എങ്കിലോ പണ്ടൊരു കാലം

എങ്കിലോ പണ്ടൊരു കാലം
മംഗലാംഗൻ രാമദേവൻ
പതിനാലാണ്ടു കാട്ടിൽ പാർക്കാൻ
വ്രതമെടുത്തു പോകും നേരം
ഗുണവതിയാം സീതാദേവി
കണവൻ തന്റെ കൂടെ ചെന്നാൻ
പോരേണ്ടാ നീ ചാരുശീലേ
ഘോരാരണ്യ വാസം ചെയ്യാൻ

മുള്ളും കല്ലും മൂർഖൻ പാമ്പും
കൊല്ലാൻ നോക്കും മൃഗരാശിയും
പ്രാണനാഥേ കാട്ടിലുണ്ടേ
പാർക്കുക നീ നാട്ടിൽത്തന്നേ
എന്നു രാമൻ ചൊന്നനേരം
കണ്ണീരോടേ ചൊല്ലി സീത

നാടെനിയ്ക്കു നരകമല്ലോ
നാഥനെന്നെ വിട്ടു പോയാൽ
കാടെനിയ്ക്കു സ്വർഗ്ഗലോകം
കാന്തനെന്നെ കൊണ്ടു പോയാൽ
(എങ്കിലോ... )