വാകച്ചാർത്തു കഴിഞ്ഞൊരു

വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 
കണികാണണം കണ്ണാ കണികാണണം 
കമനീയമുഖപത്മം കണികാണണം
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 

മഞ്ഞപ്പട്ടാട ചാർത്തി മണിവേണു കൈയിലേന്തി
അഞ്‌ജനക്കണ്ണനുണ്ണി ഓടിവായോ 
നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലെ കെട്ടി
നീലക്കാർവർണ്ണനുണ്ണി ഓടി വായോ 
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 

കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി
കാലികൾ മേയ്ക്കുമുണ്ണീ ഓടിവായോ 
ദുരിതത്തിൽ വീണ്ടുമെന്നെ സുകൃതത്തിൻ ദിനം കാട്ടാൻ 
മുരഹരമുകുന്ദാ നീ ഓടി വായോ

വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 
കണികാണണം കണ്ണാ കണികാണണം 
കമനീയമുഖപത്മം കണികാണണം