകുഴിയിൽ
കാലുകൾ തെറ്റി നീ വീഴേണ്ടേ
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും
പൊട്ടിക്കരയേണ്ട ജന്മമല്ലേ
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ